പത്തനംതിട്ട: ജില്ലയില്‍ മത്സ്യത്തിന് ന്യായവില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് കച്ചവടക്കാര്‍. മത്സ്യത്തിനും മാംസത്തിനും അമിതവില ഈടാക്കുന്നതായ ജനങ്ങളുടെ നാളുകളായുള്ള പരാതികള്‍ക്കൊടുവിലായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍.
ഒരാഴ്ച മുന്‍പാണ് മീനിന്റെ ചില്ലറ വില്‍പ്പന വില അധികൃതര്‍ നിജപ്പെടുത്തിയത്. എന്നാല്‍ ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് ജില്ലയിലെ മത്സ്യക്കച്ചവടക്കാര്. ചെറിയതരം മീനുകള്‍ക്ക് കിലോഗ്രാമിന് 260 രൂപ മുതല്‍ മുകളിലേക്കാണ് ഇന്നലെയും വില. മത്തി, നെത്തോലി എന്നിവയ്ക്ക് മാത്രമാണ് നേരിയ വിലക്കുറവ്, 200 രൂപ. ഇറച്ചിക്കോഴിക്ക് 140 രൂപയായി നിജപ്പെടുത്തിയെങ്കിലും 145 മുതല്‍ മുകളിലേക്കാണ് വില. സ്റ്റാളുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും മിക്കയിടത്തും പാലിക്കപ്പെടുന്നില്ല.
ജില്ലാ ഭരണകൂടം കുറഞ്ഞ വില്‍പ്പന വില നിശ്ചയിച്ചകാര്യം അറിയില്ലെന്ന നിലപാടിലാണ് പലകച്ചവടക്കാരും. മീനിന്റെ ലഭ്യതക്കുറവ് കാരണമാണ് വിലവര്ധിക്കുന്നതെന്നും ഇവര്‍ പറയുന്നു. പ്രതികൂല കാലാവസ്ഥയില്‍ ഏതാനും ദിവസത്തേക്ക് മത്സ്യബന്ധനത്തിന് ബോട്ടുകള്‍ കടലില്‍ പോകാത്തതിനാല്‍ ഇനിയും വില കൂടാനാണ് സാധ്യത. ജൂണ്‍ അഞ്ചു മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യ ലഭ്യത വീണ്ടും കുറയും.
വില കുറയ്ക്കാന്‍ ചില്ലറ വില്‍പ്പനക്കാരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം മൊത്ത വ്യാപാരികളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മീന്‍ ലഭ്യമാക്കുകയാണ് വേണ്ടതെന്നും കച്ചവടക്കാര്‍ പറയുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ടയില്‍ ഇറച്ചിക്കും മീനിനും തീവില ചുമത്തി കച്ചവടക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതായ പരാതി കാലങ്ങളായി നിലനില്ക്കുന്നു. വിലക്കൂടുതലിന് പുറമെ കേടായ മത്സ്യവും ജില്ലയില്‍ വിറ്റഴിച്ചിരുന്നു. അടുത്തകാലത്ത് ഇവിടേക്കെത്തിച്ച ടണ്‍കണക്കിന് ചീഞ്ഞ മീനാണ് ആരോഗ്യവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
കോഴിയിറച്ചിക്കും മാട്ടിറച്ചിക്കും തോന്നിയ വിലയാണ് വിവിധ സ്ഥലങ്ങളില്‍ ഈടാക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 180 രൂപയും മാട്ടിറച്ചിക്ക് 400 രൂപയും വരെ വില എത്തിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ വിവിധ മാര്‍ക്കറ്റുകളിലും സ്റ്റാളുകളിലും ഇറച്ചി, മത്സ്യം മുതലായവയുടെ വില ജില്ലാ ഭരണകൂടം നിശ്ചയിച്ചത്. വില ക്രമാതീതമായി വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണംചെയ്ത് അമിതലാഭമുണ്ടാക്കുന്നതായ പരാതികളെ തുടര്‍ന്നാണ് വിലനിലവാരം ക്രമപ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എവിടെയും കാര്യക്ഷമമായ പരിശോധനകള്‍ ഇതുവരെ നടന്നിട്ടില്ല. ഇതാണ് കച്ചവടക്കാര്‍ മുതലെടുക്കുന്നത്.
ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്ന മത്സ്യ വില കിലോഗ്രാമിന്
നെയ്മീന് ചെറുത് (നാല് കി.ഗ്രാം വരെ)-780, നെയ്മീന് വലുത് (നാല് കി.ഗ്രാമിന് മുകളില്‍)-900, ചൂര വലുത് (750 ഗ്രാമിന് മുകളില്‍)-260, ചൂര ഇടത്തരം (500750 ഗ്രാം)-220, ചൂര ചെറുത് (500 ഗ്രാമില്‍ താഴെ)-190, കേരച്ചൂര-250, അയല ഇടത്തരം (100200 ഗ്രാം)-270, അയല ചെറുത് (100 ഗ്രാമില്‍ താഴെ)-160, ചാള-210, കരിച്ചാള/കോക്കോല ചാള-110, വട്ടമത്തി/വരള്-100, നത്തോലി-90, വേളാപ്പാര-420, വറ്റ-360, അഴുക-290, ചെമ്പല്ലി-360, കോര-190, കാരല്‍-70, പരവ-380, ഞണ്ട്-250, ചെമ്മീന്‍ നാടന്‍-600, വങ്കട വലുത് (250 ഗ്രാമിന് മുകളില്‍)-180, കിളിമീന്‍ വലുത് (300 ഗ്രാമിന് മുകളില്‍)-330, കിളിമീന്‍ ഇടത്തരം (150300 ഗ്രാം)-210, കിളിമീന്‍ ചെറുത്-150.
പ്രതികരിക്കാൻ ഇവിടെ എഴുതുക: