ഉദുമ: കടലാക്രമണ ഭീഷണിയില്‍ നിന്ന് സ്വന്തം വീടിനേയും കുടുംബത്തേയും രക്ഷിക്കാന്‍ മണല്‍ ചാക്കുകള്‍ നിരത്തി ഭിത്തി തീര്‍ക്കുകയാണ് കോട്ടിക്കുളം ഗോപാല്‍ പേട്ടയിലെ മോഹനന്. കഴിഞ്ഞ നാല് വര്‍ഷം മുമ്പാണ് കടല്‍ഭിത്തി തകര്‍ന്ന് പൂഴിയിലേക്ക് താഴ്ന്ന് പോയത്. ഇതോടെ കടലാക്രമണ ഭീഷണി നേരിടുകയാണ് മോഹനന്റെ വീട്. ഇനി കര കടലെടുക്കാന്‍ രണ്ട് മീറ്റര്‍ നീളം മാത്രമേ ബാക്കിയുള്ളു. മഴക്കാലത്ത് തിര വന്നടിക്കുന്നത് വീടിന്റെ ചുമരിലേക്കാണ്.
ഒരു ചാക്കിന് നാല് രൂപ കൊടുത്ത് കടകളില്‍ നിന്ന് ശേഖരിച്ച 350 ഓളം ചാക്കുകളില്‍ മണല്‍ നിറച്ച് ഭിത്തി തീര്‍ത്തിരിക്കുകയാണ് ഇപ്പോള്‍. ഇനിയും മണല്‍ ചാക്കു കൊണ്ടുള്ള ഭിത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് മോഹനന്. അടുത്ത കാല വര്‍ഷത്തോടെ കടലാക്രമണ ഭീഷണിയുണ്ടായാല്‍ ആദ്യം കടലെടുക്കുന്നത് അറുപതുകാരനായ മോഹനന്റെ വീടായിരിക്കും. പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പും പല തവണ വന്ന് നോക്കി പോയതെല്ലാതെ കടലാക്രമണ ഭീഷണി തടയാനാവശ്യമായ ഒരു നടപടികളും ഇതുവരെ നടത്തിയിട്ടില്ല.
മൂന്ന് സെന്റ് മാത്രമുള്ള സ്ഥലത്താണ് 35 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലാണ് മോഹനനും കുടുംബവും താമസിക്കുന്നത്. നാല് മക്കളും അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 13 പേരാണ് വീട്ടിലുള്ളത്. മോഹനന്റെ ഭാര്യ കാര്‍ത്ത്യായണിയുടെ ഹൃദ് രോഗികളായ രണ്ട് സഹോദരിമാരും ഇവരോടപ്പമാണ് താമസം. മോഹനനും കുടുംബത്തിനും മാറി താമസിക്കാന്‍ ഫിഷറീസ് വകുപ്പ് 10 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇതില്‍ 6 ലക്ഷം രൂപ മൂന്ന് സെന്റ് ഭൂമി വാങ്ങാനും 4 ലക്ഷം രൂപ വീട് പണിയാനുമാണ്.
എന്നാല്‍ ഭൂമിയുടെ വില ആറ് ലക്ഷത്തിന് താഴെയാണെങ്കില്‍ ബാക്കി തുക കുടുംബത്തിന് നല്കുകയുമില്ല. മൂന്ന് സെന്റ് ഭൂമി ലഭിച്ചാല്‍ തന്നെ നല്ലൊരു വീട് വെക്കാന്‍ സാധിക്കില്ല. മാത്രമല്ല മത്സ്യതൊഴിലാളികളായതിനാല് കടലോരത്തിനടുത്ത് 2 കിലോ മീറ്റര്‍ പരിധിയില്‍ ഭൂമി ലഭിക്കണം. എന്നാല്‍ മാത്രമേ തൊഴിലെടുക്കാനും സാധിക്കുകയുള്ളു.
വാര്‍ദ്ധക്യ സഹജമായ അസുഖമുള്ളതിനാല്‍ മോഹനന് കടലില്‍ മത്സ്യബന്ധനത്തിന് പോകാറില്ല. 25 ലക്ഷം രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഈ കുടുംബത്തിന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാവുകയുള്ളു. ശക്തമായ മഴ പെയ്യുന്നതിന് മുമ്പ് തന്നെ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ വന്‍ ദുരന്തമാണ് ഉണ്ടാകാന്‍ പോകുന്നത്. ശ്യാമള ചന്ദ്രന്, സരോജിനി വത്സലന്‍, കല്യാണി സുരേഷ്, ചന്ദ്രിക, സുജിത്ത് എന്നി അഞ്ച് കുടുംബങ്ങളും ഈ പ്രദേശത്ത് കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: