പത്തനംതിട്ട: രാജ്യം കൊണോണ ഭീതിയിലായിരുന്നപ്പൾ ആശ്വാസ തീരത്തായിരുന്ന ജില്ല ഇന്ന് കോറോണ ഭീതിയിൽ. ഓരോ ദിവസം പിന്നിടുമ്പോഴും കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവാണ് ജനങ്ങളിൽ ആശങ്കയ്ക്ക് കാരണമാകുന്നത്. ഇന്നലെ മാത്രം 6 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ജില്ലയിൽ ഒരുദിവസം ഇത്രയധികം ആളുകളിൽ ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണവും 22 ആയി. കഴിഞ്ഞ 12 മുതലുള്ള കാലയളവിലാണ് ഇത്രയധികം ആളുകൾ ഒന്നിച്ച് രോഗബാധിതരായി എത്തുന്നത്. നേരത്തെ രോഗം ബാധിച്ച 17 പേരും ആശുപത്രി വിട്ടിരുന്നു.
കോവിഡ് രോഗബാധയുടെ രണ്ടാംഘട്ടം കേരളത്തിൽ സ്ഥിരീകരിച്ച മാർച്ച് എട്ടിനാണ് ജില്ലയിൽ ഇതിനു മുമ്പ് ഒന്നിച്ച് അഞ്ചു പേർവരെ പോസിറ്റീവായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ വീതം പുരുഷൻമാരും സ്ത്രീകളുമാണ്.
കുളനട ഉള്ളന്നൂർ സ്വദേശിയും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച 13 കാരന്റെ മാതാവുമായ 44 കാരിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾ. ഇവരുടെ ഭർത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. കഴിഞ്ഞ 15നാണ് മൂന്നംഗ കുടുംബം മുംബൈയിൽ നിന്നും നാട്ടിലെത്തിയത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേരും മുംബൈയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ 18ന് എത്തിയ ഏറത്ത് സ്വദേശിയായ 67 കാരൻ, ഇദ്ദേഹത്തിന്റെ മകൻ 32 കാരൻ, വള്ളിക്കോട് കോട്ടയം സ്വദേശിയായ 25 കാരി, 23ന് എത്തിയ കൊടുമൺ അങ്ങാടിക്കൽ സ്വദേശിയായ 69 കാരി എന്നിവരാണ് മറ്റുള്ളവർ. സൗദിയിലെ ദമാമിൽ നിന്നെത്തിയ പുല്ലാട് സ്വദേശിയായ 33 കാരനിലും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട എല്ലാവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ വി.കോട്ടയം സ്വദേശിനി പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കോവിഡ് കെയർ കേന്ദ്രത്തിലായിരുന്നു. മറ്റുള്ളവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ഡെങ്കിയും എലിപ്പനിയും, ഒപ്പം പ്രളയവും
കൊറോണ വൈറസ് വ്യാപനത്തോടൊപ്പം ജില്ല പ്രളയ ഭീഷയിലിലുമായതോടെ ജനങ്ങൾ അങ്കലാപ്പിലാണ്. കഴിഞ്ഞ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് കോഴഞ്ചേരി, ആറന്മുള, റാന്നി തുടങ്ങിയ മേഖലകളെയാണ്. കോവിഡ് ഭീതിക്കിടെ പ്രളയംകൂടിയെത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയാണിന്നുള്ളത്. ഇത് കൂടാതെയാണ് ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നത്.
റാന്നി ബ്ലോക്ക്, ആറന്മുള, കോന്നി, ഇലന്തൂർ, കുറ്റൂർ പഞ്ചായത്തുകൾ, പത്തനംതിട്ട മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധ തിരിഞ്ഞതോടെയാണ് പനി വ്യാപകമാകുന്നത്. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ ജില്ലയിൽ ഇരുനൂറോളം ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 102 കേസുകളും റാന്നി താലൂക്കിലാണ്. വെച്ചൂച്ചിറ, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകളിലാണ് മഴക്കാലപൂർവ ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ താളംതെറ്റിയതിനു പിന്നാലെ മുൻവർഷത്തെ അപേക്ഷിച്ച് രണ്ടു രോഗങ്ങളുടെ എണ്ണത്തിൽ വൻവർധനയാണ് ജില്ലയിൽ കണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: