ന്യൂദല്‍ഹി: നികുതി പ്രശ്നത്തിന്റെ പേരില്‍ ഇന്ത്യക്ക് 2021 ലെ ടി 20 ലോകകപ്പ് വേദി നഷ്ടപ്പെടില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഭാരവാഹി അറിയിച്ചു. അടുത്ത വര്‍ഷത്തെ ടി 20 ലോകകപ്പിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നികുതി ഇളവ് നേടിയെടുക്കാനായില്ലെങ്കിലും ഇന്ത്യക്ക് വേദി നഷ്ടമാകില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ സിങ് ധുമാല്‍ പറഞ്ഞു.
ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ നികുതി ഇളവ് നേടിയെടുക്കണമെന്ന് ഉടമ്പടിയില്‍ വ്യക്തമാക്കുന്നുണ്ട്. 2021 ലെ ടി 20 ലോകകപ്പിനായി ബിസിസിഐ മെയ് പതിനെട്ടിനകം നികുതി ഇളവ് ഉറപ്പാക്കേണ്ടതായിരുന്നു.
ബിസിസിഐ നിശ്ചിത സമയത്തിനുള്ളില്‍ നികുതി ഇളവ് നേടിയെടുക്കാത്തതിനെ തുടര്‍ന്ന് 2021 ലെ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുമെന്ന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഭീഷണി മുഴക്കി. പ്രശ്നം പരിഹരിക്കാനായി ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും ഇന്ത്യക്ക് വേദി നഷ്ടപ്പെടില്ലെന്നും അരുണ്‍ സിങ് ധുമാല്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. ഐസിസിയുമായി ചര്‍ച്ച തുടരുകയാണ്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും ധുമാല്‍ പറഞ്ഞു.
2016 ലെ ടി 20 ലോകകപ്പിന് ഇന്ത്യ വേദിയൊരുക്കിയപ്പോഴും നികുതി പ്രശ്നം ബിസിസഐ നേരിട്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ ലോകകപ്പിനായി നികുതി ഇളവ് അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് ഐസിസിക്കുണ്ടായ നഷ്ടം നികത്തുന്നതിനായി ഐസിസി ഇന്ത്യക്കുള്ള ഗ്രാന്‍ഡ് തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: