ഇരിട്ടി : പ്രളയത്തിൽ പുഴകളിൽ അടിഞ്ഞ ചെളിയും , എക്കലും, മരങ്ങളും മറ്റു മാലിന്യങ്ങളും നീക്കുന്നതിന്റെ മറവിൽ ആയിരക്കണക്കിന് ലോഡ് മണൽ കോരിക്കടത്താനുള്ള ശ്രമം രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബാരാപ്പോൾ പുഴയിൽ നിന്നും മണൽ വാരിക്കടത്തിയ കടവുകളും മണൽ ശേഖരിച്ചു വെച്ചിരിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണദാസ്.
കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇവിടെ നടന്നിരിക്കുന്നത്. കൊറോണാകാലത്ത് കയ്യിൽ പണമില്ലെന്ന് പറയുകയും ക്വാറന്റെയ്നിൽ കിടക്കുന്നവരിൽ നിന്നുപോലും പണം പിടിച്ചു വാങ്ങുകയും ചെയ്യുന്ന ഗവർമെന്റ് പുഴകളിലെ കോടികൾ വിലമതിക്കുന്ന മണൽ മുഴുവൻ മണൽ മാഫിയകൾക്ക് കൊള്ളയടിക്കാൻ വിട്ടു കൊടിത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് ഗവ. പൊതു ടെണ്ടർ വിളിക്കാതിരുന്നത്. ടെണ്ടർ കൊടുക്കുകവഴി കോടിക്കണക്കിനു രൂപ സർക്കാരിന്റെ ഖജനാവിൽ എത്തുമെന്നിരിക്കെ, സൗജന്യമായി പൊതു മേഖലാ സ്ഥാപനത്തിന് മണൽ വരാൻ സൗകര്യം കൊടുക്കുകയും അതിലൂടെ മറ്റൊരു കരാറുകാരന് മറിച്ചു നൽകി പകൽ കൊള്ള നടത്തുകയുമാണ് ഇവിടെ ചെയ്യുന്നത്.
സ്‌പ്രിംഗ്‌ളറിലും സർക്കാർ ഇതേ നടപടിയാണ് നടത്തിയിരുന്നത്. ഇതിന്റെ പിന്നിൽ നടന്ന എല്ലാ അഴിമതികളും പുറത്ത് കൊണ്ടുവരാനായി ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും വരും ദിവസങ്ങളിൽ ബി ജെ പി അതിനുള്ള ശ്രമം നടത്തുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. അതേസമയം എത്രയും പെട്ടെന്ന് പുഴകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ആർ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി, വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം, ബി ജെ പി ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് എം. ആർ. സുരേഷ്, എൻ. വി. ഗിരീഷ്, പ്രിജേഷ് അളോറ , ടി.എസ്. പ്രതീപൻ, പി.പി. ഷാജി എന്നിവരും കൃഷ്ണദാസിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: