തൊടുപുഴ: ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ വേനല്‍ മഴയില്‍ തൊടുപുഴ ടൗണ്‍ വെള്ളത്തിലായി. നഗരത്തില്‍ പല മേഖലകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വ്യാപാര ശാലകളിലും വെള്ളം കയറി നാശം നേരിട്ടു. മാര്‍ക്കറ്റ് റോഡ്, പാലാ റോഡ്, മൂവാറ്റുപുഴ റോഡിലെ റോട്ടറി ജംങ്ക്ഷന്, പ്ലസ് ക്ലബിന് സമീപം, കാഞ്ഞിരമറ്റം കവല, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരം, മണക്കാട് ജങ്ഷന്, പഴയ ബസ് സ്റ്റാന്റ്, കാരിക്കോട് എന്നിവിടങ്ങളില്‍ വെള്ളമുയര്‍ന്നു.
നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇന്നലെ വൈകിട്ട് മൂന്നരയോടെ ഇടിമിന്നലിന്റെ അകമ്പടിയോടെ ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ശക്തമായ കാറ്റും വീശിയടിച്ചു. മഴ ജനജീവിതത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. പോസ്റ്റിലേക്ക് മരം ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധവും തകരാറിലായി. മങ്ങാട്ടുകവല- കാരിക്കോട് റോഡില്‍ തോട് കരകവിഞ്ഞ് ഒഴുകി ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ജില്ല ആശുപത്രിയിലേക്കുള്ള ഗതാഗതവും ഇതോടെ താറുമാറായി. ബസുകളും മറ്റ് വാഹനങ്ങളും ന്യൂമാന്‍ കോളജ് ബൈപാസ് വഴിയാണ് ഓടിയത്. കാഞ്ഞിരമറ്റം കവലയിലും മാര്‍ക്കറ്റ് റോഡിലും വെള്ളം ഉയര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വ്യാപാര ശാലകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായി. ഇടുക്കി റോഡില്‍ കെഎസ്തര്‍ടിസി ഡിപ്പോയ്ക്ക് സമീപവും വെള്ളം കയറി. നിരവധി ഇടങ്ങളിലായ നിര്‍ത്തിയിട്ട വാഹനങ്ങളും ഓടിക്കൊണ്ടിരുന്ന വാഹനങ്ങളും വെള്ളം കയറി തകാറിലായി. ഇരുചക്ര വാഹനങ്ങള്‍ പലതും വെള്ളം കയറി വെള്ളക്കെട്ടില്‍ നിന്ന് പോയത് യാത്രക്കാരെ വലച്ചു.
മഴക്കാലം ആയാല്‍ നഗരത്തില്‍ ഓടകളും തോടും നിറഞ്ഞ് നഗരത്തില്‍ കടകളിലും റോഡിലും വെള്ളം കയറുന്നത് പതിവാണ്.ടൗണിലെ ഓടകളില്‍ മണ്ണും ചെളിയും കെട്ടികിടക്കുന്നതാണ് ടൗണില്‍ വെള്ളം ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഓടകള്‍ എത്രയും വേഗം ശുചീകരിക്കണമെന്ന് മര്‍ച്ചെന്റ്സ് അസോസിയേഷന് തൊടുപുഴ യൂനിറ്റ് ഭാരവാഹികള്‍ മുനിസിപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടു. സമീപകാലത്തെങ്ങും കാണാത്ത കനത്ത മഴയാണ് തൊടുപുഴയില്‍ ഇന്നലെ പെയ്തിറങ്ങിയത്.
വ്യാപാരികള്‍ ദുരിതത്തില്‍
കോറോണക്ക് പിന്നാലെ മഴ പെയ്ത് എല്ലാ കടകളിലും വെള്ളം കയറി വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ എല്ലാം നശിച്ചു. ആയതിനാല്‍ എത്രയും പെട്ടെന്ന് ഓടകളെല്ലാം ശരിയാക്കിതരണമെന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയോട് അടിയന്തരമായി തൊടുപുഴ മര്‍ച്ചന്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് രാജു റ്റി.സി. തരിണിയില്‍, ജന. സെക്രട്ടറി നാസര്‍ സൈരാ, ട്രഷറര്‍ പി.ജി രാമചന്ദ്രന്, യൂത്ത് വിങ് പ്രസിഡന്റ് താജു എം. ബിയ, ജന. സെക്രട്ടറി രമേഷ് പി.കെ. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: