കാസര്‍കോട്: സ്കൂള്‍ ചുറ്റുമതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പെയിന്റടിച്ച് കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരച്ചത് വിവാദമാകുന്നു. ഇതുസംബന്ധിച്ച് പിടിഎ കമ്മറ്റി ഡിഡിഇ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി. കാസര്‍കോട് ഗവ. യുപി സ്കൂളിലാണ് ചുറ്റുമതില്‍ നിര്‍മാണം നടന്നു വരുന്നത്. ഇതിന്റെ തേപ്പുപണി പുരോഗമിക്കുന്നതിനിടെ കേരള സാമൂഹ്യ സുരക്ഷാ മിഷന് ജീവനക്കാരെത്തി കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരയ്ക്കാനായി മതിലില്‍ പെയിന്റടിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
സിമന്റ് തേച്ച് ആവശ്യത്തിന് വെള്ളം നനയ്ക്കുന്നതിന് മുമ്പായി പെയിന്റ് ചെയ്യുന്നതിലൂടെ മതിലിന് ബലക്ഷയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം പിടിഎ കമ്മിറ്റിയും അധ്യാപകരും അറിയിച്ചെങ്കിലും ഇത് ഗൗനിക്കാതെയാണ് പെയിന്റടിക്കുന്നത്. വെള്ളം നനയ്ക്കേണ്ടതിന്റെ ഗൗരവം കരാറുകാരനും ഇവരെ ബോധ്യപ്പെടുത്തിയതാണ്. ഒരാഴ്ച നനച്ചതിന് ശേഷം കാര്‍ട്ടൂണ്‍ വരയ്ക്കാമെന്ന് പിടിഎ കമ്മിറ്റി ഇവരെ അറിയിച്ചതുമാണ്. ഇതും അവഗണിക്കുകയാണുണ്ടായത്. വ്യാഴാഴ്ച സിമന്റ് തേച്ച ഭാഗത്തും ചിതം വരയ്ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പിടിഎയുടെയും അധ്യാപകരുടെയും നിര്‍ദേശം അവഗണിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനെ തുടര്‍ന്ന് മതിലിന് എന്തെങ്കിലും കേടുപാടുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പിടിഎയ്ക്കോ അധ്യാപകര്‍ക്കോ ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ചാണ് ഡിഡിഇക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയിരിക്കുന്നത്.
ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും പിടിഎ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിനെ പ്രീതിപ്പെടുത്താനും ജില്ലാ ഭരണകൂടത്തിന് ആളാകാനുമാണ് എതിര്‍പ്പുകള്‍ മറികടന്ന് ചിത്രരചന നടത്തിയതെന്നാണ് ആക്ഷേപം. അതേസമയം മതിലില്‍ വര പൂര്‍ത്തിയായ ചിത്രങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബു നാടിന് സമര്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: