ജീവിതം പഴയതുപോലല്ല. മുന്നില്‍ പരന്ന് കിടക്കുന്ന ദൂരത്തെ നോക്കുമ്പോള്‍ മനസ്സ് പിടയുകയാണ്. കൂട്ടിയും കിഴിച്ചും മനസ്സ് അസ്വസ്ഥമായപ്പോള്‍ അരവിന്ദന് ജനല്‍ പാതി തുറന്ന് പുറത്തേക്ക് നോക്കി. വെയില് പാളികള്‍ മുഖത്തേക്ക് തറച്ചുനിന്നപ്പോള് കൈവിരലുകള്‍ കൊണ്ട് അതിനെ മറയ്ക്കാന്‍ ശ്രമിച്ചു. നിറം മങ്ങിയ വെളുത്ത പൂവ് വെയിലില്‍ വാടി നിലത്തേക്ക് വീഴുന്നത് നിര്‍വ്വികാരതയോടെ നോക്കി നിന്നു.
എല്ലാം ശരിയാവുമെടോ…
ജീവിതത്തിലകപ്പെട്ട പ്രതിസന്ധി കുത്തും കോമയുമില്ലാതെ പറഞ്ഞു തീര്‍ത്തപ്പോള്‍ മോഹനന് മാഷ് തോളില്‍ തട്ടി ആശ്വസിപ്പിക്കുകയാണ് ചെയ്തത്.
എങ്ങനെ എന്ന ചോദ്യം വരണ്ട തൊണ്ടയില്‍ ചിതറി വീണു. അപ്പോഴേക്കും മാഷ് മറു ചോദ്യം മുഖത്തേക്കെറിഞ്ഞിരുന്നു.
നീ വിനീതിനെ കണ്ടോ…
ഇല്ല എന്ന ഉത്തരത്തെ മാഷ് രൂക്ഷമായി നോക്കി.
കാണണം നാളെ തന്നെ…
ഒരു താക്കീതുപോലെ സ്വരം കടുപ്പിച്ചു പിന്നെ പുഞ്ചിരിയോടെ തോളില്‍ തട്ടി മാഷ് തേടിയെത്തിയ വിളിയെ ചിരിച്ചു കൊണ്ടെതിരേറ്റ് മൊബൈല്‍ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിച്ച് നടന്നു
ഒരു നിശ്വാസത്തോടെ അരവിന്ദന് മാഷിനെ തന്നെ നോക്കി നിന്നു. എട്ടാം ക്ലാസിലെ ക്ലാസ് ടീച്ചറായിരുന്ന കാലം മുതല്‍ സംശയങ്ങളുമായി കൂടെ കൂടിയതാണ്. ഇപ്പോഴും ജീവിതത്തില്‍ കുഴക്കുന്ന സാഹചര്യങ്ങളുണ്ടാകുമ്പോള്‍ തേടിയെത്തുന്നത് മാഷിനെ തന്നെ.
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടുവിന് കണക്കു വേണോ കെമിസ്ട്രി വേണോ എന്ന ചോദ്യം തുറിച്ച് നോക്കിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല.
പുരയിടത്തിന്റെ കിഴക്കേ മൂലയില്‍ തഴച്ചുവളര്‍ന്നു കിടക്കുന്ന ഏത്ത വാഴത്തോട്ടത്തില്‍ നിന്ന് നെറ്റിയിലെ വിയര്‍പ്പു തുള്ളികളെ കൈവിരല്‍ കൊണ്ട് തുടച്ചെടുത്ത് മാഷ് പറഞ്ഞു.
നിനക്ക് കണക്ക് മതിയെടാ…
കണക്കിനോട് കെട്ടിമറിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി കടല്‍ കടക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം യാത്ര പറയാനെത്തിയതും മാഷിന് മുന്നില്‍ തന്നെ. ദുബായിലെ പതിനൊന്ന് വര്‍ഷത്തെ പ്രവാസ ജീവിതം ഇപ്പോള്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്… മറ്റു പലരേയും പോലെ. കമ്പനി അടച്ചിട്ട് മാസങ്ങളായി ലാഭത്തിന്റെ കണക്കിലേക്ക് ഇനി എന്നെത്തുമെന്ന് ഒരുറപ്പുമില്ല. എംഡിയുടെ മെയില്‍ അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതുമാണ്.
ഒരു തിരിച്ചു വരവ് എല്ലാ അര്‍ത്ഥത്തിലും അര്‍ദ്ധ ശങ്കയിലാണ്. അതുകൊണ്ടു തന്നെ സ്വപ്നങ്ങളെ പാതി വഴിയിലിട്ട് പറന്നുയരുമ്പോള്‍ മുന്നിലുള്ള ദൂരം തന്നെയായിരുന്നു മനസ്സ് നിറയെ.
ഹലോ… വിനീത്… ഞാനാ അരവിന്ദ്…
ഒരേ ക്ലാസില്‍ മൂന്ന് വര്‍ഷം ഒന്നിച്ച് പഠിച്ചവനാണ്. വര്‍ഷങ്ങളായി കണ്ടിട്ട്; എന്തിന് ഒന്നു വിളിക്കുക പോലും ചെയ്തിട്ട്. അതിന്റെ വല്ലായ്മ വാക്കുകളില്‍ പുരണ്ടിരുന്നു
ഹായ് അരവിന്ദന്… മാഷ് പറഞ്ഞിരുന്നു
വിശേഷങ്ങള്‍ ഒരുപാട് പങ്കുവയ്ക്കാനുണ്ടായിരുന്നു. ഓര്‍മകള്‍ക്ക് ചിറകുകള് വയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സമയം പോയതുമറിഞ്ഞില്ല.
ശരി നാളെ കാണാം…
കണ്ടുമുട്ടലിന്റെ സമയവും നിശ്ചയിച്ച് ഫോണ്‍ കട്ട് ചെയ്തപ്പോള്‍ അരവിന്ദന്റെ മനസ്സ് നിറയെ വിനീതായിരുന്നു. പുസ്തക സഞ്ചിയും തൂക്കി സദാ സമയവും പുഞ്ചിരിച്ച് കൊണ്ടുവരുന്ന ചുരുളന്‍ മുടിയുള്ള മെലിഞ്ഞ് നീണ്ട പയ്യന് കണ്മുന്നില്. ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് മിക്ക സമയങ്ങളിലും വായനയും പഠനവുമായി കഴിഞ്ഞ ക്ലാസിലെ പഠിപ്പിസ്റ്റ്. പുസ്തക പുഴുവെന്ന വിളിപ്പേര് സ്ഥാനത്തും അസ്ഥാനത്തും തേടിയെത്തുമ്പോഴും അവന് മനോഹരമായി പുഞ്ചിരിക്കുന്നുണ്ടാകും. കഥയും കവിതയും കുറിച്ചിട്ട് അവന് പെണ്‍കുട്ടികളുടെ ഇഷ്ടം നേടുമ്പോള്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.
എടാ വിനീതിന്റെ കാര്യമറിഞ്ഞോ…
അവധിക്കു നാട്ടിലെത്തിയ ഒരു സമയത്താണ് ഉണ്ണിയേട്ടന് ആ കഥ വിസ്തരിച്ചത്.
ഒരു ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അവനിപ്പോള്‍ ഓപ്പറേഷന് കഴിഞ്ഞ് കിടപ്പിലാണ്. കോളേജ് അധ്യാപകനാകാന്‍ ഏറെ കൊതിച്ച് ഒടുവില്‍ വീട്ടിലെ പ്രാരബ്ദങ്ങളില്‍ അതൊക്കെ ഉപേക്ഷിച്ചതാണ്. പ്രൈവറ്റ് കമ്പനിയിലെ മാര്‍ക്കറ്റിംഗ് സ്റ്റാഫായി ജീവിതം കരുപ്പിടിപ്പിച്ച് തുടങ്ങിയപ്പോഴാണ് അപകടം വില്ലനായെത്തിയത്.
ഒരുദിവസം ഒരുമിച്ച് അവന്റെ വീടുവരെ പോകാമെന്ന് തിരുമാനിച്ചതാണ്. പക്ഷേ പലതുകൊണ്ടും നടന്നില്ല.
ഇരുപത്തിരണ്ട് വര്‍ഷമായി നേരില്‍ കണ്ടിട്ട്. പത്താം ക്ലാസ് ബാച്ചിന്റെ വാട്സാപ് കൂട്ടായ്മയില്‍ അവന്റെയും കുടുംബത്തിന്റെയും ഫോട്ടോ കണ്ടിരുന്നു. വിവാഹ വാര്‍ഷികത്തിന്റെ ആശംസാ വാചകങ്ങള്‍ക്ക് മുകളിലായി ഗൂഗിള്‍ മാപ്പിനെ പിന്തുടര്ന്ന് കുന്നിന് ചെരുവുകളും വളവുകളും പിന്നിട്ട് കാറ് മുന്നോട്ടേക്ക് കുതിച്ചു. പച്ച പുതച്ച കാഴ്ചകള്‍ പിന്നിലേക്ക് മറയുമ്പോള്‍ പുതിയ ലോകത്തെത്തിയ പോലെ അരവിന്ദന് തോന്നി. ഒടുവില്‍ മരങ്ങള്‍ ഇടതിങ്ങിയ നാട്ടുപാത പിന്നിട്ട് സാമാന്യം വലിപ്പമുള്ള ഒരു വീടിന് മുന്നില്‍ കാറ് കിതച്ചു നിന്നു. തുറന്നിട്ട ഗേറ്റിലൂടെ കാര്‍പോര്‍ച്ചിലേക്ക് വണ്ടി ഒതുക്കി. സിറ്റൗട്ടിലെ വീല്‍ ചെയറില്‍ നിറഞ്ഞ പുഞ്ചിരിയുമായി വിനീത് കാത്തിരിപ്പുണ്ടായിരുന്നു.
ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല. അതിശയത്തോടെ അരവിന്ദന് മുന്നോട്ട് നടന്നു. ഇരു കൈകളും നീട്ടി വിനീത് അയാളെ സ്വീകരിച്ചു.
എത്തിച്ചേരാന്‍ ഒത്തിരി ബുദ്ധിമുട്ടി അല്ല …
അവന്റെ ചിരിയിലേക്ക് അയാള്‍ പിന്നേയും അതിശയത്തോടെ നോക്കി
എത്ര നാളായെടാ കണ്ടിട്ട്…
സോഫയിലേക്ക് വിരല്‍ ചൂണ്ടി അവന് വീണ്ടും ചിരിച്ചു.
ഒരു ചെറു പുഞ്ചിരിയോടെ അകത്തുനിന്നും ചായയുമായെത്തിയ ഭാര്യയെ വിനീത് പരിചയപ്പെടുത്തി.
ഇത് സുധ… ഡിഗ്രിക്ക് ഒന്നിച്ച് പഠിച്ചതാ… പിന്നെ കൂടെ കൂട്ടി
ഭാര്യയുടെ കൈകളിലേക്ക് വിരല്‍ കോര്‍ത്ത് വിനീത് പിന്നേയും ചിരിച്ചു.
സുധ വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. പഴയ കാര്യങ്ങള്‍ അവനും ഒരു പാട് പറയാനുണ്ടായിരുന്നു. നിങ്ങള്‍ സംസാരിച്ചിരിക്ക്… എന്ന ഔപചാരികതയോടെ സുധ അകത്തേക്ക് പോയി.
മാഷ് എന്നെക്കുറിച്ച് എന്തു പറഞ്ഞു…
അവന്റെ ചോദ്യത്തിന് മുന്നില്‍ ഒന്നു കുഴങ്ങി
പ്രത്യേകിച്ചൊന്നും പറഞ്ഞില്ല… ഒന്നു കാണണമെന്നു പറഞ്ഞു
തളര്‍ന്ന വലതു കാല് ഇടതു കൈകൊണ്ട് ഒതുക്കി വച്ച് അവന് മെല്ലെ പറഞ്ഞു തുടങ്ങി.
എന്റെ വിശേഷങ്ങള്‍ ഇതൊക്കെയാ… ഒരാക്സിഡന്റ് എല്ലാം തകര്‍ത്തു. അരയ്ക്ക് കീഴ്പ്പോട്ട് ചത്ത അവസ്ഥയാ…
എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ അരവിന്ദന് വാക്കുകള്‍ക്കായി പരതി.
പക്ഷേ തോല്ക്കാന് കഴിയില്ലല്ലോ… ജീവിക്കേണ്ടേ…
വിനീത് പിന്നേയും ചിരിച്ചു. പിന്നെ അകത്തേക്ക് നോക്കി സുധേയെന്ന് നീട്ടി വിളിച്ചു.
വീല്‍ ചെയറില്‍ ഭാര്യയ്ക്കൊപ്പം വിനീത് മുന്നേ നടന്നു. പുതിയ കാഴ്ചകളുടെ പിറകെ അരവിന്ദനും. വീടിന് പിന്നിലായി പരന്ന് കിടക്കുന്ന റബര്‍ തോട്ടത്തിനിടയില്‍ ജീവജാലങ്ങളുടെ ഒരു ലോകം. കോഴിയും കാടയും ഗിനിയും മത്സ്യങ്ങളുമായി ഒരു ഫാം ഹൗസ്. അത്ഭുതത്തോടെ കാഴ്ചകളിലൂടെ സഞ്ചരിക്കുകയായിരുന്നു അയാളപ്പോള്‍
അരവിന്ദാ… ഇതാണിപ്പോള്‍ ഞങ്ങളുടെ ലോകം…
വിരല്‍ ചൂണ്ടി വിനീത് പറഞ്ഞുതുടങ്ങി. പിന്നെ വിസ്തരിച്ചത് സുധയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേയാണ് ഇവിടെയെത്തിയത്.
കടം വാങ്ങിച്ചും ലോണെടുത്തും പത്ത് സെന്റിനകത്ത് ഒരു വീടു പണിതു. റബ്ബര്‍ തോട്ടം പാട്ടത്തിനെടുത്ത് ചെറിയ തോതില്‍ കൃഷിയുമാരംഭിച്ചു. ഇപ്പോള്‍ പത്തിലധികം ജോലിക്കാരുണ്ട്. അകത്തും പുറത്തുമായി ആവശ്യക്കാരും. രണ്ടേക്കര്‍ റബ്ബര്‍ തോട്ടം വില കൊടുത്ത് സ്വന്തമാക്കാനുമായി.
അവിശ്വസനീയതയോടെയാണ് അരവിന്ദന് എല്ലാം കേട്ടത്. പ്രണയവും അപകടവും എതിര്‍പ്പും അതിജീവനവുമെല്ലാം സുധ വിവരിച്ചപ്പോള്‍ ഒരു സിനിമാക്കഥ പോലെ അയാള്‍ക്ക് തോന്നി.
തോല്ക്കാന് കാരണങ്ങള്‍ പലതുണ്ടാകും… ജയിക്കാന്‍ ഇങ്ങനെ ഒന്നോ രണ്ടോ കാരണങ്ങളും…
മീനും ഇറച്ചിയും പച്ചക്കറികളുമായി വിഭവ സമൃദ്ധമായ ഉച്ചയൂണിനിടെ വിനീത് ഇതു പറഞ്ഞപ്പോള്‍ ആ കണ്ണുകളിലെ തിളക്കത്തിലേക്ക് ഉറ്റുനോക്കുകയായിരുന്നു അരവിന്ദന് സുധ വരച്ച പെയിന്റിങ്ങുകളും വിനീത് പരിചയപ്പെടുത്തി. ജീവിതം പോലെ മനോഹരമായ ചിത്രങ്ങള്‍ക്കും ഇപ്പോള്‍ ആവശ്യക്കാരേറെ. ഒന്നു രണ്ട് ചിത്രങ്ങള്‍ സുധ അരവിന്ദന് സമ്മാനമായി നല്കി. ഇത് ഞങ്ങളുടെ ചെറിയ സന്തോഷം എന്ന മുഖവുരയോടെ. ഒടുവില്‍ യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും സുധയും ജോലിക്കാരിയും കൂടി പഴങ്ങളും പച്ചക്കറികളുമൊക്കെ കാറില്‍ നിറച്ചു വച്ചിരുന്നു, നിറഞ്ഞ സ്നേഹത്തോടെ വേണ്ട എന്ന് പലതവണ ആവര്‍ത്തിച്ചിട്ടും. വീട്ടുകാരിയേയും കുട്ടികളേയും കൂട്ടി ഒരു ദിവസം ഇറങ്ങണം…
കൈകള്‍ ചേര്‍ത്ത് പിടിച്ച് വിനീത് ഹൃദ്യമായി ചിരിച്ചു.വരാം, ഇനിയും കാണാം…
നിറഞ്ഞ മനസ്സോടെ അരവിന്ദന് യാത്ര പറഞ്ഞിറങ്ങി. വളവുകളും തിരിവുകളും പിന്നിട്ട് യാത്ര തുടരവേ നേര്‍ത്ത കാറ്റിനൊപ്പം മഴത്തുള്ളികള്‍ മെല്ലെ പൊടിഞ്ഞു വീണു. മണ്ണും നനവും ഇടകലരുന്ന ഹൃദ്യമായ ഗന്ധത്തെ കൊതിയോടെ ആഞ്ഞ് ശ്വസിച്ചു. പിന്നിടുന്ന കാഴ്ചകളിലേക്ക് കൊതിയോടെ നോക്കി. മുന്നിലുള്ള ദൂരത്തെ അപ്പോഴേക്കും അരവിന്ദന് മായ്ച്ച് കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: