Categories: Idukki

പിടിവിട്ട് മദ്യപന്മാര്‍; എല്ലായിടത്തും തിരക്കോട് തിരക്ക്

സര്‍ക്കാര്‍ നിര്‍ദേശം പ്രകാരം പുറത്തിറക്കിയ ബെവ് ക്യൂ ആപ്പ് രാവിലെ തന്നെ പൊളിഞ്ഞു. നിലവാരം കുറഞ്ഞ ഓണ്‍ലൈന്‍ ആപ്പ് തുടക്കം മുതല്‍ തന്നെ പ്രശ്‌നമായിരുന്നു.

Published by

തൊടുപുഴ: ആപ്പ് ആപ്പായപ്പോള്‍ മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് വാങ്ങാന്‍ എത്തിയവരെ കൊണ്ട് ബാറുകളും മദ്യവില്‍പ്പനശാലകളും നിറഞ്ഞു. എല്ലായിടത്തും നിയന്ത്രണങ്ങള്‍ പാടേ തെറ്റി. ബുക്ക് ചെയ്യാതെ എത്തിയവര്‍ക്കും മദ്യം നല്‍കി.

സര്‍ക്കാര്‍ നിര്‍ദേശം പ്രകാരം പുറത്തിറക്കിയ ബെവ് ക്യൂ ആപ്പ് രാവിലെ തന്നെ പൊളിഞ്ഞു. മദ്യം കിട്ടാതെ പിടി വിട്ടവര്‍ മദ്യത്തിനായി നെട്ടോട്ടമോടുന്നതിനിടെ ആപ്പ് ഏറെ ദിവസത്തെ കാലതാമസത്തിന് ശേഷം ബുധനാഴ്ച രാത്രിയില്‍ പ്രവര്‍ത്തനക്ഷമമായതോടെ ഏറെ സന്തോഷത്തിലായിരുന്നു മദ്യപാനികള്‍. നിലവാരം കുറഞ്ഞ ഓണ്‍ലൈന്‍ ആപ്പ് തുടക്കം മുതല്‍ തന്നെ പ്രശ്‌നമായിരുന്നു.  

പലര്‍ക്കും ഒറ്റിപി കിട്ടാതെ വരികയും വില്‍പ്പന ശാലകള്‍ക്കുള്ള ആപ്പ് കൃത്യമായി ലഭിക്കാതെ ഇരിക്കുകയും ചെയ്തതാണ് പ്രശ്‌നമായത്. പിന്നീട് ആപ്പ് ലഭ്യമായെങ്കിലും ഇതിന്റെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ലഭിക്കാതെ വന്നതോടെ മദ്യം വാങ്ങാനെത്തിയവര്‍ ബഹളമായി.

രക്ഷയില്ലാതെ വന്നതോടെ ബാറുടമകള്‍ വരുന്നവരുടെ കൈയിലുള്ള പാസ് വാങ്ങി ഫോട്ടോ എടുത്ത ശേഷം മദ്യം നല്‍കാന്‍ തുടങ്ങി. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഇതിന് തടസം വരികയും കൂടുതല്‍ പോലീസ് ഇവിടെ നില ഉറപ്പിക്കുകയും ചെയ്തതോടെ മദ്യം വാങ്ങാനെത്തിയവരെല്ലാം ബാറുകളിലേക്ക് കൂട്ടത്തോടെ പോയി. ജില്ലയിലെ ഒട്ടുമിക്ക ബാറുകളുടെ മുന്നിലും സാമൂഹിക അകലം പോലും പാലിക്കാതെ ആളുകള്‍ ക്യൂ നിന്നപ്പോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് നന്നേ കുറവായിരുന്നു.

പലയിടത്തും ക്വാറന്റൈന് ഏറ്റെടുത്ത ബാര്‍ ഹോട്ടലുകളിലേക്ക് ടോക്കണ്‍ കിട്ടി. അവിടെ എത്തിയപ്പോഴാണ് മദ്യവില്‍പ്പന ഇല്ല എന്നറിയുന്നത്. തൊടുപുഴയിലെ എല്ലാ ബാറിലും മദ്യവില്‍പ്പനശാലയിലും നല്ല തിരക്കായിരുന്നു. മുട്ടത്തെ ബാറിലും സാമൂഹ്യ അകലം പാലിക്കാതെ ജനങ്ങള്‍ തിക്കിതിരക്കി. ആപ്പില്‍ മദ്യം ബുക്ക് ചെയ്യുവാന്‍ ഏറെ കാലതാമസം നേരിടുന്നുണ്ട്. പലപ്പോഴും ആപ്പ് പ്രവര്‍ത്തനരഹിതമായി.  

ബുക്ക് ചെയ്യാത്തവര്‍ക്കും നല്‍കി

ആപ്പ് വഴി മദ്യം വാങ്ങുവാന്‍ നോക്കിയിരുന്നവരെ ആപ്പിലാക്കുന്ന പരിപാടിയായി ഓണ്‍ലൈന്‍ ബുക്കിങ്. ഇത്തരത്തില്‍ ബുക്ക് ചെയ്ത വന്നവരെ മണ്ടന്മാരാക്കി നിരവധി പേരാണ് മദ്യം വാങ്ങിക്കാന്‍ ബാറുകളിലേക്ക് കൂട്ടത്തോടെ എത്തിയത്. വരുന്നവരോട് യാതൊന്നും തിരക്കാതെ ആവശ്യമായ സാധനത്തിന് പണം വാങ്ങിയ ശേഷം ഇവ നല്‍കുകയായിരുന്നു. ബാറുകളില്‍ എക്‌സൈസ് അധികൃതര്‍ കാവലുണ്ടായിരുന്നെങ്കിലും ഇവരും ഇതിനെതിരെ കണ്ണടച്ചു. ഇത്തരത്തില്‍ മദ്യം കിട്ടി തുടങ്ങിയതോടെ വലിയ തോതിലാണ് ആളുകള്‍ ഒഴുകിയെത്തിയത്. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോള്‍ ഒരു ദിവസം പരമാവധി 400 പേര്‍ക്കാണ് ഒരു സ്ഥലത്ത് നിന്ന് മദ്യം നല്‍കാനുവ. ഒരാള്‍ക്ക് 15 മിനിറ്റാണ് സമയം നല്‍കുക. ഇവയെല്ലാം ഉണ്ടെന്നിരിക്കെ പിന്നെ എങ്ങനെ ആളുകള്‍ കൂടത്തോടെ എത്തിയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്കും ഉത്തരമില്ല,  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by