കോട്ടയം/പാലക്കാട്: നിത്യേന കൊറോണ ബാധിതരുടെ എണ്ണം അമ്പരപ്പിക്കും വിധം കൂടുമ്പോള്‍ സകല ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖവും, മദ്യവില്‍പ്പനയും. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് നഴ്സുമാരുടെ അഭിമുഖത്തിന് കോട്ടയം ജില്ലാ ആശുപത്രിയില്‍ തടിച്ചുകൂടിയത്. നിരോധനാജ്ഞ ലംഘിച്ച് നൂറുകണക്കിനാളുകള്‍ പാലക്കാട്ട് മദ്യം വാങ്ങാനെത്തി. രണ്ടും സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളില്‍. അതിലൊന്ന് ആശുപത്രിയിലാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സമൂഹ വ്യാപനമുണ്ടായിക്കഴിഞ്ഞുവെന്ന ആശങ്ക വര്‍ധിക്കുന്ന സമയത്താണ് ആരോഗ്യ വകുപ്പു തന്നെ ചട്ടലംഘനത്തിന് മുന്‍കൈയെടുത്തത്.
ആള്ക്കാര് കൂട്ടം കൂടുന്നതിനും അടുത്തടുത്ത് ഇരിക്കുന്നതിനു പോലും വിലക്കുള്ളപ്പോഴാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നഴ്സുമാര്‍ അടക്കം താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ അഭിമുഖം നടത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് നഴ്സുമാരുടേതടക്കം 21 ഒഴിവുകളിലേക്ക് ആയിരത്തിലേറെപ്പേരെത്തി. നൂറുകണക്കിന് നഴ്സുമാര്‍ കൈക്കുഞ്ഞുങ്ങളുമായാണ് എത്തിയത്. ഇതോടെ കളക്ടര്‍ ഇടപെട്ട് അഭിമുഖം നിര്‍ത്തിവച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞതോടെ അത്യാഹിത വിഭാഗത്തിനും ഗേറ്റിനും മുന്നില്‍ വലിയ ജനക്കൂട്ടമായി. ആശുപത്രിലേക്ക് രോഗികള്‍ക്ക് കടക്കാനും ബുദ്ധിമുട്ടായി. ആംബുലന്‍സിന് പോലും ആശുപത്രിയിലേക്ക് വരാന്‍ കഴിയാതെ വന്നു. സംഭവം വിവാദമായോടെ അഭിമുഖത്തിനെത്തിയ നഴ്സുമാരെ ആശുപത്രി വളപ്പില്‍ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടി. തുടര്‍ന്ന് ഇവരുടെ നിര റോഡിലേക്ക് നീണ്ടു. സംഭവമറിഞ്ഞ് പോലീസുമെത്തി.
ദിനംപ്രതി കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്ന പാലക്കാട്ട് ഇന്നലെ എല്ലാ ചട്ടങ്ങളും കാറ്റില്‍പ്പറത്തി മദ്യം വിറ്റു. നഗരത്തിലെ മിക്ക ബാറുകള്‍ക്ക് മുന്നിലും വന്‍തിരക്കായിരുന്നു. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ പരിശോധനകളുമുണ്ടായില്ല. ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിച്ചെത്തിയവരുണ്ടെങ്കിലും ടോക്കണില്ലാതെ മദ്യം വാങ്ങാനെത്തിയവരായിരുന്നു കൂടുതല്‍. ഇതരസംസ്ഥാന തൊഴിലാളികളും ഇവരില്‍പ്പെടും.
സംസ്ഥാനത്ത് കൂടുതല്‍ രോഗികളുള്ള ജില്ലയാണിത്. സമൂഹവ്യാപനം തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്ക്കാന് പാടില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ബാറുകളിലും മദ്യക്കടകളിലും ഇത് ബാധകമല്ല. വലിയങ്ങാടിയിലെത്തുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് ലോറി ജീവനക്കാരടക്കം ബാറുകളില്‍ യാതൊരു സുരക്ഷാചട്ടങ്ങളും പാലിക്കാതെയാണ് മദ്യം വാങ്ങാനെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: