‘ഓ മാത്രുഭൂമി
നിനക്കു വേണ്ടിയുള്ള ത്യാഗമാണ് ജീവിതം
നീ ഇല്ലാത്ത ജീവിതമോ മൃത്യുവും’ സവര്‍ക്കര്‍
ആദ്യകാല ഇന്ത്യന്‍ വിപ്ലവ ചരിത്രത്തിന്റെ പഠനങ്ങളൊന്നും സാവര്‍ക്കറെ ഒഴിവാക്കി കൊണ്ട് സാധ്യമല്ലായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തെ ഇന്ത്യാ ചരിത്രം വേണ്ടപോലെ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നത് സംശയമാണ്. അദ്ദേഹത്തിന്റെ രചനകളും ചിന്തകളും സമഗ്ര മേഖലകളിലെ നിസ്തുല സംഭാവനകളും അത്രമേല്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നിട്ടും നമ്മുടെ ചരിത്രകാരന്മാര്‍ അദ്ദേഹത്തെക്കുറിച്ച് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇന്ത്യാ ചരിത്രത്തില്‍ വരച്ചു കാട്ടാഞ്ഞത് എന്തുകൊണ്ടായിരിക്കാം?
1926 ല്‍ ചിത്രഗുപ്തന്‍ എഴുതിയ ‘ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ ആയിരുന്നു അദ്ദേഹത്തെ കുറിച്ചുള്ള ആദ്യ ആത്മകഥ. പിന്നീട് ഹിന്ദു മഹാസഭയുടേയും ഇന്ദ്രപ്രകാശിന്റേയും കുറച്ച് തിരുത്തലുകളോടെ അതിന്റെ പുതിയ ഒരു പതിപ്പ് 1939 ല്‍ പുറത്തിറങ്ങി. ചിത്രഗുപ്തന്‍ യഥാര്‍ത്ഥത്തില്‍ സാവര്‍ക്കര്‍ തന്നെയാണെന്ന് 1987 ല്‍ പുറത്തിറങ്ങിയ പതിപ്പിന്റെ ആമുഖത്തില്‍ രവീന്ദ്രന്‍ വാമന്‍ രാംദാസ് പറയുന്നുണ്ട്. ഇതല്ലാതെ 1960 ല്‍ ശ്രീ ധനജ്ജയ് കീര്‍ എഴുതിയ വേറൊരു ജീവചരിത്രം കൂടി കാണുന്നു.
സാധാരണ മഹാന്മാരെക്കുറിച്ചുള്ള രചനകള്‍ വ്യത്യസ്ത തലമുറകളില്‍പ്പെട്ട രചയിതാക്കളാല്‍ വിവിധ കാലഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് രചിക്കപ്പെടാറുണ്ട്. അതിന് എത്രയോ ഉദാഹരങ്ങള്‍ കാണാം. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെക്കുറിച്ച് ആത്മകഥകളെ കൂടാതെ അടുത്ത കാലത്തു ഒരു സിനിമ വരെ ഉണ്ടായിട്ടുണ്ട്. ഭഗത് സിങ്ങിനെക്കുറിച്ചും സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചും ശ്യാമപ്രസാദ് മുഖര്‍ജിയെക്കുറിച്ചുമെല്ലാം എത്രയോ ഗ്രന്ഥങ്ങള്‍ നമുക്ക് ലഭ്യമാണ്. ഗാന്ധിയെക്കുറിച്ചോ നെഹറുവിനെക്കുറിച്ചോ പറയുകയും വേണ്ട. എന്നാല്‍ സാവര്‍ക്കറെക്കുറിച്ചാവട്ടെ അങ്ങിനെ ഒന്നും സംഭവിച്ചു കാണുന്നുമില്ല. സാവര്‍ക്കറുടെ കൃതികളില്‍ സംഹഭാഗവും മറാത്തി ഭാഷയിലാണ് രചിക്കപ്പെട്ടിരുന്നത് എന്നത് മറ്റൊരു കാരണമായിരുന്നിരിക്കാം.
1883 മേയ് മാസം 28 ആം തിയ്യതി നാസിക്കിലെ ഭാഗൂറില്‍ ചിത്പവന്‍ ബ്രാഹ്മണ കുടുബത്തില്‍ ശ്രീമതി രാധാ ഭായിയുടേയും ദാമോദര്‍ പാന്ഥിന്റേയും മകനായിട്ടാണ് സാവര്‍ക്കര്‍ ജനിച്ചത്. വിനായകിനെ കൂടാതെ ഗണേഷ്, നാരായണന്‍ എന്നീ രണ്ടു സഹോദരന്മാരും മൈനാഭായി എന്നൊരു സഹോദരിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 1892 ല്‍ വിനായക് സാവര്‍ക്കറിന് ഏകദേശം ഒന്‍പത് വയസ്സുള്ളപ്പോള്‍ മാതാവ് മരണമടഞ്ഞു. 1899 ല്‍ പിതാവും മരണമടഞ്ഞതോടെ ജ്യേഷ്ഠ സഹോദരനായ ഗണേഷ് ആണ് തന്റെ ഇളയ സഹോദരങ്ങളേയും സഹോദരിയേയും സംരക്ഷിച്ചിരുന്നത്.
അദ്ദേഹം ജനിച്ചു വളര്‍ന്ന മണ്ണ് വിപ്ലവകാരികളുടെ മണ്ണായിരുന്നു. അദ്ദേഹം ജനിച്ച സമുദായത്തെക്കുറിച്ച് പറഞ്ഞാല്‍ വിപ്ലവകാരുടെ ജന്മത്താല്‍ സമൃദ്ധമായതും. കുട്ടിക്കാലം മുതല്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട സാവര്‍ക്കര്‍ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുബോള്‍ തന്നെ വിപ്ലവ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ജാതീയമായി ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷുകാര്‍ എന്നും പ്രയോഗിച്ചിരുന്ന തന്ത്രമായിരുന്നല്ലോ.
സാവര്‍ക്കറിന്ന് 12 വയസ്സു മാത്രം പ്രായമുള്ളപ്പോള്‍, തന്റെ ഗ്രാമത്തില്‍ ഹിന്ദു മുസ്ലീം വര്‍ഗീയ സമരത്തിന്ന് അദ്ദേഹം സാക്ഷ്യം വഹിച്ചു. ഒരു കൂട്ടം മുസ്ലീമുകള്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ അക്രമം നടത്തുകയും, ഗ്രാമവാസികളെ ഇസ്ലാം മതം സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തു. പ്രായത്തിലും എണ്ണത്തിലും കുറവാണെങ്കിലും സ്വന്തം ഗ്രമത്തിലെ തരുണന്മാരെ തന്നോടൊപ്പം കൂട്ടാനും അവരുടെ ഗ്രാമത്തെ ആക്രമിച്ച മുസ്ലീമുകളെ, സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ നിന്നും തുരത്താനും ആ കുട്ടി പട്ടാളത്തിന്ന് കഴിഞ്ഞു. അവരുടെ ഗ്രാമത്തില്‍ ആക്രമിച്ചുവന്ന അന്യരായ എല്ലാവരേയും തുരത്തുന്നതു വരെ ആ കുട്ടികള്‍ പൊരുതി.
ആയിടക്കുണ്ടായ മറ്റൊരു സംഭവം ചിത്പവന്‍ സമുദായത്തില്‍ പ്പെട്ട, ഇന്ത്യന്‍ വിപ്ലവ പോരാളികള്‍ ആയിരുന്ന ‘ചാഫേക്കര്‍ ‘ സഹോദരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായിരുന്നു. 1890 ല്‍ പടര്‍ന്നുപിടിച്ച പ്ലേഗ് മഹാമാരിയെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രത്യേകം അധികാരപ്പെടുത്തിയ ‘റാന്‍ഡ’ യേയും ‘ ലെഫ്.അയ് റെസ്റ്റിനേയും ‘ വധിച്ചതിനായിരുന്നു അത്. രോഗ നിയന്ത്രണത്തിനെന്ന പേരില്‍ ഹിന്ദു ഭവനങ്ങളില്‍ അനാവശ്യ പരിശോധനകള്‍ നടത്തുകയും, ആരാധനാ മുറികള്‍ അലങ്കോലപ്പെടുത്തുകയും, വീട്ടുസാധനങ്ങള്‍ വലിച്ചു വാരി ഇടുകയും, വീട്ടിലെ സ്ത്രീകളെ വികലമായി കൈകാര്യം ചെയ്തതിനും ആയിരുന്നു അവരെ കൊലപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായി മാറി. ചാഫേക്കര്‍ സഹോദരന്മാരുടെ വധശിക്ഷ നടപ്പാക്കിയത് അറിഞ്ഞതിന്നുശേഷം അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു.
സാവര്‍ക്കറിന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍ : ‘എന്റെ രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയെ ഓര്‍ത്ത് എന്റെ ഹൃദയം വീര്‍പ്പുമുട്ടി. ഉറക്കം വരാതെ കിടന്ന ഞാന്‍ രാത്രിയിലെപ്പോഴോ എഴുന്നേറ്റ് എന്റെ പൂജാമുറിയില്‍ പോയി, ഭദ്ര ദീപം കൊളുത്തി, എന്റെ കുടുമ്ബ ദേവതയായ, എട്ടു കൈകളുള്ള അഷ്ടഭുജ ദേവിയെ തൊഴുത് , മനസ്സില്‍ ധ്യാനിച്ച്, സ്വയം സമര്‍പ്പിച്ച് , എന്റെ കരങ്ങള്‍ ദേവിയുടെ ത്രിപ്പാദങ്ങളില്‍ തൊട്ട് , ദേവിയുടെ സമ്മതം കിട്ടിയെന്ന് സങ്കല്‍പിച്ച്, ദേവി എനിക്ക് സാക്ഷിയാണെന്ന് കരുതി ഒരു പ്രതിജ്ഞ എടുത്തു.
എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ചാഫേകര്‍ സഹോദരരെ പോലെ, എന്റെ ശത്രുക്കളെ സായുധവിപ്ലവത്തിലൂടെ ഇല്ലായ്മ ചെയ്തു മരണത്തെ പുല്‍കുകയോ, അതല്ലെങ്കില്‍ ഛത്രപതി ശിവജിയേ പോലെ വിജയശ്രീലാളിതനായി തിരിച്ചു വന്ന് വിജയ കിരീടം എന്റെ മാതൃഭൂമിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുകയോ ചെയ്യും. ഞാന്‍ വിപ്ലവ പതാക ഉയരത്തില്‍ പറത്തിക്കൊണ്ട് അവസാന ശ്വാസം വരെ പൊരുതും. ‘ പിന്നീടുള്ള കാലങ്ങളില്‍ എന്റെ ഈ പ്രതിജ്ഞക്ക് എന്നെന്നും എന്നില്‍ ശക്തിയായ സ്വാധീനം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളില്‍ പോലും ഇതിന്ന് ഒരു മങ്ങലും ഏറ്റിട്ടില്ല .
പിന്നീട്, കേവലം 15 വയസ്സു മാത്രം പ്രായമായ അദ്ദേഹം ദേശീയവാദ ആശയങ്ങള്‍, ഉന്നയിക്കുവാനായി ‘മിത്ര മേള ‘ എന്ന പേരില്‍ ഒരു യുവജന സംഘടന രൂപീകരിച്ചു. ഒരു രഹസ്യ സംഘടന ആയിരുന്നു അതു്. ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനത്തിന്ന് ഒരു ഉപരിതല സംഘടന അത്യാവശ്യമായി വന്നു. അങ്ങിനെയാണ് പില്‍ക്കാലത്തു് അഭിനവ് ഭാരത് എന്ന സംഘടന കൂടി രൂപീകൃതമായത്.
അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചു പറഞ്ഞാല്‍ 1901 ലായിരുന്നു യമുനാ ഭായി (അഥവാ മായി ) യുമായുള്ള വിവാഹം. ബോംബെയിലെ ഒരു പ്രവിശ്യയിലെ ദിവാനായിരുന്ന ബാവു റാവു ചിപ്ലങ്കറുടെ പുത്രി ആയിരുന്നു വധു. അവര്‍ക്ക് നാലുമക്കളായിരുന്നു. മൂത്തപുത്രന്‍ പ്രഭാകര്‍ (സാവര്‍ക്കര്‍ ഇംഗ്ലഡിലായിരുന്ന സമയത്ത് മരണപ്പെട്ടു). മൂത്ത പുത്രി പ്രഭാത് . രണ്ടാമത്തെ പുത്രി ശാലിനി (ബാല്യത്തിലേ മരണമടഞ്ഞു). നാലാമത്തെ പുത്രന്‍ വിശ്വാസ് എന്നിവര്‍ ആായിരുന്നു. യമുനാ ഭായി 1962 ല്‍ ഇഹലോകവാസം വെടിഞ്ഞു.
1902 ല്‍ അദ്ദേഹം പൂനയിലെ ഫെര്‍ഗൂസണ്‍ കോളേജില്‍ ആ അ ക്ക് ചേര്‍ന്നു. ആ കാലഘട്ടത്തില്‍ പ്രസിദ്ധനായ സ്വാതന്ത്യസമര നായകന്‍ ലോകമാന്യ തിലകന്റെ വിദേശ വസ്ത്ര ബഹിഷ്‌കരണ ആഹ്വാനത്തില്‍ ആകൃഷ്ടനായി, ദസറ ഉത്സവ വേളയില്‍ ശേഖരിച്ച വിദേശവസ്ത്രങ്ങള്‍ കോളേജ് അധികൃതരുടെ അനിഷ്ടം വകവക്കാതെ, കത്തിച്ചു.
അദ്ദേഹത്തിന്ന് അപ്പോള്‍ കേവലം 18 വയസ്സേ ഉണ്ടായിരുന്നുള്ളു. കോളേജ് ജീവിതത്തില്‍ അദ്ദേഹം ഒരു നല്ല സംഘാടകനും , പ്രസംഗകനും മാത്രമായിരുന്നില്ല ദേശീയത, ഹിന്ദു മതം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി രചിച്ച ഒട്ടനവധി കവിതകളുടേയും ഗ്രന്ഥങ്ങളുടേയും രചയിതാവ് കൂടി ആയിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ക്ക് വിദേശിയായ പ്രധാന അദ്ധ്യാപകന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പൂനയിലെ കോളേജ് ക്യാംപസ് ഒട്ടും അനുകൂലമല്ലാതിരുന്ന സാഹചര്യത്തില്‍ അതിന്ന് സധൈര്യം മുന്നോട്ടു വന്ന ആ ചെറുപ്പക്കാരനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍’ വീര്‍’ ( വീരന്‍) എന്ന അലങ്കാരം പേരിനൊപ്പം ചേര്‍ത്തു കൊടുത്തതിനോട് വിയോജിക്കാന്‍ കഴിയില്ല. കോളേജിലെ രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങക്ക് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നെങ്കിലും കോളേജ് ബിരുദം വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ അദ്ദേഹത്തിന്ന് കഴിഞ്ഞു.
കോളേജ് വിദ്യാഭ്യാസത്തിന്നുശേഷം ലോകമാന്യ തിലകന്റെ സുഹൃത്തും ഇംഗ്ലഡില്‍ ഇന്ത്യന്‍ ദേശീയ പ്രവര്‍ത്തകനുമായിരുന്നശ്യാംജി ക്രുഷ്ണ വര്‍മ്മ തരപ്പെടുത്തിക്കൊടുത്ത സ്‌ക്കോളര്‍ഷിപ്പോട് കൂടി സാവര്‍ക്കര്‍ ബാരിസ്റ്റര്‍ പഠനത്തിനായി അങ്ങോട്ടുപോയി. സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷ ശുപാര്‍ശ ചെയ്തു കൊണ്ട് ലോക മാന്യ തിലകന്‍ ശ്യാംജി ക്ക് ഇങ്ങനെ എഴുതി. ‘സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ വളരെയേറെ അപേക്ഷകള്‍ ഉള്ളപ്പോള്‍ താങ്കളുടെ ശ്രദ്ധയിലേക്ക് ഇങ്ങനെ എഴുതുന്നതു കൊണ്ട് പ്രയോജനമുണ്ടാകുമോ എന്നറിയില്ല. എന്നിരുന്നാലും അപേക്ഷകരുടെ കൂട്ടത്തില്‍ ബോംബെയില്‍ നിന്ന്, കഴിഞ്ഞ വര്‍ഷം ബിരുദ പഠനം പൂര്‍ത്തിയാക്കിയ സാവര്‍ക്കര്‍ എന്നൊരു ബാലനുണ്ട്. ദേശീയ പ്രസ്ഥാനത്തെ വളരെ ഉത്സാഹത്തോടെ കാണുന്ന ഊര്‍ജസ്വലനായ അവന്ന് ഫര്‍ഗൂസണ്‍ കോളേജ് അധിക്രുതരുടെ അപ്രീതിക്ക് പാത്രീഭൂതനാകേണ്ടി വന്നിട്ടുണ്ട്. അവന്ന് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ താല്പര്യമില്ല. അവന്റെ സ്വഭാവം വളരെ നല്ലതാണ് ‘ . എന്തായാലും അദ്ദേഹത്തിന്ന് സ്‌ക്കോളര്‍ഷിപ്പ് തരപ്പെടുകയും ഇംഗ്ലഡിലേക്ക് പോകാന്‍ സാധിക്കുകയും ചെയ്തു.
ജന്മനാടിനെ സ്വതന്ത്രമാക്കാനുള്ള സാവര്‍ക്കറുടെ ദ്രുഢനിശ്ചയം മൂലം അവിടേയും വെറുതെയിരിക്കാന്‍ കഴിഞ്ഞില്ല. ലണ്ടനില്‍ അദ്ദേഹം ചെറുപ്പക്കാരേയും സഹപാഠികളേയും കൂട്ടി ‘ ഫ്രീ ഇന്‍ന്ത്യ സൊസൈറ്റി ‘ എന്ന സംഘടന രൂപീകരിച്ചു. ഭായി പരമാനന്ദ്, സേനാപതി ബാപ്പട് , ലാലാ ഹര്‍ ദയാല്‍ എന്നിവര്‍ അതില്‍ ഉപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിപ്ലവ ആശയങ്ങള്‍ ഇറ്റാലിയന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകനും , പത്ര പ്രര്‍ത്തകനും , ഇറ്റലിയുടെ ഏകീകരണത്തിന്നായി അക്ഷീണം പ്രവര്‍ത്തിച്ച , ഇറ്റാലിയന്‍ വിപ്ലവ പ്രസ്താനത്തിന്റെ നായകനുമായ ‘ജുസെപ്പെ മറ്റ്‌സീനി ‘ ആയിരുന്നു. ഫ്രീ ഇന്ത്യ സൊസൈറ്റിയിലെ അംഗങ്ങളെ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രചോദിപ്പിക്കുകയും, വിപ്ലവകരമായ പ്രവര്‍ത്തികളിലൂടെ അത് നേടിയെടുക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ സമര പ്രക്ഷോഭം അന്തര്‍ദ്ദേശീയ തലത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 1907 ല്‍ ജര്‍മ്മനിയില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാന്‍ മാഢം ബിക്കാജി കാമ യെ നിയോഗിച്ചതും സാവര്‍ക്കാണ്. സാവര്‍ക്കര്‍ രൂപകല്‍പന ചെയ്ത ദേശീയ പതാകയുമായാണ് മാഢം കാമ യോഗത്തില്‍ പങ്കെടുത്തത്.
ഗഹനമായ വായനക്കാരനായിരുന്ന സാവര്‍ക്കര്‍ യുദ്ധ രീതികളെക്കുറിച്ചും വിശിഷ്യ ഒളിപോരാളി യുദ്ധമുറകളെക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ വായിക്കുകയും അവ അദ്ദേഹം തുടങ്ങി വച്ച പ്രസ്ഥാനങ്ങളിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്നു വേണ്ടി ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേനയിലൂടെയും ചരിത്രത്തിന്റെ വ്യാഖാനങ്ങളിലൂടെയും ആണ് അദ്ദേഹം അണികളെ വിപ്ലവത്തിലേക്ക് തയ്യാറാക്കിയത്. അദ്ദേഹം ഒരിക്കലും തോക്ക് സ്വയം ഉപയോഗിച്ചിട്ടില്ല. പേന ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവു വലിയ ആയുധം. നമ്മുടെ സ്വാതന്ത്ര്യത്തിന്ന് നിരായുധ സമരങ്ങളേക്കാള്‍ ഉചിതം സായുധ സമരങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഗറില്ലാ യുദ്ധത്തിന്ന് ഊന്നല്‍ നല്കി ഒരു പുസ്തകം, ഇന്ത്യന്‍ സ്വാതന്ത്ര്യ യുദ്ധത്തിന്റെ ചരിത്രം, എന്ന പേരില്‍ അദ്ദേഹം രചിച്ചു. ഇന്‍ഡ്യന്‍ സ്വതന്ത്ര സമരത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ പുസ്തകം ഇതായിരുന്നു. പുസ്തകരചനയെ ക്കുറിച്ചറിഞ്ഞ ബ്രിട്ടീഷ് ഗവര്‍മെന്റ് പ്രസിദ്ധീകരണത്തിന്നു മുന്‍പു തന്നെ അതിനെ നിരോധിച്ച് ചരിത്രം സ്രഷ്ടിച്ചു. സ്‌കോട്ടലണ്ട് യാര്‍ഡിനെ കമ്പളിപ്പിച്ച് കൈയ്യെഴുത്തു പ്രതി പുറത്തു കടത്തി ഫ്രാന്‍സിലും, ജര്‍മനിയിലും മറ്റുമായി അതിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി രഹസ്യമായി അടിപ്പിച്ച് രഹസ്യമാര്‍ഗത്തില്‍ തന്നെ ഭാരതത്തിലും , സ്വതന്ത്ര്യ സമര പോരാളികള്‍ പ്രവര്‍ത്തിച്ചിരുന്ന അമേരിക്കയിലും, കാനഡയിലും, ചീനയിലും ഒക്കെ അതു പ്രചരിപ്പിച്ചു. ഈ പുസ്തകം പിന്നീട് വിപ്ലവകാരികളുടെ ആവേശമായി.
സാവര്‍ക്കുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മേല്‍ വിധി അടിച്ചേല്‍പ്പിച്ച അന്‍പതു വര്‍ഷം നീണ്ടു നിന്ന ഇരട്ട ജീവപര്യന്തം തടവാണ്. അതിന്ന് കാരണമായത്, ഒന്നാമതായി വിനായക ദാമോദര്‍ സാവര്‍ക്കറുടെ ജേഷ്ട സഹോദരന്‍ ഗണേഷ് സാവര്‍ക്കര്‍ പതിനാറ് പേജ് ദൈര്‍ഘ്യം വരുന്ന ‘കവി ഗോവിന്ദന്റെ ‘ ഗാനങ്ങള്‍ അടങ്ങുന്ന ഒരു ചെറിയ പുസ്തകം അക്കാലത്ത് പ്രസിദ്ധീകരിച്ചു. ഗവണ്‍മെന്റ് ഇതിനെതിരെ കേസ്സെടുത്ത് ഗണേഷ് സാവര്‍ക്കറെ പ്രതി ചേര്‍ക്കുകയും ശിക്ഷിക്കുകയും ചെയ്തു. അന്ന് നാസിക്കില്‍ മജിസ്റ്റ്‌റേറ്റായിരുന്ന എ.എം.ടി. ജാക്‌സണ്‍ ( ആര്‍തര്‍ മേസണ്‍ ട്രിപ്പെറ്റ്‌സ് ജാക്‌സണ്‍) ആയിരുന്നു ശിക്ഷ വിധിച്ചത്. അദ്ദേഹത്തെ അഭിനവ്വ് ഭാരത് സൊസൈറ്റിയുടെ പ്രവര്‍ത്തകനും , 17 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അനന്ത് ലക്ഷമണ്‍ കാബ്ബരേ 1909 ഡിസമ്പര്‍ 21 ന് നാസിക്കില്‍ വച്ച് വെടി വെച്ചു കൊന്നു. ഈ സംഭവത്തില്‍ സാവര്‍ക്കര്‍ക്ക് പങ്കുണ്ടെന്ന കുറ്റാരോപണം ഉയര്‍ന്നു.
രണ്ടാമതായി പഞ്ചാബിലെ സമ്പന്ന കുടുമ്പത്തില്‍ പിറന്ന മദന്‍ലാല്‍ ഡിന്‍ഗ്ര എന്‍ജിനീയറിങ്ങ് പഠനത്തിന്നായി ഇംഗ്ലഢിലേക്ക് എത്തി. താമസം ശ്യാംജി ക്രുഷ്ണ വര്‍മ യുടെ ഇന്ത്യ ഹൗസില്‍ ആയിരുന്നു. അഭിനവ് ഭാരത് സൊസൈറ്റി, ഇന്ത്യന്‍ ഹോം റൂള്‍ സൊസൈറ്റി എന്നീ വിപ്ലവ സംഘടകളുമായി അടുത്തു പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാറിന്റെ എ.ഡി.സി ആയിരുന്ന സര്‍ കഴ്‌സണ്‍ വൈലിയെ , വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന്റെ പേരില്‍ മദന്‍ലാല്‍ ഡിന്‍ഗ്ര 1909 ജൂലായ് 1 ന്ന് ലണ്ടനില്‍ വച്ച് വെടി വെച്ചു കൊന്നു. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വവും സാവര്‍ക്ക് നേരെ ആയിരുന്നു വിരല്‍ ചൂണ്ടിയത്. പുറമെ ബ്രിട്ടീഷ് ഭരണത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പങ്കാളിത്തം പരിമിതപ്പെടുത്തുന്ന മിന്റ്റോ മോര്‍ളി പരിഷ്‌കരണത്തിനെതിരെ സാവര്‍ക്കറുടെ സഹാദരന്‍ ഗണേഷ് നടത്തിയ സായുധ കലാപത്തിന്റെ ആസൂത്രണവും കുറ്റാരോപണവും സാവര്‍ക്കറിന്റെ പേരില്‍ ബ്രിട്ടീഷ് ഭരണകൂടം ആരോപിച്
പോലീസിന്റെ പിടിയിലകപ്പെട്ട അദ്ദേഹത്തെ ലണ്ടനിലെ ബ്രിക്സ്റ്റണ്‍ ജയിലിലേക്ക് മാറ്റി. വിചാരണക്കായി സവര്‍ക്കറെ ഇന്ത്യയിലേക്ക് അയക്കാന്‍ തീരുമാനിച്ച പ്രകാരം ‘ എസ്. എസ്. മോറ ‘ എന്ന കപ്പലില്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകവെ , ഫ്രാന്‍സിലെ ഏറ്റവും തിരക്കേറിയ പട്ടണമായ മാര്‍സിലേര്‍ഴ്‌സിന്റെ പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കപ്പലില്‍ നിന്ന് സവര്‍ക്കര്‍ അതി സാഹസികമായി കടലിലേക്ക് എടുത്തു ചാടി കിലോമീറ്ററുകളോളം നീന്തി രക്ഷപ്പെടുവാന്‍ ശ്രമിച്ചു. പക്ഷെ ഫ്രഞ്ചു കരയില്‍ വച്ച് ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ വീണ്ടും പിടിക്കുകയും തടങ്കലില്‍ വക്കുകയും ചെയ്തു. ഫ്രാന്‍സിന്റെ അധികാര പരിധിയില്‍ വച്ച് ബ്രിട്ടീഷ് പോലീസ് സവര്‍ക്കറെ അറസ്റ്റ് ചെയ്തത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു, ഈ വിഷയം അന്താരാഷ്‌ട്ര ശ്രദ്ധ ആകര്‍ഷിച്ച് അന്താരാഷ്‌ട്ര കോടതിക്കു മുന്‍പിലെത്തി. എന്നാല്‍ കോടതി വിധി വന്നതു സാവര്‍ക്കറെ ഇന്ത്യന്‍ മിലിറ്ററി പോലീസിന്ന് കൈമാറാനായിരുന്നു. വിചാരണ തടവുകാരനായി ബോംബെയില്‍ എത്തിയ സാവര്‍ക്കറെ പൂനയിലെ യേര്‍വാദ ജയിലിലേക്ക് കൊണ്ടുപോയി. വിചാരണക്കു ശേഷം 28 വയസ്സുള്ള സവര്‍ക്കറിനെ ഇരട്ട ജീവപര്യന്തം കഠിന തടവിന്ന് ശിക്ഷിക്കുകയും 1911 ജൂലൈ 4 ന് കുപ്രസിദ്ധമായ ആന്‍ ഢമാനിലെ സെല്ലുലാര്‍ ജയിലിലേക്ക് അയക്കുകയും ചെയ്തു. സവര്‍ക്കറുടെ നരക ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.
സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറെ പരമാവധി മനുഷ്യത്വരഹിതമായാണ് കൈകാര്യം ചെയ്തിരുന്നത്. ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, ഒരു മൂലയിലുള്ള മുറിയാണ് അദ്ദേഹത്തിന്ന് അനുവദിച്ചത്. കുറച്ചു ഭക്ഷണവും കുറഞ്ഞ വസ്ത്രങ്ങളും നല്‍കി, ദിവസേന മണിക്കൂറുകളോളം കാളകളെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന എണ്ണയാട്ടുന്ന ചക്കുകളില്‍ ജോലി ചെയ്യിച്ചു. ഇത്തരം നിഷ്ടൂരമായ പീനങ്ങള്‍ കൊണ്ടൊന്നും സാവര്‍ക്കര്‍ ഒരിക്കലും തളര്‍ന്നില്ല. അദ്ദേഹത്തെ താമസിപ്പിച്ചിരുന്ന സെല്ലില്‍ നിന്നും കാണത്തക്കവിധമായിരുന്നു തടവുകാരെ തൂക്കിക്കൊല്ലുന്ന സംവിധാനം. തൂക്കിലേറ്റുന്നവര്‍ അനുഭവിക്കുന്ന വധശിക്ഷയില്‍ സാവര്‍ക്കര്‍ക്കുള്ള പങ്കിനെക്കുറിച്ച് അടിക്കടി ഓര്‍മ്മിപ്പിക്കുന്നതിന്നു വേണ്ടിയാണ് ജയില്‍ അധിക്രുതര്‍ മനപ്പൂര്‍വം അങ്ങിനെ ഒരു സെല്‍ അദ്ദേഹത്തിന്ന് അനുവദിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി സാവര്‍ക്കറുടെ പ്രവ്രുത്തികളെല്ലാം രാഷ്‌ട്രീയപരമായിരുന്നു. എന്നാല്‍ ജയില്‍ സൂപ്രണ്ടും ജയിലറും രാഷ്ടീയ തടവുകാരുടെ ആനുകൂല്ല്യങ്ങളുടേയും ഇളവുകളുടേയും (നല്ല നടപ്പു മൂലം കൊടുക്കുന്ന പരോള്‍, ശിക്ഷാ കാലയിളവുകള്‍ മുതലായവ) കാര്യം വരുമ്പോള്‍ അദ്ദേഹത്തെ സാധാരണ തടവുകാരനായും സാധാരണ തടവകാരുടെ കാര്യം വരുമ്പോള്‍ അദ്ദേഹത്തെ രാഷ്‌ട്രീയ തടവുകാരനായും ആണ് കണ്ടിരുന്നത്. കഠിന തടവുകാര്‍ക്ക് കൊടുത്തിരുന്ന മറ്റൊരു കൊടിയ ശിക്ഷ കൈ വിലങ്ങു വച്ച് മുകളിലേക്ക് ഉയര്‍ത്തിക്കെട്ടി, കാലുകള്‍ അകത്തി വച്ച് , അടിവസ്ത്രങ്ങള്‍ മാത്രം ധരിപ്പിച്ച്, ഭക്ഷണമോ വെള്ളമോ കൊട്ടക്കാതെ എട്ടും പത്തും മണിക്കൂര്‍ നിര്‍ത്തുമായിരുന്നു. ജലപാനമോ, പ്രാഥമിക കൃത്യങ്ങള്‍ നിവര്‍ത്തിക്കുവാനുള്ള ആനുകൂല്യമോ പോലും ഇടക്ക് അനുവദിക്കാറില്ലായിരുന്നു. ഉയര്‍ത്തി കെട്ടിവെച്ച കൈകളുടെ കഴപ്പ്, മലമൂത്ര ശങ്കവന്നാല്‍ നിന്ന നില്‍പില്‍ തന്നെ സാധിച്ച് അതില്‍ ചവുട്ടിയുള്ള നില്പ് ഇതൊക്കെ മനുഷ്യത്വരാഹിത്യത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ഇത്തരം ശിക്ഷക്ക് മേല്‍നോട്ടം വഹിക്കാന്‍ പഠാണികളും മുസല്‍മാരുമായ ജയില്‍ ജീവനക്കാരെയാണ് പ്രത്യേകം നിയോഗിച്ചിരുന്നതു്. തളര്‍ന്നു വീഴുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണമോ, കീടങ്ങളും പുഴുക്കളും അരിക്കുന്ന വൃത്തിഹീനമായ പിഞ്ഞാണങ്ങളിലും. ഇതെല്ലാം എന്തുമാത്രം വര്‍ഷങ്ങളാണ് സാവര്‍ക്കര്‍ അനുഭവിച്ചത്.
ഇത്ര കഠിന ശിക്ഷ അനുഭവിക്കുന്ന കാലത്തും അദ്ദേഹത്തിന്റെ മനസ്സു നിറയെ ഇന്ത്യയുടെ സ്വാതന്ത്യവും ഹിന്ദുയിസത്തെക്കുറിച്ചുള്ള സ്വതന്ത്രമായ ആശയങ്ങളുമായിരുന്നു. ആദ്യകാലങ്ങളില്‍ ഇതെല്ലാം രേഖപ്പെടുത്തി വക്കുവാന്‍ തടവറയിലെ ചുമരുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പതിമൂന്നു വര്‍ഷം അവിടുത്തെ തടവറ ഭിത്തികളില്‍ അദ്ദേഹം ദേശീയതയെക്കുറിച്ച് അനന്തമായ തിരക്കഥകള്‍ എഴുതി. ഒരു ഹിന്ദുവിനെ അദ്ദേഹം വിശേഷിപ്പിച്ചത് ഭാരതത്തിലെ ദേശസ്‌നേഹിയായ ഒരു നിവാസി ആയിട്ടാണ്. ഹിന്ദുവതയും ഹിന്ദുത്വവും ഒന്നല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദു മതം, ജൈനമതം, സിഖ് മതം, ബുദ്ധമതം എന്നിവ ഒന്നു തന്നെയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിത കാലത്തു പ്രധാനമായും എട്ടോളം പുസ്തകങ്ങളും പതിനായിരത്തില്‍പരം പേജുകളില്‍ മറാത്തി ഭാഷയില്‍ മറ്റു സാഹിത്യ സൃഷ്ടികളും നടത്തി. ആന്‍ഡമാനിലെ തടവറയിലെ രചനകളെക്കുറിച്ച് അദ്ദഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍
‘ഭിത്തി കടലാസ് കട്ടിക്കാരമുള്ള് പെന്‍സിലും. എന്റെ വാതിലിന്റെ ബോള്‍ട്ടില്‍ ഞാനൊരു കൂര്‍ത്ത ആണി ഒളിച്ചു വച്ചു. എന്നെ മുറിയില്‍ അടച്ചുപൂട്ടി പോയാല്‍ ഉടന്‍ ഞാന്‍ ആ പെന്‍സില്‍ കൊണ്ട് വരച്ച കള്ളികളില്‍ എഴുത്തു തുടങ്ങും. 7ാം നമ്പര്‍ സെല്ലിന്റെ എല്ലാ ഭിത്തികളിലും ഇങ്ങനെ കുറിച്ചു തീര്‍ത്തു. ഓരോ ഭിത്തിയും ഓരോ പുസ്തകമായി. ഉദാഹരണത്തിന്ന് ഞാന്‍ നൂല്‍ നെയ്യാന്‍ നിയോഗിക്കപ്പെട്ട മുറിയുടെ ഭിത്തി നിറയെ സ്‌പെന്‍സറുടെ ‘ഫസ്റ്റ് പ്രിന്‍സിപ്പിള്‍സി ‘ ന്റെ മുഴുവന്‍ ചുരുക്കം എഴുതിയിരുന്നു. ഈ ഏഴാം വാര്‍ഡിന്റെ ചുമരുകളിലാണ് എന്റെ ‘കമല ‘ എന്ന കവിതാ ഗ്രന്ഥം എഴുതി നിറച്ചത്. മറ്റൊരു സെല്ലില്‍ രാഷ്‌ട്രീയ സമ്പത്ശാസ്ത്രത്തെക്കുറിച്ചുള്ള മില്ലിന്റെ ക്രുതിയില്‍ നിന്നും ഗ്രഹിച്ച എല്ലാ നര്‍വചനങ്ങളും ഞാന്‍ എഴുതി വച്ചു. എന്നെ ഒരു മുറിയില്‍ നിന്ന് മറൊരു മുറിയിലേക്ക് മാറ്റുമ്പോള്‍ അവിടേക്ക് മാറ്റപ്പെടുന്ന രാഷ്‌ട്രീയ തടവുകാരന് എന്നില്‍ നിന്നെന്ന പോലെ പഠിക്കാന്‍കഴിയേണമെന്നായിരുന്നു എന്റെ ഉദ്ദേശം…… ഓരോ വര്‍ഷവും ഭിത്തികള്‍ വെള്ള വലിക്കുമ്പോള്‍ എഴുതിയതൊക്കെ നശിച്ചു പോകുമായിരുന്നു.. അതിന്നു മുന്‍പ് ഈ എഴുതിയതൊക്കെ മന: പാഠമാക്കേണ്ടി വന്നു. ‘
സ്വന്തം ഉറ്റവരുടേയും ഉടയവരുടേയും സാമീപ്യത്തിന്നായി ദാഹിക്കുന്ന, അവരെ കണ്‍ നിറയെ ഒന്നു കാണുവാന്‍ ആഗ്രഹിക്കുന്ന, അവരോട് ഒന്നു മിണ്ടാന്‍ വര്‍ഷങ്ങളോളം കരുതി വച്ച വാക്കുകള്‍ അവരെ കാണുബോള്‍ ഉണ്ടാവുന്ന വിചാര വിക്ഷുബ്ധതക്കിടയില്‍ തൊണ്ടയില്‍ നിന്ന് പുറത്തേക്ക് വരാത്തതു കൊണ്ട് വിഷമിക്കുന്ന ഒരു തടവുകാരന്റെ നേര്‍സാക്ഷ്യം ഇവിടെ പരാമര്‍ശിക്കാതിരിക്കാന്‍ കഴിയുന്നില്ല. സാവര്‍ക്കുടെ പത്‌നി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സെല്ലുലാര്‍ ജയിലിലേക്ക് വന്ന സംഭവം അദ്ദേഹം എന്റെ ജയില്‍ ജീവിത ചരിതം പേജ് 32 , 33 ല്‍ വിവരിക്കുന്നത് വായിച്ചാല്‍ വായനക്കാരന്റെ കണ്ണുകള്‍ നനഞ്ഞു പോകും. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ….. ‘ ഞാന്‍ ഓഫീസിലേക്ക് വന്നപ്പോള്‍ കണ്ടതെന്തായിരുന്നു. എന്റെ പത്‌നിയും അവളുടെ സഹോദരനും മുന്നില്‍ നില്‍ക്കുന്നതായി കണ്ടു. അഴിയിട്ട ജനലിന്നരികെ, ഒരു തടവുപുള്ളിയുടെ വേഷത്തില്‍ പ്രകുതത്തിലാകമാനം ദയനീയ സ്ഥിതി ആലേഖനം ചെയ്യപ്പെട്ട നിലയില്‍ കാലില്‍ കനത്ത ചങ്ങലപ്പൂട്ടിട്ട് നടന്നടുക്കുന്നതായി അവര്‍ എന്നെ കണ്ടു. ഒരാന്തല്‍ എന്റെ ഹ്രുദയത്തിനുള്ളിലേക്ക് കയറി. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് തുടര്‍പഠനത്തിനായി ബോംബെയില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ അവരെ വിടപറഞ്ഞപ്പോള്‍, മുഴുവന്‍ തികഞ്ഞ ബാരിസ്റ്ററായി തിരിച്ചെത്തുമെന്ന എന്തൊരുജ്ജ്വലമായ ഗ്രുഹാഗമനമായിരിക്കും അവര്‍ വിഭാവനം ചെയ്തിരിക്കുക ! ഞാന്‍ ഐശ്വര്യത്തില്‍ മൂടി തിരിച്ചെത്തു മെന്നും, അവര്‍ക്കു മുന്നില്‍ സമ്യു ദ്ധിയുടെ കൂമ്പാരമാകുമെന്നും അവര്‍ അന്ന് കിനാവു കണ്ടിരിക്കും ……. എന്റെ ഭാര്യക്ക് അന്ന് പത്തൊമ്പതു വയസ്സേ ആയിരുന്നുള്ളൂ…… വാക്കുകളുടെ സ്പര്‍ശം കൊണ്ട് വിനിമയം അനുവദിക്കാത്ത വിധം ചിന്തകള്‍ മനസ്സില്‍ തങ്ങി നിന്നു. ……….. ഏതാനും വര്‍ഷം തടവ്ശിക്ഷ അനുഭവിച്ചു കഴിഞ്ഞാല്‍ കുടുംബങ്ങളെ അന്തമാന്‍സിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുമെന്ന് പറയപ്പെടുന്നു. അങ്ങിനെയാണെങ്കില്‍ അവരെ കൊണ്ടുപോയി സുഖമായ കുടുംബം സ്ഥാപിച്ച് അന്യോന്യം കൂട്ടുകൂടി സുഖമായി കഴിയാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അങ്ങിനെയല്ലെങ്കില്‍, എല്ലാം ക്ഷമയോടെ സഹിക്കുവാനും ധൈര്യപൂര്‍വം ജീവിക്കുവാനും അവര്‍ സന്നദ്ധരാകണം. അങ്ങിനെ ജീവിക്കാന്‍ അവര്‍ ശ്രമിക്കാമെന്നും , സഹോദരീ സഹോദരന്മാര്‍ അന്യോന്യം കാത്തു കൊള്ളാമെന്നും അവര്‍ ഉറപ്പു നല്കി. തങ്ങളെപ്പറ്റി ഉല്‍ക്കണ്ഠപ്പെടേണ്ടെന്നും ഞാന്‍ എന്നെ ശരിക്കും സൂക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് അവരുടെ അഭിലാഷം. അതുറപ്പു കൊടുത്താല്‍ അവര്‍ക്കു വേണ്ടതെല്ലാം ഉറപ്പായി. ഞങ്ങള്‍ക്കിടയിലെ ഈ വര്‍ത്തമാനം തുടരുന്നതിന്നിടയില്‍, ഇനിയും ചിലവാക്കുകള്‍ കൂടി ഉച്ചരിക്കാനിരിക്കേ സൂപ്രണ്ട് ഇടപെട്ട് സമയമായി എന്ന മുന്നറിയിപ്പ് തന്നു. ഉടന്‍ ഞാന്‍ നിര്‍ത്തി……… അവര്‍ പോയി ………… ഞാന്‍ സെല്ലില്‍ പ്രവേശിച്ച് ഹവില്‍ദാര്‍ വാതില്‍ പൂട്ടിയ ഉടന്‍ ബോധം കെട്ട് നിലം പതിച്ചു ‘ .
മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമര കാലത്തു വിവിധ അവസരങ്ങളിലായി 2114 ദിവസമായിരുന്നു ജയില്‍വാസം അനുഭവിച്ചതെങ്കില്‍ വീരസാവര്‍ക്കര്‍ 5054 ദിവസം നരകയാതനയില്‍ കാരാഗ്രുഹ ജീവിതം അനുഭവിച്ചു. കൂടാതെ 1924 മുതല്‍ 1937 വരെ രത്‌നഗിരിയില്‍ വീട്ടുതടങ്കലിലും . ഒരു താരതമ്യത്തിന്നു വേണ്ടി പറഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമര പോരാളി ആയിരുന്ന നെല്‍സണ്‍ മണ്ടേലയെക്കാള്‍ ഏതാനും ദിവസം അധികം വീര സാവര്‍ക്കര്‍ കാരാഗ്രഹവാസം അനുഭവിച്ചു.
എന്തിനാണ് അദ്ദേഹം ഇത്രയും ശാരീരികവും മാനാസികവും ആയ കഷ്ടപാടുകള്‍ അനുഭവിച്ചത് ? സ്വന്തം ജന്മ നാടിനെ വൈദേശിക ശക്തികളുടെ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി മാത്രം. ഈ കഷ്ടപാടുകള്‍ ഏത് അളവുകോല്‍ വച്ച് അളന്നാണ് തിട്ടപ്പെട്ടത്തേണ്ടത്. ഇതിന്നു വിലയിടുവാന്‍ ആര്‍ക്കാണ് യോഗ്യത?
ഉറച്ച കര്‍മയോഗിയും ദീര്‍ഘദര്‍ശിയുമായ വിപ്ലവ കവികളുടെ രാജകുമാരന്ന് ആയിരമായിരം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: