തിരുവനന്തപുരം: മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ ബിവറേജസ് കോര്പ്പറേഷന് വഴി കൊച്ചിയിലെ ഫെയര്‍കോഡ് കമ്പനി തയാറാക്കിയ ബെവ്ക്യൂ ആപ്പിലൂടെ കളമൊരുങ്ങുന്നത് വന്‍ അഴിമതി തന്നെ. സിപിഎം സഹയാത്രികരുടെ കമ്പനിയെ തെരഞ്ഞെടുത്തതിലും ആപ്പിന്റ പ്രവര്‍ത്തനമികവിലും ശക്തമായ ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ആപ്പ് തയറാക്കാന്‍ 2,84203 രൂപ മാത്രമാണ് കമ്പനിക്ക് ലഭിക്കുക എന്ന് മന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു. എന്നാല്‍, കമ്പനി ലക്ഷ്യമിടുന്നത് ഈ തുകയെ അല്ല മറിച്ച് എസ്എംഎസ് വഴിയുള്ള ലക്ഷങ്ങളെ ആണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഫെയര്‍ കോഡിനെ തെരഞ്ഞെടുത്തതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബാറുകളില്‍ നിന്ന് ടോക്കണ്‍ ഒന്നിന് അമ്പത് പൈസ ഈടാക്കുമെന്ന് ഇതു സംബന്ധിച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു. ഇത് അഴിമതിയാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ ബെവ്കോ വിശദീകരവുമായി രംഗത്തെത്തി. ഈ വിശദീകരണത്തില്‍ ബാറുകളില്‍ നിന്ന് ഈടാക്കുന്ന ടോക്കണിന് അമ്പത് പൈസ എന്ന തുക ആപ്പ് വാങ്ങാനായി ഫെയര്‍ കോഡിന് നല്‍കേണ്ട തുക കണ്ടെത്താനും എസ്.എം.എസ് അയക്കുന്നതിന് ഫെയര്‍കോഡ് വഴി വിവിധ സേവനദാതാക്കള്‍ക്ക് നല്‍കാനും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സിഡിറ്റിന്റെ ആമസോണ്‍ വെബ്സെര്വര് ക്ലൗഡിന്റെ വാടക നല്‍കാനും ഉപയോഗിക്കുമെന്ന് ബെവ്കോ വ്യക്തമാക്കിയിരുന്നു.
ടെന്‍ഡറില്‍ പങ്കെടുത്ത അഞ്ചു കമ്പനികളില്‍ ഫെയര്‍കോഡ് എസ്എംഎസ് ചാര്‍ജായി ക്വാട്ട് ചെയ്തിരുന്നത് 12 പൈസയാണ്. എന്നാല്‍, 15 പൈസയായി ഉയര്‍ത്തിയാണ് ഫെയര്‍കോഡിന് കരാര്‍ നല്‍കിയത്. പ്രധാനമായും രണ്ടുതരത്തിലാണ് എംഎസ്എസ് സംവിധാനം. ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാന്‍ ഒറ്റിപി ആയും മെസേജ് ആയി മദ്യം ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സനേദശമായും.മദ്യവില്‍പ്പനയ്ക്കായി ലക്ഷക്കണക്കിന് എസ്എംഎസാണ് ഒരു ദിവസം വേണ്ടി വരുന്നത്.
ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം ഇത്തരത്തിലുള്ള എസ്എംഎസുകള്‍ക്ക് ഈടാക്കാവുന്ന പരാമാവധി തുക അഞ്ചു പൈസയാണ്. എന്നാല്‍, വന്‍തോതിലുള്ള എസ്എംഎസ് സംവിധാനം പ്രദാനം ചെയ്യുന്ന ബല്‍ക് എസ്എംഎസ് കമ്പനികള്‍ ഇതിലും കുറഞ്ഞ തുകയ്ക്കു ഇതു ചെയ്തു നല്‍കാറുണ്ട്. കമ്പനികള്‍ക്കുള്ള കമ്മിഷന് തുകയും എല്ലാം നല്കിയാല് പോലും ഫെയര്‍കോഡിന് ഒരു എസ്എംഎസിനു ലഭിക്കുന്ന ലാഭം പത്തു പൈസയാണ്. ദിവസംതോറും ലക്ഷക്കണക്കിന് എസ്എംഎസാണ് മദ്യവില്പനക്കായി മൊബൈലുകളില്‍ എത്തുന്നത്. ഉദാഹരണത്തിന് ഒരു ദിവസം അഞ്ചു ലക്ഷം എസ്എംഎസ് ബെവ്ക്യൂ ആപ്പ് വഴി മൊബൈലിലേക്ക് വരുമ്പോള്‍ പത്തു പൈസ കണക്കിന് അമ്പതിനായിരം രൂപ ഒരു ദിവസം ഫെയര്കോഡിനു ലഭിക്കും. ഇതു ഒരു മാസത്തേക്ക് ആകുമ്പോള്‍ പതിനഞ്ചു ലക്ഷം രൂപയാകും. ഒരു വര്‍ഷം ഈ സംവിധാനം തുടര്‍ന്നാല്‍ ഫെയര്‍കോഡ് കമ്പനി കീശയിലാക്കുന്നത് ഒരു കോടി എണ്‍പത് ലക്ഷം രൂപയാണ്. ടെന്‍ഡറില്‍ പങ്കെടുത്ത മിക്ക കമ്പനികളും ഈ ലാഭം മുന്നില്‍ കണ്ടാണ് ആപ്പ് നിര്‍മിക്കാന്‍ രംഗത്തെത്തിയത്. എന്നാല്‍, ട്രായിയുടെ നിര്‍ദേശം നിലനില്‍ക്കെ അഞ്ചു പൈസയുടെ എസ്എംഎസ് പതിനഞ്ച് പൈസക്ക് നല്കാന് സര്‍ക്കാര്‍ തയാറായത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. മാത്രമല്ല, ഈ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള എസ്എംഎസ് ചാര്‍ജില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന തരത്തില്‍ ഒരു വിലപേശലും ബെവ്കോ നടത്തിയിട്ടില്ലെന്നും വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: