തിരുവനന്തപുരം: കേരളത്തില്‍ കൊറോണയുടെ സമൂഹ വ്യാപന സൂചന നല്കി സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഈയാഴ്ച സംസ്ഥാനത്ത് രോഗത്തിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിക്കുന്നതിന്റെ തോത് ദേശീയ ശരാശരിയെക്കാള്‍ വേഗത്തിലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ 10 ദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 41 പേര്‍ക്കാണ്. ഇതാണ് അപകട സൂചന നല്‍കുന്നത്. പ്രവാസികളുടെ തിരിച്ചുവരവ് തുടങ്ങിയ ശേഷം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 11 പേരുടെ ഉറവിടം കണ്ടെത്താനുമായിട്ടില്ലെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.തിരിച്ചെത്തിയവരില്‍ രോഗലക്ഷണങ്ങള്‍ ഉളളവരെ മാത്രമാണ് സംസ്ഥാനത്ത് പരിശോധനക്ക് വിധേയരാക്കിയത്. ക്യാമ്പുകളില്‍ നിന്ന് പരിശോധന നടത്താതെയാണ് ഒട്ടുമുക്കാല്‍ പേരും വീടുകളിലേക്ക് മടങ്ങിയിട്ടുളളത്. നിരീക്ഷണത്തിലുളള എല്ലാവരെയും പരിശോധിക്കാതെ വീടുകളിലേക്ക് മടക്കി അയക്കുന്നത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗം ഇനിയും കൂട്ടാനിടയാക്കുമെന്നാണ് കരുതുന്നത്.
ദേശീയ തലത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് പതിനാല് ദിവസത്തില്‍ ഒരിക്കലാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം 666-ല്‍ നിന്ന് 1088-ലേക്ക് ഉയര്‍ന്നു. രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുത്തത് 12-ല്‍ താഴെ ദിവസം മാത്രമാണെന്നുള്ളത് വന്‍ ഭീക്ഷണിയാണ് ഉയര്‍ത്തുന്നത്. കേരളം ടെസ്റ്റുകള്‍ നടത്താത്തതും കൊറോണ ഭീതി ഉയര്‍ത്തുന്നുണ്ട്.
കേരളം നമ്പര്‍ വണ്‍ എന്നുകാണിക്കാനായി കൊറോണ കേസുകള്‍ കുറച്ചു കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് നേരത്തെ വിമര്‍ശിച്ചിരുന്നു. കേസുകള്‍ കുറച്ചു കാണിച്ച് സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ഈ പ്രസ്താവന ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍.
കേരളം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സാമൂഹിക വ്യാപനത്തിന്റെ കാരണം പ്രവാസികളും പുറത്തു നിന്നു വന്നവരും ആണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. വീഴ്ച മറയ്ക്കുന്നതിനായി പ്രവാസികളെ കരുവാക്കുകയാണ് സര്‍ക്കാര്‍. സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചു കാണിച്ചത്. പരിശോധനയുടെ കാര്യത്തില്‍ രാജ്യത്ത് 26-ാം സ്ഥാനത്താണ് കേരളമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാര്‍ ചിത്രീകരിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കണം. മേയിലാണ് പ്രവാസികളുടെ മടക്കം തുടങ്ങിയത്. ഏപ്രിലില്‍ തന്നെ 30 ഓളം കേസുകളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. സംസ്ഥാന സ്വന്തം വീഴ്ചകള്‍ മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കരുതെന്നും അദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: