ലണ്ടന്‍: ടെന്നീസ് സൂപ്പര്‍ സ്റ്റാര്‍ റോജര്‍ ഫെഡറര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരമായി. ഫുട്ബോള്‍ താരം ലയണല്‍ മെസിയെ പിന്തളളിയാണ് ഫെഡറര്‍ ഫോര്‍ബസ് മാസിക പുറത്തുവിട്ട പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് വരുമാനത്തിലുണ്ടായ ഇടിവാണ് മെസിക്ക് തിരിച്ചടിയായത്.
ഫെഡററുടെ കഴിഞ്ഞ പന്ത്രണ്ട് മാസത്തെ വരുമാനം 106.3 മില്ല്യന്‍ ഡോളറാണ് (ഏകദേശം 803 കോടി രൂപ). ഇതാദ്യമായാണ് ഒരു ടെന്നീസ് താരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരമായത്.
അര്‍ജന്റീനിയന്‍ താരമായ മെസി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (104 മില്യന്‍ ഡോളര്‍). പോര്‍ച്ചുഗലിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത് (105 മില്യന്‍ ഡോളര്‍). ബ്രസീലിന്റെ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ നാലാം സ്ഥാനം നേടി. (95.5 മില്യന്‍ ഡോളര്‍). ബാസ്ക്കറ്റ്ബോള്‍ താരം ലീബ്രോണ്‍ ജെയിംസാണ് അഞ്ചാം സ്ഥാനത്ത് (88.2 മില്യന്‍ ഡോളര്‍).
നൂറ് പേരുടെ പട്ടികയാണ് ഫോര്‍ബസ് മാസിക പുറത്തിറക്കിയത്. ഇതില്‍ രണ്ട് വനിതാ താരങ്ങള്‍ മാത്രമാണുള്ളത്. ടെന്നീസ് താരങ്ങളായ നവോമി ഒസാക്കയും സെറീന വില്യംസുമാണവര്. ഒസാക്ക ഇരുപത്തിയൊമ്പതാം സ്ഥാനത്തും സെറീന മുപ്പത്തിമൂന്നാം സ്ഥാനത്തുമാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അറുപത്തിയാറം സ്ഥാനത്തെത്തി. കോഹ് ലിയുടെ വരുമാനം ഇരുപത്തിയാറ് മില്യന്‍ ഡോളറാണ് (ഏകദേശം 196 കോടി രൂപ). കഴിഞ്ഞ വര്‍ഷം കോഹ്ലി 96-ാം സ്ഥാനത്തായിരുന്നു. നൂറ് പേരുടെ പട്ടികയില്‍ മുപ്പത്തിയഞ്ച് പേര് ബാസ്ക്കറ്റ്ബോള്‍ താരങ്ങളാണ്.
അമേരിക്കന്‍ ഫുട്ബോളില്‍ നിന്ന് 31 പേരും ഫുട്ബോളില്‍ നിന്ന് പതിനാലുപേരും പട്ടികയില്‍ ഇടം പിടിച്ചു. ടെന്നീസില്‍ നിന്ന് ആറു പേരും ബോക്സിങ്ങില്‍ നിന്ന് അഞ്ചു പേരും ഗോള്‍ഫില്‍ നിന്ന് നാലു പേരും മോട്ടോര്‍ റൈസിങ്ങില്‍ നിന്ന് മൂന്ന് പേരും പട്ടികയിലുണ്ട്. ക്രിക്കറ്റ്, ബേസ്ബാള്‍ എന്നിവയില്‍ നിന്ന് ഓരോ കളിക്കരും ഇടം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: