പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ മുഴുവനായും ഇന്ത്യയിലെത്തണമെന്നത് അംബേദ്കറിന്റെയും ഗാന്ധിജിയുടെയും ആഗ്രഹം കൂടിയായിരുന്നു. മതരാജ്യത്ത് അവര്‍ രണ്ടാംകിട പൗരന്മാരായി മാത്രം പരിഗണിക്കപ്പെടുമെന്ന ദീര്‍ഘവീക്ഷണം അവര്‍ക്കുണ്ടായിരുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള അഭയാര്‍ത്ഥി പ്രവാഹത്തില്‍ അമ്പരന്നിരിക്കുകയാണ് ഇന്ത്യ.
പാകിസ്ഥാന് പുറമെ ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ന്യൂനപക്ഷങ്ങളും ഇന്ത്യയിലേക്ക് ഒഴുകുന്നു. നഗരങ്ങളിലെ ചേരികളില്‍ പൗരത്വവും അടിസ്ഥാന സൗകര്യവുമില്ലാതെ നരകജീവിതം നയിക്കുമ്പോഴും മരിക്കേണ്ടി വന്നാലും തിരിച്ചു പോകില്ലെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.
മുസ്ലിം രാജ്യങ്ങളിലെ പീഡനം സഹിക്കാനാവാതെ ഓടിയെത്തിയവരെ സംരക്ഷിക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനായി ആദ്യ മോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി (സിഎഎ) അവതരിപ്പിച്ചെങ്കിലും രാജ്യസഭ കടന്നില്ല. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ പ്രതിസന്ധികളെല്ലാം മറികടന്ന് ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ ജനവരി 10 മുതല്‍ ബില്ല് നിയമമായി. 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധര്‍, ജൈനര്‍, പാഴ്സി വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇതോടെ പൗരത്വം ലഭിക്കാന്‍ വഴിതുറന്നു. 11 വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസമാകണമെന്ന വ്യവസ്ഥ ആറ് വര്‍ഷമാക്കി കുറച്ചു. സന്ദര്‍ശനത്തിന് പ്രത്യേക ആഭ്യന്തര അനുമതി ആവശ്യമുള്ള നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലും നിയമം ബാധകമല്ല.
കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ജിഹാദി പ്രേമവും അസഹിഷ്ണുതയും പിന്നീടുള്ള ദിവസങ്ങളില്‍ രാജ്യം കണ്ടു. നിയമം മുസ്ലിങ്ങള്‍ക്കെതിരാണെന്ന തീവ്ര സംഘടനകളുടെ പ്രചാരണം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തു. മുസ്ലിങ്ങളുടെ പൗരത്വം എടുത്തുകളയുന്നതാണ് നിയമമെന്ന് പച്ചക്കള്ളം പ്രചരിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള മൗലികവാദ സംഘടനകള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് സമരവുമായി രംഗത്തിറങ്ങി. ഇസ്ലാമിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ക്യാംപസുകളില്‍ അരാജക സമരങ്ങള്‍ അരങ്ങേറി. രാജ്യത്ത് മതപരമായ ഭിന്നിപ്പും ശത്രുതയും വളര്‍ത്തുന്ന മുദ്രാവാക്യങ്ങളും പ്രചാരണവുമാണ് നടന്നത്. ഇതിന് വിദേശ പണവും ലഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ അക്രമങ്ങളുണ്ടായി. പോലീസുകാരുള്‍പ്പെടെ ആക്രമിക്കപ്പെട്ടു.
സമരത്തിന് നേതൃത്വം നല്കിയവര് രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടു. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ 53 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ന്നു. ജാമിയ മിലിയ സര്‍വ്വകലാശാലയിലെയും ജെഎന്‍യുവിലെയും നിരവധി വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ അറസ്റ്റിലായി. അക്രമങ്ങള്‍ക്ക് കീഴടങ്ങില്ലെന്നും അഭയാര്‍ത്ഥികളെ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആവര്‍ത്തിച്ചിരുന്നു. നിരവധിയാളുകള്‍ക്ക് ഇതിനകം പൗരത്വം നല്കി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് മുന്‍പ് ആവശ്യപ്പെട്ട വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു.
യുഎസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാനില്‍ 76 ശതമാനം ന്യൂനപക്ഷ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നതായി കണ്ടെത്തിയിരുന്നു. മാസത്തില്‍ 25 ഹിന്ദു പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും മതംമാറ്റത്തിനും ഇരയാകുന്നതായി പാക്കിസ്ഥാന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിവര്‍ഷം ആയിരത്തിലേറെ പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതംമാറ്റത്തിനിരയാകുന്നതായാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. നിരവധി സംഭവങ്ങള്‍ പുറത്തറിയപ്പെടാതെ ഒതുങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹോദരിമാരായ റീനയെയും രവീണയെയും തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്ത സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെതിരെ ഇന്ത്യ രംഗത്തുവന്നിരുന്നു.
വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് അവരെ ചൊടിപ്പിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്ന ഇ. അഹമ്മദും പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെ നേരിടുന്നതായി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. ഇത്തരം അനേകം സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ആരുമില്ലാത്തവരുടെ ആശ്രയമാവുകയാണ് പൗരത്വ നിയമ ഭേദഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: