കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ഒരു വയസ്സായ കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര് ചെന്നൈയില്‍ നിന്ന് വന്നവരും രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരുമാണ്.
48 വയസുള്ള കുറ്റ്യാടി സ്വദേശിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍. മെയ് 14ന് ചെന്നൈയില്‍നിന്ന് സ്വന്തം വാഹനത്തില്‍ കുറ്റ്യാടിയില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. 29 ന് സ്രവ പരിശോധന നടത്തുകയും കോവിഡ്19 പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലാണ്.
48 വയസ്സുള്ള ഏറാമല സ്വദേശിയാണ് രണ്ടാമത്തെ വ്യക്തി. 27 ന് ചെന്നൈയില്‍നിന്നു സ്വന്തം വാഹനത്തില്‍ പുറപ്പെട്ട് 28 ന് കോഴിക്കോട് എത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.
64 വയസ്സുള്ള മാവൂര്‍ സ്വദേശിയാണ് മൂന്നാമത്തെ വ്യക്തി. 20ന് റിയാദില്‍നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി മാവൂരിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് 22ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു.
കൊടുവള്ളിയിലെ ഒരു വയസുള്ള കുട്ടിയാണ് നാലാമത്തേത്. അമ്മയോടൊപ്പം ഖത്തറില്‍നിന്ന് 18ന് കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 28 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആവുകയും ചെയ്തു. നാലുപേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഇപ്പോള്‍ 36 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 17 പേര് മെഡിക്കല്‍ കോളേജിലും 15 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര് കണ്ണൂരിലും മഹാരാഷ്ട്രക്കാരിയായ ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: