കോഴിക്കോട്: ഗുജറാത്ത് രാജ്കോട്ടില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനില്‍ സൗകര്യങ്ങളില്ലെന്നത് വ്യാജ പ്രചാരണമെന്ന് യാത്രക്കാര്‍. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ വ്യാജ പ്രചാരണം നടത്തിയത്.
എന്നാല്‍ ഈ ട്രെയിനിലെ യാത്രക്കാര്‍ തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ ഇവര്‍ക്ക് മാറ്റി പറയേണ്ടി വരികയായിരുന്നു. ഗുജറാത്തിലെ അവസാന ബോര്‍ഡിംഗ് സ്റ്റേഷന് ആയ സൂറത്തില്‍ നിന്നും യാത്രക്കാരെ മുഴുവന്‍ കയറ്റി കഴിഞ്ഞു യാത്ര തുടങ്ങിയപ്പോള്‍ മൂന്ന് കോച്ചുകള്‍ മുഴുവനായും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ട്രെയിനിലെ യാത്ര ദുരിതം നിറഞ്ഞതാണെന്നും യാത്രക്കാരെ കുത്തിനിറച്ചാണ് കൊണ്ട് പോകുന്നെതെന്നുമാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
ഏതെങ്കിലും കമ്പാര്‍ട്ട്മെന്റില്‍ ബുദ്ധിമുട്ട് തോന്നുന്നവര്‍ക്ക് ഒഴിഞ്ഞ് കിടക്കുന്ന കോച്ച് ഉപയോഗിക്കാമെന്ന് എല്ലാ കോച്ചുകളിലും അറിയിച്ചതിനെ തുടര്‍ന്ന് പന്‍വേല്‍ എത്തിയപ്പോഴേക്കും കുറച്ച് പേര് അങ്ങോട്ട് മാറി. പന്‍വേല്‍ കഴിഞ്ഞ ശേഷവും ഒരു കോച്ച് പൂര്‍ണ്ണമായും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. വിവിധ മലയാളി സമാജങ്ങളുടെയും ഫെഗ്മയുടെയും പരിശ്രമമാണ് മലയാളികള്‍ക്ക് തുണയായത്. ഭക്ഷണമടക്കം എല്ലാ സൗകര്യങ്ങളും ഇവര്‍ ഒരുക്കിയിരുന്നുവെന്ന് കൊല്ലം സ്വദേശി കണ്ണന് പറഞ്ഞു.
രാജ്കോട്ടില്‍ നിന്ന് പുറപ്പെട്ട 09378 നമ്പര്‍ രാജ്കോട്ട് തിരുവനന്തപുരം സ്പെഷല്‍ ട്രെയിനിലെ സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായിരുന്നു കോഴിക്കോട്. 458 മലയാളികള്‍ ഇവിടെയിറങ്ങി. കോഴിക്കോട് 121, കണ്ണൂര്‍ 114, കാസര്‍കോഡ് 18, മലപ്പുറം 69, പാലക്കാട് 109, തൃശ്ശൂര്‍ 18, വയനാട് 9 എന്നിങ്ങനെയാണ് കോഴിക്കോട് ഇറങ്ങിയ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്. വൈദ്യ പരിശോധനയ്ക്ക് ശേഷം പാലക്കാട്, കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരെ അതത് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. അഞ്ച് പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററിലേക്കും മാറ്റി. മറ്റുള്ളവരെ കര്‍ശന നിരീക്ഷണത്തിനായി അവരുടെ വീടുകളിലേക്കയച്ചു. ട്രെയിനിന് കൊച്ചിയിലും തിരുവനന്തപുരത്തും സ്റ്റോപ്പുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: