കണ്ണൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥാപനത്തിലും ബാക്കി ഏഴ് ദിവസം നിശ്ചിത സൗകര്യങ്ങളുള്ള വീടുകളിലും നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇറക്കിയ പുതിയ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം.
ഏഴു ദിവസത്തെ സ്ഥാപന ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മാറുന്ന വീടുകള്‍ ക്വാറന്റൈന് അനുയോജ്യമാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയാമെന്ന് വീട്ടിലേക്ക് മാറുന്ന വ്യക്തിയില്‍ നിന്ന് ക്യാമ്പ് മാനേജര്‍ സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. വീട്ടിലേക്ക് മാറുന്നതിനുള്ള യാത്രാ സൗകര്യം ഓരോരുത്തരും സ്വന്തമായി ഒരുക്കണം. വാഹനത്തിന്റെ ഡ്രൈവർ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുകയും യാത്രയ്‌ക്കു ശേഷം വാഹനം അണുവിമുക്തമാക്കുകയും വേണം.
ഹോം ക്വാറന്റൈനിലേക്ക് മാറുന്ന വ്യക്തിയുടെ പേരുവിവരങ്ങള്‍ വീട് സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയെയും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറെയും അറിയിക്കണം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഹോം ക്വാറന്റൈനിലേക്ക് മാറുന്ന സമയം, തീയതി, വാഹന നമ്പര്‍, വീട് സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനം, വാര്‍ഡ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ക്യാമ്പ് മാനേജര്‍ ഡിസ്ചാര്‍ജ് രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം, തിരികെയെത്തുന്ന പ്രവാസികള്‍ തുടക്കത്തില്‍ തന്നെ സ്വന്തമായി കണ്ടെത്തുന്ന വീടുകളിലോ കെട്ടിടങ്ങളിലോ ക്വാറന്റൈനില്‍ കഴിയാന്‍ താല്‍പര്യപ്പെടുന്ന പക്ഷം കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ സഹിതം അതുള്‍പ്പെടുന്ന തദ്ദേശ സ്ഥാപന മേധാവിക്ക് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണമെന്നും മറ്റൊരു ഇത്തരവില്‍ ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നേരിട്ടോ ഇ-മെയില്‍, വാട്ട്‌സാപ്പ് വഴിയോ അപേക്ഷ നല്‍കാം. നേരിട്ട് നല്‍കാന്‍ കഴിയാത്തവരുടെ ബന്ധുക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് കെട്ടിടം അനുയോജ്യമാണെന്ന് കണ്ടെത്തുന്ന പക്ഷം തദ്ദേശ സ്ഥാപന സെക്രട്ടറി ദുരന്തനിവാരണ നിയമപ്രകാരം അത് ഏറ്റെടുത്ത് ക്വാറന്റൈന്‍ ഇന്‍സ്റ്റിറ്റിയൂഷനായി വിജ്ഞാപനം പുറപ്പെടുവിക്കുകയും അക്കാര്യം ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തിയെയും തദ്ദേശ സ്ഥാപന മേധാവിയെയും അറിയിക്കുകയും വേണം. അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനകം ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള വാഹന സൗകര്യം തദ്ദേശ സ്ഥാപന മേധാവി ഏര്‍പ്പെടുത്തുകയും അതിനുള്ള ചെലവ് വ്യക്തിയില്‍ നിന്ന് ഈടാക്കുകയും വേണം. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കേന്ദ്രത്തിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ പാടുള്ളൂ. വിവരം ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെ മുന്‍കൂട്ടി അറിയിക്കണം. നിയമാനുസൃതം അനുമതി ലഭിച്ചവര്‍ക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: