പാലക്കാട് : മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജെക്കബ് തോമസ് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതമാണ് ഇന്ന അവസാനിക്കുന്നത്. സര്‍വീസ് പുസ്തകത്തിലെ അവസാന ദിനം ജേക്കബ് തോമസ് ഓഫീസിലാണ് കിടന്നുറങ്ങിയത്. നിലവില്‍ ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ജേക്കബ് തോമസ്.
ഓഫീസില്‍ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം ജേക്കബ് തോമസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സിവില്‍ സര്‍വീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്നാണ് ജേക്കബ് തോമസ് പോസ്റ്റില്‍ കുറിച്ചത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടറായാണ് ജേക്കബ് തോമസിനെ നിയോഗിച്ചത്. കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമെല്ലാം ജേക്കബ് തോമസ് വിജിലന്‍സില്‍ അടിമുടി പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്ന് നടപ്പിലാക്കി. എന്നാല്‍ സര്‍ക്കാരുമായി അഭിപ്രായഭിന്നതയുണ്ടായതോടെ സര്‍ക്കാര്‍ വിജിലന്‍സ് പദവിയില്‍ നിന്നും നീക്കുകയായിരുന്നു.
ബന്ധുനിയമന പരാതിയില്‍ ഇ.പി.ജയരാജനെതിരെ കേസെടുത്തതോടെയാണ് ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തത്. പിന്നാലെ ജേക്കബ് തോമസിനോട് നിര്‍ബന്ധ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റക്കു തന്നെ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും നല്കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ഐഎംജി ഡയറക്ടറുടെ പദവിയാണ് നല്‍കിയത്. പിന്നീട് ഓഖിയുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയെന്നും അനുമതിയില്ലാതെ പുസ്തകം എഴുതിയെന്നും ആരോപിച്ച് രണ്ടുവര്‍ഷം അച്ചടക്ക നടപടിയില്‍ സര്‍വീസില്‍ നിന്ന് പുറത്തിരുത്തി. പിന്നീട് നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്ഡസ്ട്രീസില് നിയമനം നേടിയത്.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്. നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ. വേട്ടയാടലുകളെ വീരഗാഥയാക്കിയ യോദ്ധാവ് എന്നിങ്ങനെ ജേക്കബ് തോമസിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: