കാലടി: പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി കാലടി പഞ്ചായത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച പ്രത്യേക ഫണ്ട്, ദുരുപയോഗം ചെയ്യുന്നതായി ആരോപണം. കാലടി പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവും കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റുമായ കെ. തുളസിയുടെ വീടിന് മുന്‍വശത്തുള്ള യാക്കോബായ ചര്‍ച്ച് – റിങ്റോഡ് അഴിമതിക്ക് വേണ്ടി മാത്രമാണ് വീണ്ടും നിര്‍മിക്കുന്നത്.
പ്രളയം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം വെള്ളം കയറിയില്ല. 2018 ല്‍ പൂര്‍ണമായും ടാര്‍ ചെയ്ത് നവീകരിച്ച റോഡാണിത്. യാതൊരുവിധ കുഴികളില്ലാതിരുന്ന റോഡ് സര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് കുത്തിപൊളിച്ച് ടൈല്‍സ് വിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ജെസിബി ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിച്ചത്. റോഡ് ക്രമാമീതമായി പൊങ്ങിയതോടെ സമീപത്തെ വീടുകളിലേക്ക് റോഡിലെ വെള്ളം കയറുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. മുന്നൂറ് മീറ്റര്‍ മാറി ഹരിജന്‍ കോളനികൂടി കടന്നുപോകുന്ന റോഡ് മൂന്നുവര്‍ഷമായി കുണ്ടും കുഴിയുമായി കിടക്കുമ്പോഴാണ് നല്ല രീതിയില്‍ കിടന്ന റോഡ് കുത്തിപൊളിച്ച് ടൈല്‍ വിരിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം കൂടിയ സിപിഎം മറ്റൂര്‍ ബ്രാഞ്ചും പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കൂട്ടുനില്‍ക്കുന്ന എല്എസ്ജിസി എഞ്ചിനീറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: