കണ്ണൂർ:പിണറായി വിജയൻ മന്ത്രിസഭ കേരളത്തിന് അപമാനമായി മാറുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് കണ്ണൂരിൽ പ്രസ്താവനയിൽ പറഞ്ഞു. കള്ളത്തരവും ഇരട്ടത്താപ്പുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. അത് മറയ്‌ക്കാൻ മറ്റുള്ളവരോട് കുതിരകയറുകയാണ് മുഖ്യമന്ത്രി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന ശൈലിയിലാണ് പിണറായി വിജയന്റെ പ്രവർത്തനം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയലിന് നേരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ.
കേന്ദ്ര റെയിൽ മന്ത്രി എന്ന പദവിയുടെ അന്തസ് ഉയർത്തിയ ആളാണ് പിയൂഷ് ഗോയൽ. അദ്ദേഹത്തെ ഉപദേശിക്കാനുള്ള യോഗ്യതയൊന്നും കേരള മുഖ്യമന്ത്രിക്കില്ല. കേരളാ മുഖ്യമന്ത്രിയെപ്പറ്റി കേന്ദ്രമന്ത്രി നടത്തിയ പരാമർശത്തിൽ എന്താണ് തെറ്റുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കൊറോണ പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്താണെന്ന് മേനി നടിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ ജനങ്ങളുടെ ദുരിതം കാണാതെ പോയ രാജ്യത്തെ ഏക നേതാവാണ് പിണറായി വിജയൻ. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും അവരവരുടെ ജനങ്ങളെ തിരികെയത്തിക്കാൻ ഏതറ്റം വരെയും പോയി നടപടികൾ സ്വീകരിച്ചപ്പോൾ പിണറായി വിജയൻ അവരെ ആട്ടിയകറ്റുന്ന നിലപാടിലാണ്. കേരളത്തിൽ നിന്ന് മാത്രം 43 തീവണ്ടികളാണ് അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയത്.
അതേ സമയം കേരളത്തിലേക്ക് വന്നത് വെറും 5 ട്രയിനുകൾ മാത്രാണ്. ഇത് ആരുടെ പിടിവാശി മൂലമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ ട്രെയിനുകൾ പോലും വന്നത് മറ്റ് സംസ്ഥാനങ്ങളും റെയിൽവേയും മുൻകൈ എടുത്തത് മൂലമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 28 ലക്ഷം പേരെ അവരുടെ സ്വന്തം വീടുകളിൽ എത്തിക്കാൻ നേതൃത്വം നൽകിയ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ റയിൽവേ മന്ത്രിയാണ് പിയൂഷ് ഗോയൽ. ആ സാഹചര്യത്തിൽ മലയാളികൾ മാത്രം അനാഥ പ്രേതം കണക്കെ മറ്റിടങ്ങളിൽ അലഞ്ഞു തിരിയുന്നത് കാണുമ്പോൾ ഇവരെ കേരളത്തിന് വേണ്ടാതായോ എന്ന സംശയം സ്വാഭാവികമാണ്.
മാത്രവുമല്ല കേരളത്തിലേക്ക് വരാനിരുന്ന തീവണ്ടി വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമ്പോൾ പ്രത്യേകിച്ചും. മടങ്ങിവരുന്നവർക്കായി 3 ലക്ഷത്തോളം കിടക്കകൾ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം വെറും തട്ടിപ്പാണെന്ന് കേന്ദ്രമന്ത്രിക്ക് അറിയില്ലല്ലോ?. കാരണം അദ്ദേഹം വാക്കും പ്രവർത്തിയും തമ്മിൽ അന്തരമില്ലാത്ത നേതാവാണ്.
കോവിഡ് ബാധിതരുടെ എണ്ണം കുറവാണെന്ന് കാണിക്കാൻ സ്വന്തം സഹോദരങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളി വിടാൻ മുഖ്യമന്ത്രി ശ്രമിക്കരുത്. അവകാശവാദമല്ല വേണ്ടത്. ക്രിയാത്മകമായ ഇടപെടലാണ്. അതിനാണ് മുഖ്യമന്ത്രി മുൻകൈയെടുക്കേണ്ടത്. മറ്റുള്ളവരെ കുറ്റം പറഞ്ഞും കള്ളത്തരം പ്രചരിപ്പിച്ചും കാലം കഴിക്കുന്ന ഏർപ്പാട് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: