സ്വപ്നം
എന്റെ കയ്യിലിരുന്ന നാണയത്തിന്റെ
ഒരുവശംനിറയെ ആകാശക്കാഴ്ചകള്‍…
അമ്പിളിമാമ്മനിലെ നീന്തല്‍ക്കുളങ്ങളും
മംഗളയാനം പകര്‍ത്തിയ
മെട്രോവണ്ടികളുടെ വര്‍ണ്ണചിത്രങ്ങളും
വീണ്ടും വീണ്ടും കണക്കുകൂട്ടുന്ന
പരാപരം ഗണിതയന്ത്രങ്ങളും…
സുഷുപ്തി
ആ നാണയത്തിന്റെ മറുവശത്ത്
ഒട്ടിയവയറുകളുമായി ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകുന്നവരുടെയും
നടന്നുനടന്ന്
വിണ്ടുകീറിയ കുഞ്ഞുപാദങ്ങളുടേയും
കല്‍ക്കരി തൊണ്ടയില്‍ക്കുടുങ്ങി
ചത്തുകിടക്കുന്ന തീവണ്ടികളുടേയും
നിറമില്ലാത്ത ചിത്രങ്ങള്‍!
ഞാന്‍ കണ്ണടച്ചുതന്നെ കിടന്നു….
ജാഗ്രത്ത്
സ്വപ്നത്തിലും സുഷുപ്തിയിലും
തൃപ്തിവരാതെ ഞാനുണര്‍ന്നിരുന്നു…
ആരുമെടുക്കാത്ത,
ക്ലാവുപിടിച്ച പഴയയൊരു നാണയത്തിലെ ചിത്രം ഞാനോര്‍ത്തു…
വട്ടക്കണ്ണട ധരിച്ച്
വടിയുമൂന്നി വേഗത്തില്‍ കടപ്പുറത്തേക്ക് നടക്കുന്നൊരാള്…
പിന്നാലെ,
വിയര്പ്പിന്റെയുപ്പുപൊടിയുന്ന ദേഹവുമായ്
അനേകമാളുകള്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: