കൊച്ചി: കാലടി ശിവരാത്രി മണപ്പുറത്ത് ‘മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്തത് സംഘപരിവാര്‍ സംഘടനകളാണെന്ന വ്യാജ വാര്‍ത്ത നല്കിയ സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ നിയമ നടപടി തുടങ്ങി. മെയ് 27 ലെ കൊച്ചി എഡിഷനില്‍ പത്രത്തിന്റെ പത്താമത്തെ പേജില്‍ ”സിനിമാസെറ്റ് തകര്‍ത്ത കേസില്‍ മൂന്ന്പേര്‍കൂടി അറസ്റ്റില്‍” എന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തയുടെ രണ്ടാമത്തെ ഖണ്ഡികയില്‍ ”സംഘപരിവാര്‍ സംഘടനയായ ബജ്റംഗദളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം” എന്ന് പ്രസിദ്ധീകരിച്ചിരുന്നു.
ഈ വാര്‍ത്തക്കെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് വേണ്ടി വിശ്വഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡ് പ്രസിഡന്റ് വി.എസ് സുബിന് കുമാര്‍ അഡ്വ.ശ്രീനാഥ് മുഖാന്തിരം ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി.രാജീവിനും പബ്ലിഷര്‍ ആയ കെ.ജെ തോമസിനും എതിരെ അപകീര്‍ത്തി നോട്ടീസ് അയച്ചിരിക്കുന്നത്.
സിനിമ സെറ്റ് തകര്‍ക്കപ്പെട്ട അന്ന് തന്നെ സെറ്റ് തകര്‍ത്തത് അന്താരാഷ്ട്ര ഹിന്ദു പരിഷത്തും അതിന്റെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്റംഗ്ദളും ആണെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഈ സംഘടനക്ക് ആര്‍എസ്എസ്, ബി.ജെ.പി, വി.എച്ച്.പി തുടങ്ങിയുള്ള സംഘപരിവാര്‍ സംഘടനകളുമായി യാതൊരു ബന്ധവുമില്ല. സിപി.എം എന്ന സംഘടനയും സിപിഐ (എം.എല്‍) എന്ന സംഘടനയും രണ്ട് വ്യത്യസ്ത സംഘടനകളാണ് എന്നത് പോലെ ബജറംഗ്ദളും രാഷ്ട്രീയ ബജ്റംഗ്ദളും വ്യത്യസ്ത സംഘടനകളാണ് എന്നറിഞ്ഞു കൊണ്ട് തന്നെ സംഘപരിവാര്‍ സംഘടനകളെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഈ വാര്‍ത്ത ദേശാഭിമാനി നല്‍കിയത്.
നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം ക്ഷമാപണം നടത്തി തിരുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്നും, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുണ്ടായ അപകീര്‍ത്തിക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: