കൊച്ചി : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാട് കേസ് പിന്‍വലിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിച്ചാണ് കേസ്. എറണാകുളം റസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കി പരാതിയിലാണ് നടപടി. പരാതിക്കാരന് കഴിഞ്ഞ ദിവസം വിജിലന്‍സ് ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു. നോട്ട് നിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനം വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് ഗിരീഷ് ബാബുവിന്റെ മൊഴി.
ഇബ്രാഹിംകുഞ്ഞിനോട് അടുപ്പമുള്ളവര്‍ വഴി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നതാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.
ഇതോടൊപ്പം ലീഗ് നേതാക്കളായ സുജിത്, സുബൈര്‍ എന്നിവരേയും വിജിലന്‍സ് ചോദ്യം ചെയ്തു. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച പണമാണ് ഇബ്രാഹിംകുഞ്ഞ് മാധ്യമസ്ഥാപനം വഴി വെളുപ്പിച്ചതെന്നാണ് ഗിരീഷ് ബാബുവിന്റെ പരാതി. ഈ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: