കോട്ടയം: വിദേശത്തുള്ളവരെ തത്കാലം തിരിക്കിട്ട് മടക്കിക്കൊണ്ടുവരേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് പ്രവാസികള്‍. നിങ്ങള്‍ എവിടെയാണോ അവിടെത്തന്നെ തുടരാനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അത് എത്രമാത്രം ശരിയായിരുന്നുവെന്ന് ഇന്ന് ഞങ്ങള്‍ക്കറിയാം, സൗദിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി ജന്മഭൂമിയോട് പറഞ്ഞു.
മോദിയുടെ വാക്കുകള്‍ ദീര്‍ഘദൃഷ്ടിയോടെയായിരുന്നുവെന്ന് ഇന്ന് പ്രവാസികള്‍ക്ക് മനസിലായി. കേരള സര്‍ക്കാര്‍ പ്രവാസി വിഷയത്തെ എങ്ങനെയാണ് രാഷ്ട്രീയവത്കരിച്ചതെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇതിന് കാരണങ്ങള്‍ പലതുണ്ട്.
സ്വദേശീകരണം
സൗദി അറേബ്യ അടക്കം ഗള്‍ഫ് രാജ്യങ്ങളെല്ലാം സ്വദേശീകരണത്തിന്റെ പാതയിലാണ്. ജോലിയും വരുമാനവും കുറയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തതോടെ മിക്ക രാജ്യങ്ങള്‍ക്കും ഇതു മാത്രമാണ് മുന്നിലുള്ള മാര്‍ഗം.
അങ്ങനെ വരുന്നതോടെ മടങ്ങിപ്പോയവര്‍ക്ക് ഇനി തൊഴിലിന് മടങ്ങിയെത്തുക അസാധ്യം. അവര്‍ക്ക് നാട്ടിലും തൊഴില്‍ ലഭിക്കുമോയെന്ന് അറിയില്ല. സൗദിയടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതിലാണ് അവരുടെ പണം ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക്, ഒഴുകുന്നത്. ഈ വര്‍ഷമാദ്യം പ്രവാസികള്‍ അയച്ച പണം, മുന്‍ വര്‍ഷം ഇതേ സമയത്ത് അയച്ചതിനേക്കാള്‍ എട്ടു ശതമാനം കൂടുതലായിരുന്നു. സ്വദേശീകരണം ഇങ്ങനെ പണം നഷ്ടപ്പെടുന്നത് തടയാന്‍ കൂടിയാണ്. ഇതിന് സൗദി അടക്കമുള്ള രാജ്യങ്ങള്‍ വലിയ പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്. വരുമാനം കൂട്ടാന്‍ വാറ്റ് (മൂല്യാധിഷ്ഠിത നികുതി) അഞ്ചില്‍ നിന്ന് 15 ശതമാനമാക്കി.
സംസ്ഥാന സര്‍ക്കാര്‍ നടപടി തിരിച്ചടി
പ്രവാസികള്‍ കുഴപ്പത്തിലാണെന്ന് പ്രചാരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ വലിയ കോലാഹലമുണ്ടാക്കി അവരില്‍ അങ്കലാപ്പ് ഉണ്ടാക്കിയതു വഴി പലരും നാട്ടിലേക്ക് മടങ്ങി. അങ്ങനെ തൊഴില്‍ പൂര്‍ണമായും ഇല്ലാതായി. മാത്രമല്ല ഇങ്ങനെ വന്‍തോതില്‍ പ്രവാസികള്‍ മടങ്ങുന്നത് സ്വദേശീകരണത്തിന് സഹായകവുമായി. ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കോലാഹലം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി.
ഇന്നലെ മുതല്‍ സൗദിയില്‍ ഇളവുകള്‍ നിലവില്‍ വന്നു. ക്രമേണ ജൂലൈയോടെ കാര്യങ്ങള്‍ പൂര്വസ്ഥിതിയിലെത്തിയേക്കും. അങ്ങനെ വന്നാല്‍ വീണ്ടും തൊഴില്‍ ചെയ്യാന്‍ അവസരം ലഭിക്കും. ജോലിയും വരുമാനവും നിലയ്ക്കില്ല. സൗദിയിലെ 14 ലക്ഷം മലയാളികളില്‍ 12 ലക്ഷവും അവിദഗ്ധ തൊഴിലാളികളാണ്.
കേരളത്തിന് എന്തു പദ്ധതി
പ്രവാസികളില്‍ ഭീതിയുണ്ടാക്കിയതല്ലാതെ കേരളം അവര്‍ക്കായി എന്തു ചെയ്തുവെന്നതിലും വ്യക്തതതയില്ലെന്നും ആലപ്പുഴ സ്വദേശി പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശീകരണം ശക്തമാകുന്നതോടെ ലക്ഷങ്ങള്‍ അവിടെ നിന്ന് മടങ്ങേണ്ടിവരും. ഇതിന് അധിക കാലമൊന്നും വേണ്ടിവരില്ല. അഞ്ചാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് വലിയ തോതിലാകും.
ജോലി പോയി മടങ്ങിയെത്തിയാല്‍ അവരെ എങ്ങനെ പുനരവധിവസിപ്പിക്കും. അവര്‍ക്ക് എങ്ങനെ വരുമാനമാര്‍ഗം ഒരുക്കും. ഇപ്പോള്‍ തന്നെ കൊറോണ മൂലം പണിപോയ അനവധി പേര് നാട്ടിലെത്തി. ഇവര്‍ക്ക് വരുമാനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്യും. മടങ്ങുന്നവരെ പുനരവധിവസിപ്പിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. മടങ്ങുന്ന പ്രവാസികളില്‍ നല്ലൊരു പങ്കിന്റെയും ഭാവി ഇരുളിലായേക്കാം.
സൗദിയുടെ കരുതല്‍ ശ്രദ്ധേയം
രോഗവ്യാപനം ശക്തമായ സമയത്തും ഒരാളെയും മടക്കിക്കൊണ്ടുപോകണമെന്ന് സൗദി അറേബ്യ ഇതര രാജ്യങ്ങളോട് ആവശ്യപ്പെട്ടില്ല. പ്രവാസികള്‍ക്ക് അടക്കം മികച്ച സൗജന്യചികിത്സയാണ് നല്‍കിയത്. വലിയ സംരക്ഷണമാണ് ഒരുക്കിയത്. ആരുടെയും ശമ്പളം കുറച്ചില്ല. മാത്രമല്ല അമുസ്ലീങ്ങളുടെ മൃതദേഹം അവിടെ സംസ്കരിക്കാനും അവര്‍ തയാറായി, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: