Categories: Kozhikode

ചെങ്ങോടുമല ഖനന വിരുദ്ധ സമര സമിതി നേതാവിനെ ഡിവൈഎഫ്‌ഐക്കാര്‍ വീട്ടില്‍ കയറി ആക്രമിച്ചു

ബുധനാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം. ദിലീഷ് അയല്‍വാസിയായ പുവ്വത്തും ചോലയില്‍ അരുണിന്റെ വീട്ടിലിരിക്കുമ്പോഴാണ് അക്രമം. തടയാന്‍ ശ്രമിച്ച അരുണിനും മര്‍ദ്ദനമേറ്റു. ഇരുവരും പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

Published by

പേരാമ്പ്ര:  ചെങ്ങോടുമല സമര സമിതി നേതാവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ നാലാം വാര്‍ഡ് കണ്‍വീനര്‍ അരീക്കര ദിലീഷിനെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍  മര്‍ദ്ദിച്ചത്.  

ബുധനാഴ്‌ച്ച രാത്രി 8.30 ഓടെയാണ് സംഭവം. ദിലീഷ് അയല്‍വാസിയായ പുവ്വത്തും ചോലയില്‍ അരുണിന്റെ വീട്ടിലിരിക്കുമ്പോഴാണ് അക്രമം. തടയാന്‍ ശ്രമിച്ച അരുണിനും മര്‍ദ്ദനമേറ്റു. ഇരുവരും പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കൂട്ടാലിടയിലെ സി. പി. എം നേതാവിനെതിരെ ചെങ്ങോടുമല സമരവുമായി ബന്ധപ്പെടുത്തി  ആരോപണങ്ങള്‍ നാഥനില്ലാത്ത നോട്ടീസിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ദിലീഷിന്റെ നേതൃത്വത്തിലാണെന്നാരോപിച്ചാണ് ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്.  

നോട്ടീസുമായി യാതൊരു ബന്ധവുമില്ലെന്നാണ് ദിലീഷ് പറയുന്നത്. ചെങ്ങോടുമല ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നിരവധി സമരങ്ങള്‍ നാലാം വാര്‍ഡ് കമ്മിറ്റി നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഡിവൈഎഫ്‌ഐക്കെന്നും ഖനന മാഫിയക്കു വേണ്ടിയാണ് ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ഡിവൈഎഫ്ഐ ശ്രമിക്കുന്നതെന്നും സമരസമിതി ആരോപിച്ചു.

ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

ഡി.വൈ.എഫ്.ഐ മര്‍ദ്ദനത്തില്‍ പരുക്കേറ്റ ചെങ്ങോടുമല സമരസമിതി നാലാം വാര്‍ഡ് കണ്‍വീനര്‍ ദിലീഷിനെ ബിജെപി നേതാക്കള്‍  സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് വി. കെ. സജീവന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ. വി. സുധീര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് പുത്തഞ്ചേരി, വൈസ് പ്രസിഡന്റ് ടി. സദാനന്ദന്‍, ജയപ്രകാശ് കായണ്ണ,  മിഥുന്‍ മോഹനന്‍, ജുബിന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് ദിലീഷിന്റെ വീട്ടിലെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക