കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ചെലവ് ഈടാക്കാനുള്ള തീരുമാനത്തില്‍ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് പണമീടാക്കാനും
അല്ലാത്തവരെ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാനുമാണ് സര്‍ക്കാര്‍ സമ്മതിച്ചത്. പ്രവാസികളില്‍ നിന്ന് ചെലവ് ഈടാക്കാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ വെട്ടിലായ സര്‍ക്കാര്‍ തത്ക്കാലം ഇളവു നല്‍കി തലയൂരി. ഇളവുകളുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ ബാക്കി കാര്യങ്ങള്‍ വ്യക്തമാകും.
ക്വാറന്റൈന് ചെലവാകുന്ന പണം പ്രവാസികളില്‍ നിന്ന് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെച്ചൊല്ലി പ്രവാസികളിലും കുടുംബാംഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. ഇത് കൊടിയ വഞ്ചനയാണെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടി. പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്നും അവര്‍ മടങ്ങിവന്നാല്‍ എല്ലാം സൗകര്യങ്ങളും ഒരുക്കുമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. വരുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും വിധം ക്വാറന്റൈനിന് രണ്ടു ലക്ഷത്തിലേറെ മുറികള്‍ സജ്ജമാക്കിയെന്നും സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഭക്ഷണച്ചെലവ് അടക്കം സര്‍ക്കാര്‍ വഹിക്കുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കം പ്രഖ്യാപിച്ചത്.
ഇതു പ്രകാരം കേന്ദ്ര സര്‍ക്കാര്‍ വിമാനങ്ങള്‍ അയച്ചു തുടങ്ങി. ഇതിനകം വിമാനങ്ങളിലും കപ്പലുകളിലുമായി കുറേ പ്രവാസികള്‍ മടങ്ങിയെത്തി. 60,000ലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരമാവധി പതിനായിരത്തിലധികം പേര്‍ മാത്രമാണ് ഇതിനകം കേരളത്തിലെത്തിയത്. ഇവരില്‍ നല്ലൊരു പങ്കിനെയും ഹോം ക്വാറന്റൈന്‍ മതിയെന്നു പറഞ്ഞ് വീട്ടില്‍ വിട്ടു. കുേറപ്പേരെ സര്‍ക്കാര്‍ ക്വാറന്റൈനിലുമാക്കി.
ഇനി വരുന്നവര്‍ ക്വാറന്റൈന് വരുന്ന ചെലവ് സര്‍ക്കാരിന് നല്‍കണമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രണ്ടു ലക്ഷത്തിലേറെപ്പേര്‍ക്ക് സൗകര്യമൊരുക്കിയെന്ന വാദവും മുഴുവന്‍ ചെലവും വഹിക്കുമെന്ന് പറഞ്ഞതുമെല്ലാം ഇതോടെ പൊളിഞ്ഞു. മടങ്ങിവരുന്നവരില്‍ നല്ലൊരും പങ്കും ജോലി നഷ്ടമായവരാണ്.കുട്ടികളും പ്രായമായവരുമാണ്. ഇവരില്‍ നിന്ന് പണമീടാക്കാനായിരുന്നു തീരുമാനം. 14 ദിവസത്തെ ക്വാറന്റൈന് ശരാശരി പതിനായിരം രൂപയെങ്കിലും ചെലവാകും.
മടങ്ങിവരുന്നവരില്‍ പലരും എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സന്നദ്ധരാണ്. ഇതിന് പണം നല്‍കണമെന്ന അവസ്ഥ വരുമ്പോള്‍ അവരും സര്‍ക്കാര്‍ ക്വാറന്റൈന് മടിക്കും. വീടുകളിലേക്ക് മടങ്ങും. ഇതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ഇങ്ങനെ വീടുകളിലെത്തുന്നവരില്‍ ചിലരെങ്കിലും ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങി നടക്കുന്നത് രോഗ വ്യാപനത്തിന് വഴിയൊരുക്കും. പണം നല്‍കണമെന്ന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ രോഗവ്യാപനത്തിനും വഴിതുറന്നേക്കും.
















