ഷൊര്‍ണൂര്‍: വിശ്വാസ വഞ്ചന കാണിക്കുന്നവരെ ദ്രോഹിക്കുന്നതാണ് പാര്‍ട്ടി നയം. ഒപ്പം നില്‍ക്കുന്നവര്‍ക്ക് പൂര്‍ണ്ണ സഹായവും സുരക്ഷിതത്വവും നല്‍കുമെന്ന് പ്രസംഗിച്ചത് അബദ്ധം പറ്റിയതാണെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ.ശശി.
കരിമ്പുഴയില്‍ മുസ്ലിംലീഗില്‍നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് അഭിവാദ്യം നല്‍കാന്‍ എത്തിയപ്പോഴാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ഇത് വിവാദമാവുകയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അറിയാതെ പറഞ്ഞതാണെന്ന് അറിയിച്ച് വിവാദത്തില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് ശശി. പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ്ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചിട്ടുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നlതെന്നാണ് ശശി കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ച് അമ്പതോളം പേരാണ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നത്.
അതേസമയം കൊറോണ വൈറസിന്റെ പശ്ചാത്തില്‍ പാലക്കാട് നിരോധനാജ്ഞയാണ്. ഇത് ലംഘിച്ചും കൂടിയാണ് സിപിഎം ഇവര്‍ക്കായി സ്വീകരണം ഒരുക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാതെ ഭരണപക്ഷത്തുള്ള എംഎല്‍എയുടെ നേതൃത്വത്തില്‍ പരിപാടിസംഘടിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ നടപടി നേരിട്ടിട്ടും ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തതിലുള്ള അമര്‍ഷം ഇപ്പോഴും പുകയുമ്പോഴാണ് ശശിയുടെ പുതിയ പരാമര്‍ശം. ശശിയെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത് ഒരു വിഭാഗം ആളുകള്‍ സംരക്ഷിക്കാന്‍ ഉള്ളത് കൊണ്ടാണിതെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പരാതിക്കാരിയും ഈ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: