റോം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇറ്റാലിയന്‍ ലീഗായ സിരി എ ജൂണ്‍ ഇരുപതിന് പുനരാരംഭിക്കും. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
ഇറ്റാലിയന്‍ ഫുട്ബോള്‍ തലവന്മാര് മുന്നോട്ടുവച്ച ആരോഗ്യവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇറ്റാലിയന്‍ സര്‍ക്കാരും സര്‍ക്കാരിന്റെ സാങ്കേതിക സൈന്റിഫിക് കമ്മിറ്റിയും അംഗീകരിച്ചതായി കായിക മന്ത്രി വിസെന്‍സോ സ്പഡഫോറ പറഞ്ഞു.
ഇറ്റലി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്. അതിനാല്‍ ഫുട്ബോളിനും തിരിച്ചുവരാന്‍ സമയമായി. മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനായി വിവിധ പദ്ധതികള്‍ തയ്യാറാക്കുമെന്ന് ഇറ്റാലിയന്‍ ഫെഡറേഷന് തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്്. ഈ കാര്യങ്ങളൊക്കെ പരിഗണിച്ച് സിരി എ ഈ മാസം ഇരുപതിന് പുനരാരംഭിക്കാമെന്ന് മന്ത്രി വെളിപ്പെടുത്തി. ചാമ്പ്യന്‍ഷിപ്പ് വീണ്ടും തടസ്സപ്പെടുകയാണെങ്കില്‍ പ്ലേ ഓഫ് സംവിധാനം ഉപയോഗിക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ഗബ്രീലി ഗ്രാവിന മന്ത്രിയോട് പറഞ്ഞു.
സിരി എ യിലും ഇറ്റാലിയന്‍ കപ്പിലുമായി 127 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. സിരി എ പുനരാരംഭിക്കും മുമ്പ് ഇറ്റാലിയന്‍ കപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഇറ്റാലിയന്‍ കപ്പില്‍ ഇന്റര്‍ മിലാന്- നാപ്പോളി, എസി മിലാന്- യുവന്റസ് രണ്ടാം പാദ സെമിഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ 13, 14 തീയതികളില്‍ നടക്കും. ഫൈനല്‍ ജൂണ്‍ 17 ന് അരങ്ങേറും. സിരി എയിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സച്ചര്‍ തീരുമാനിക്കാന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് ഉടന്‍ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: