അഞ്ചുവര്‍ഷത്തെ ജനവിധി തേടി അധികാരത്തിലേറുന്ന സര്‍ക്കാരിന് ഒരു വര്‍ഷം എന്നത് അധികം പ്രസക്തമാകുന്നതല്ല. എന്നാല്‍ നൂറ്റി മുപ്പതിലേറെ കോടി ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഒരു വര്‍ഷം ഏറെ പ്രസക്തവും പ്രാധാന്യമേറിയതും തന്നെയാണ്. ഇന്ന് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രണ്ടാംവരവിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ്. സ്വാഭാവികമായും വാര്‍ഷികദിനം ആഘോഷത്തിന്റെ അവസരമല്ല. പക്ഷേ ആഹ്ലാദിക്കാനുള്ള അവസരങ്ങള്‍ ഏറെയുണ്ട് താനും. സ്വതന്ത്ര ഇന്ത്യയില്‍ ഒരു സര്‍ക്കാരും ചെയ്യാന്‍ തുനിയാത്ത, അതിന് മുതിരാത്ത ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യം കാണിച്ച സര്‍ക്കാരാണിത്. അതിരുകള്‍ സംരക്ഷിക്കാനും അധികാരം ബോധ്യപ്പെടുത്താനും ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കാന്‍ പരിമിതികളുണ്ട്. പരാധീനതകള്‍ക്ക് അകത്തുനിന്ന് പരമാവധി പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച സര്‍ക്കാരാണിത്.
സ്വതന്ത്ര ഇന്ത്യയുടെ ഏഴുപതിറ്റാണ്ടു പിന്നിട്ട ചരിത്രത്തില്‍ ആകാംക്ഷയോടെ മാത്രമേ ജമ്മു-കശ്മീര്‍ പ്രശ്നത്തെ ലോകം വീക്ഷിച്ചിരുന്നുള്ളൂ. ഭരണഘടനയുടെ താത്ക്കാലിക സംവിധാനമായ 370-ാം വകുപ്പിന്റെ മറവില്‍ ദൈനംദിനം നടന്ന വിഘടനവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. രാജ്യത്തിന്റെ ശിരസ്സ് എന്ന് വിശേഷിപ്പിക്കുന്ന, സഞ്ചാരികളുടെ പറുദീസയെന്ന് പരക്കെ അറിയപ്പെടുന്ന കശ്മീരില്‍ സംഘര്‍ഷം ഒഴിഞ്ഞ സന്ദര്‍ഭങ്ങളുണ്ടായിരുന്നില്ല. സൈനികരും സാധാരണ നാട്ടുകാരും വധിക്കപ്പെട്ട വാര്‍ത്തകളായിരുന്നു അനുദിനം പുറംലോകം അറിഞ്ഞുകൊണ്ടിരുന്നത്. 370-ാം വകുപ്പിന്റെ പരിരക്ഷയില്‍ എന്തും ചെയ്യാമെന്ന ധിക്കാരം ഭീകര വിഘടനവാദികള്‍ പ്രകടമാക്കിപ്പോന്നു. ഇത് അവസാനിപ്പിക്കാന്‍ ദശാബ്ദങ്ങളായി ആവശ്യപ്പെട്ട പ്രസ്ഥാനമാണ് ബിജെപി. ഈ പ്രസ്ഥാനത്തിന്റെ പൂര്‍വ രൂപമായ ഭാരതീയ ജനസംഘത്തിന്റെ മുഖ്യമുദ്രാവാക്യം തന്നെ ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കണം എന്നതായിരുന്നു. ജനസംഘ സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഈ ആവശ്യം ഉന്നയിച്ച് നടത്തിയ പ്രക്ഷോഭത്തിനിടയിലാണ് ഷെയ്ക്ക് അബ്ദുള്ളയുടെ തടവറയില്‍ രക്തസാക്ഷിയായത്. ഡോ. മുഖര്‍ജിയുടെ രക്തസാക്ഷിത്വം ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമായെങ്കിലും 370-ാം വകുപ്പ് എന്ന കടമ്പ എന്നും തലവേദനയായിരുന്നു. അതിനു പരിഹാരം കാണാന്‍ പ്രതിസന്ധികള്‍ക്കിടയിലും സാധിച്ചു എന്നതാണ് രാജ്യത്തേയും ലോകത്തേയും അതിശയിപ്പിച്ച നേട്ടം.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനവിഭാഗമാണ് ഇസ്ലാമിക വിശ്വാസികള്‍. ഇവരിലെ വനിതകള്‍ ഏറെക്കാലമായി അനുഭവിച്ചു വരുന്നതാണ് ബഹുഭാര്യാത്വവും ഒരു മാനദണ്ഡവുമില്ലാത്ത തലാഖ് ചൊല്ലലും. തലാഖ് ചൊല്ലല്‍ ഇസ്ലാം മതത്തിലെ ലിഖിതമായ നിയമ വ്യവസ്ഥയോ വിശ്വാസത്തിന്റെ പിന്‍ബലമോ ഇല്ലാത്തതായിട്ടും അത് റദ്ദ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിന് പരിസമാപ്തി കുറിക്കാനുള്ള തീരുമാനവും നിയമനിര്‍മ്മാണവും നടത്താന്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ സാധിച്ചു എന്നതാണ് പ്രധാനം. അതുപോലെ പ്രധാനപ്പെട്ടതാണ് രാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണം. രാഷ്ട്രീയവും നിയമതടസ്സങ്ങളുമായി കോടാനുകോടി ജനതയുടെ അഭിലാഷം നടപ്പാക്കാന്‍ ഒരു ഭരണകൂടത്തിനും കഴിഞ്ഞിരുന്നില്ല. അതിന് പരിസമാപ്തി കുറിക്കാനും ശ്രീരാമജന്മസ്ഥാനത്ത് ഉചിതമായ ക്ഷേത്രനിര്‍മ്മാണത്തിന് സാഹചര്യം സൃഷ്ടിക്കാനും കഴിഞ്ഞു എന്നതും രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രാധാന്യമേറിയതാണെന്ന് പറയാതിരിക്കാനാവില്ല.
അടിസ്ഥാന സൗകര്യവികസനത്തിന്റെയും ആത്മാഭിമാനത്തിന്റെയും അഞ്ചുവര്‍ഷത്തെ ഭരണത്തിനുശേഷം നവഭാരതസൃഷ്ടിയാണ് രണ്ടാം തവണ ലക്ഷ്യം വച്ചത്. അതിന് തുടക്കമിട്ടപ്പോഴാണ് ഭൂലോകമാരി കോവിഡ് 19ന്റെ വരവ്. ലോകം മുഴുവന്‍ പകച്ചു നില്ക്കുമ്പോള് കോവിഡിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച മുന്‍കരുതല്‍ ലോകം ഒന്നാകെ ഇപ്പോള്‍ പ്രശംസ നേടുന്നു. രോഗ വ്യാപനം തടയാനും മരണനിരക്ക് കുറയ്ക്കാനും ഇന്ത്യ സ്വീകരിച്ച ജാഗ്രത മാതൃകാപരമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ജനങ്ങളുടെ ദുരിതം അകറ്റാന്‍ ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങള്‍ മുമ്പെങ്ങും കാണാത്തതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും അകറ്റാന്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക പാക്കേജുകള്‍ ലോകത്ത് ഇതുവരെ ഇല്ലാത്തതാണ്. 20 ലക്ഷം കോടി രൂപയുടെ പാക്കേജുകള്‍ക്ക് പുറമെ ഉദാരമായ വായ്പാ സഹായം ഉറപ്പാക്കാന്‍ റിസര്‍വ്വ് ബാങ്കും പദ്ധതി ആവിഷ്കരിച്ചു. എല്ലാം നാടിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനുമെന്ന അഭിമാനത്തോടെ തന്നെയാണ് രണ്ടാം മോദിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകുന്നതെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: