നല്ല രാജ്യഭരണത്തിന്റെ ലക്ഷണമായി മഹാത്മാഗാന്ധി ചൂണ്ടിക്കാട്ടിയ പ്രാധാനകാര്യം നിരാലംബരും നിസ്സഹായരും ദരിദ്രരുമായ മനുഷ്യര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ്. ഏറ്റവും എളിയവനുവേണ്ടി ചെയ്യുന്നതാണ് നീതിയും ധര്‍മ്മവും.
സ്വതന്ത്ര്യത്തിന് ശേഷം അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ പക്ഷേ ഇക്കാര്യം വിസ്മരിച്ചു. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പേതന്നെ കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് വിഭാഗം പഴഞ്ചന്‍ എന്നു കരുതി ഒന്നുകില്‍ തള്ളിക്കളഞ്ഞു. അല്ലെങ്കില്‍ നിസ്സംഗത പുലര്‍ത്തി. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ചേരിക്കാര്‍ വിശേഷിച്ചും, കമ്മ്യൂണിസ്റ്റ് ചായ്വുള്ള സോഷ്യലിസ്റ്റ് ചേരിക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാളായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. 1917-ലെ റഷ്യന്‍ വിപഌവത്തിന്റെ ആരാധകനായിരുന്നു അദ്ദേഹം. 1918-ല്‍ റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത മറ്റൊരാള്‍ മോത്തിലാല്‍ നെഹ്റുവും ആയിരുന്നു. ഇതെല്ലാം കാണിക്കുന്നത് മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ നിന്നും അകലം പ്രാപിച്ച ഒരു സര്‍ക്കാര്‍ സംവിധാനമാണ് നിലനിന്നിരുന്നതെന്നാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവന മഹാത്മാഗാന്ധിയുടെ ഈ ആശയങ്ങള്‍ രാജ്യഭരണത്തിന്റെ അന്തഃസത്തയായി അംഗീകരിച്ചു എന്നതാണ്. അതിന്റെ ഭാഗമായിട്ടാണ് മോദിസര്‍ക്കാര്‍ ശൗചാലയങ്ങള്‍ പണിയുന്നതിനുള്ള ശ്രമം ആരംഭിച്ചത്. മനുഷ്യര്‍ക്ക് ശൗചാലയങ്ങള്‍ ഉണ്ടാവുക എന്നത് അവരുടെ ശുചിത്വവും ആരോഗ്യവും സംരക്ഷിക്കുവാന്‍ മാത്രമല്ല അവരുടെ ആത്മാഭിമാനം ഉയര്‍ത്താനും കഴിയുമെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗാന്ധിജിയുടെ ഈ ആശയത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നമ്മുടെ നാട്ടിലെ ഗ്രാമീണ സ്ത്രീകളാണ്. അവരുടെ ആത്മാഭിമാനം, അന്തസ്സ്, ആത്മവിശ്വാസം എന്നിവയെല്ലാം ഉദ്ദീപ്തമാക്കാന്‍ കാരണമായി.
സ്ത്രീശാക്തീകരണമെന്ന വിഷയം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി മാറ്റിയത് മഹാത്മാഗാന്ധി വിഭാവനം ചെയ്ത അവതരിപ്പിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. ഗാന്ധിജി നിവേദനം, നിസ്സഹകരണം, നിയമലംഘനം, നിഷ്കാസനം എന്നീ സമരപരിപാടിക്കൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അംഗീകരിച്ചിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം സ്ത്രീശാക്തീകരണമായിരുന്നു. സ്ത്രീകള്‍ക്ക് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കര്‍മ്മമേഖലയില്‍ വ്യാപരിച്ച് സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനം ഉണ്ടാക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. പക്ഷേ സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകള്‍ അതിന് പ്രാമുഖ്യം നല്‍കിയില്ല. ഗ്രമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ശാക്തീകരണം സുശക്തമാകുന്നത് മോദിസര്‍ക്കാര്‍ വിഭാവനം ചെയ്ത വിജയകരമായി നടപ്പാക്കിയ ജന്‍ധന്‍ സാമ്പത്തിക യജ്ഞത്തിലൂടെയാണ്. 30 കോടയിലേറെ വരുന്ന ഗ്രമീണ ജനത വിശേഷിച്ചും ഗ്രാമീണ സ്ത്രീകള്‍ ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തില്‍ ആദ്യമായി പങ്കാളികളാകുന്നത് ഈ യജ്ഞത്തിലൂടെയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഉജ്ജ്വല യോജന പദ്ധതിയിലൂടെ നഗര സൗഭാഗ്യങ്ങള്‍ എന്ന കരുതപ്പെട്ടിരുന്ന ചില സൗകര്യങ്ങള്‍ ഗ്രാമീണ ജനതയ്ക്കും പ്രാപ്തമാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ആരോഗ്യ സംരക്ഷണത്തില്‍ വേണ്ടത്ര മികവു പുലര്‍ത്താന്‍ ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും കഴിയുന്നില്ല എന്നതാണ്. കേരളത്തില്‍ 1879- മുതല്‍ ആരോഗ്യ പരിരക്ഷക്ക് ആവശ്യമായ ശാസ്ത്രീയ സംവിധാനങ്ങള്‍ ലഭിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പേ തുടങ്ങിയ തിരുവിതാംകൂറിലെ മെഡിക്കല്‍ കോളേജ് സ്ഥാപനം 1951-ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതു കൂടാതെ ക്രിസ്ത്യന്‍ മിഷനറിമാരും ഹൈന്ദവ സമുദായ സംഘടനകളും ക്രൈസ്തവ സഭകളും അവരുടേതായ ചെറുതും വലുതുമായ സംഭാവനകള്‍ നല്കി. അതിന്റേയെല്ലാം ഫലമാണ് ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടം.
എന്നാല്‍ ഈ സൗഭാഗ്യങ്ങളൊന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ലഭ്യമായിരുന്നില്ല. ഇന്ത്യയിലെ ദരിദ്രരായ ജനതയ്ക്ക് രോഗം വന്നാല്‍ ചികില്‍സ ലഭിക്കാതെ മരിക്കാനയിരുന്നു വിധി. ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണുന്നതിന് വേണ്ടിയാണ് മോദി ആയുഷ്മാന്‍ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ ഏതു പൗരനും അതുവഴി അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സ ഒരു വര്‍ഷം ലഭിക്കും. ഇതെല്ലാം കാണിക്കുന്നത് മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഭരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുവേണ്ടി സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കിയ ആദ്യത്തെ ഭരണാധികാരിയാണ് മോദി. ഈ നേട്ടമാണ് മോദിയെ ഇന്ത്യന്‍ ജനതയുടെ സമാരാധ്യനായ നേതാവാക്കി മാറ്റിയത്. ആഗോള രംഗങ്ങളിലും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ലോകജനതയുടെ ആദരം പിടിച്ചു പറ്റിക്കഴിഞ്ഞു. ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങള്‍ മാത്രമല്ല ദരിദ്രരാഷ്ട്രങ്ങളും അവരുടെ രക്ഷാകേന്ദ്രമായിക്കാണുന്നത് ഇന്ത്യയേയും നമ്മുടെ പ്രധാനമന്ത്രിയേയുമാണ്. കോവിഡ്-19 മാഹാമാരി ലോകത്തിലെ 188 രാജ്യങ്ങളേയും അവിടത്തെ ജനങ്ങളേയും തടവിലാക്കിയപ്പോള്‍ അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മരുന്നും സഹായവും എത്തിച്ചു കൊടുക്കാന്‍ നരേന്ദ്രമോദിയുടെ ഇന്ത്യക്കു കഴിഞ്ഞു എന്നുള്ളത് നമുക്കേവര്‍ക്കും അഭിമാനമാണ്.
ഇതോടൊപ്പം രാജ്യത്തിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി അഹോരാത്രം പണിയെടക്കുന്ന മനുഷ്യരെ ആദരവോടെയാണ് മോദി സര്‍ക്കാര്‍ കാണുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രാജ്യത്തിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യാപാര-വ്യവസായ സമൂഹത്തേയും അന്നം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരേയും ആവശ്യമെന്ന് പ്രഖ്യാപി
ക്കപ്പെട്ട ആദ്യത്തെ ബജറ്റ് ആയിരുന്നു 2-ാം മോദിസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഏതു രാജ്യത്തിന്റെ വികസനത്തിനും ആ രാജ്യത്ത് സമ്പത്ത് ഉത്പാദിപ്പിക്കുന്നവര്‍ സ്വാതന്ത്ര്യത്തോടും സുരക്ഷിതബോധത്തോടും കൂടി പണിയെടുക്കണം. അതിനു അവശ്യമായ സംവിധാനം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ബാദ്ധ്യതയാണ്. ആ ബാദ്ധ്യത കാര്യക്ഷമതയോടെ നിറവേറ്റുന്നു എന്നതാണ് മോദിസര്‍ക്കാരിന്റെ വിശേഷതകളില്‍ ഒന്ന്.
ഇങ്ങനെ ഭാരതത്തിനും, ലോകത്തിനും മാതൃകാപരമായ ഭരണസംവിധാനം കാഴ്ചവയ്ക്കുന്ന മോദി ഒരു സന്ന്യസ്ത ജീവിതമാണ് നയിക്കുന്നത്. സംന്യാസി എന്നാല്‍ തന്റെ മുഴുവന്‍ കര്‍മ്മശേഷിയും ലോകത്തിന്റെ ശ്രേയസ്സിനായി സമര്പ്പിക്കുന്നവന് എന്നാണര്‍ത്ഥം. ലോകസേവനത്തിനുവേണ്ടി 24 മണിക്കൂറില്‍ 18 മണിക്കൂറും മാറ്റിവയ്ക്കുന്ന, നീതി ലംഘിക്കാതെ രാജ്യഭാരം ചുമക്കുന്ന ഈ സംന്യാസിയെ നമുക്ക് ആദരവോടെ അംഗീകരിക്കാം.
ഡോ: കെ. എസ്. രാധാകൃഷ്ണന്
(ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: