കുട്ടികള്‍ക്കായി ബാലഗോകുലം സംഘടിപ്പിച്ച കലായാത്രയില്‍ കോട്ടയം ജില്ലയിലെ പരിപാടിയില്‍ ഒന്‍പതാംക്ളാസുകാരി ശ്രദ്ധനേടി. യാത്രയുടെ ഭാഗമായി അവതരിപ്പിച്ച നൃത്തശില്പത്തെ മനോഹരമാക്കിയത് നൃത്ത വിദ്യാര്‍ത്ഥി കൂടിയായിരുന്ന ആ കുട്ടിയുടെ പ്രകടന മികവായിരുന്നു. നര്‍ത്തന വഴിയിലൂടെ ഏറെ സഞ്ചരിച്ച ആ മിടുക്കി, ചെന്നൈ കലാക്ഷേത്രയില്‍നിന്ന് ഭരതനാട്യത്തില്‍ പോസ്റ്റ് ഡിപ്ളോമയും ഹൈദ്രബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് പെര്‍ഫോമന്‍സ് ആര്‍ട്സില്‍ ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് നൃത്തത്തില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.
ബാലഗോകുലം പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൃത്തശില്പം അവതിരിപ്പിച്ച കൂട്ടി രാജ്യത്തെ പ്രധാന വേദികളിലെല്ലാം നടനം ചെയ്ത നര്‍ത്തകിയായി വളര്‍ന്നു. രാജ്യത്തെ എണ്ണം പറഞ്ഞ നൃത്താധ്യാപകരില്‍ ഒരാളായി. അംഗീകാരമായി ഇപ്പോള്‍ കേന്ദ്ര ലളിതകലാ അക്കാദമിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായി നിയമനവും. ഈ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ഡോ. ഗൗരിപ്രിയ സോമനാഥ് .കോട്ടയം കൂരോപ്പട ആലപ്പാട്ട് കെ സി സോമനാഥപണിക്കരുടേയും ഡോ അംബികയുടേയും മകളായ 30 കാരിക്ക് നൃത്തമാണെല്ലാം.
കേരളം, തമിഴ്നാട്,ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര , മധ്യപ്രദേശ് ഇത്രയും സംസ്ഥാനങ്ങളില്‍ നൃത്തപഠനത്തിനും ഗവേഷണത്തിനും പഠിപ്പിക്കലുമായി ചെലവഴിച്ചതും അതിനാലാണ്. രാജ്യവ്യാപകമായി നൃത്താവതരണം നടത്തിയതിനു പുറമെയാണിത്.
‘പടയണിയെക്കുറിച്ചും കര്ണ്ണനെകുറിച്ചും ശിവശക്തിയെ കുറിച്ചും ഒക്കെയുള്ള ഗവേഷണ പ്രബന്ധങ്ങള്‍, രാജ്യത്തുടനീളം മാത്രമല്ല വിദേശരാജ്യങ്ങളിലും നടത്തിയ ഭരതനാട്യം ശില്പശാലകള്, നൃത്തസംബന്ധിയായ വിവിധ വിഷയങ്ങളില്‍ പ്രമുഖ സര്‍വകലാശാലകളില്‍ അവതരിപ്പിച്ച സെമിനാര്‍ പേപ്പറുകള്‍, സംസ്ഥാന ദേശീയ മത്സരങ്ങളിലെ ജൂറി അംഗത്വം, വിവിധ സര്‍വകലാശാലകളിലേയും നൃത്തസ്ഥാപനങ്ങളിലേയും പരീക്ഷാ നടത്തിപ്പിന്റെ മേല്‍നോട്ടം, ആധികാരിക പ്രസദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍,…..മുപ്പതുകാരിക്ക് നേടാവുന്നതിലപ്പുറമായിരുന്നു ഗൗരിപ്രിയയുടെ നേട്ടങ്ങള്‍. സൂര്യ (തിരുവനന്തപുരം), ശ്രിംഗാര(ബാംഗ്ളൂര്‍ ), നാദനീരാജ്ഞനം (തിരുപ്പതി), വ്യാസ് മഹോത്സവം (വാരാണസി), പൂര്വാചാര്യ സ്മൃതി (കാശി), ഘട്ട് സന്ധ്യ (ഗ്വാളിയര്‍), സുര്ഗംഗാ ഉത്സവം(വാരണസി), നൃത്യനൃത്യതി ഉത്സവം ( ഭിലായി), ഓജസ് ഫെസ്റ്റിവര്‍ ( ബാംഗ്ളൂര്‍ ), ലോകമന്ദന് ( റാഞ്ചി) രേവാ നൃത്തസംഗീത മഹോത്സവം ( ജബല്‍പൂര്‍) ജെ എന്യു ആര്‍ട്സ് ഫെസ്റ്റിവല്‍ (ദല്‍ഹി), താജ് മഹോത്സവം (ആഗ്ര) റിയോ ഡി ജനീരോ ( ബ്രസീല്‍) എന്നിവിടങ്ങളിലൊക്കെ ഗൗരിപ്രിയയുടെ നൃത്തചുവടുകള്‍ ലാസ്യഭംഗി വിടര്‍ത്തി.
എബിവിപിയില്‍ സജീവമായിരുന്ന ഗൗരിപ്രിയ ഹൈദ്രബാദ് കേന്ദ്ര സര്‍വകലാശാല യൂണിയന്റെ കള്‍ച്ചറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവിടെ യൂണിയന് ഭാരവാഹിയാകുന്ന ആദ്യത്തെ മലയാളി പെണ്‍കുട്ടിയുമായി. രണ്ടു തവണ എബിവിപി മധ്യപ്രദേശ് സംസ്ഥാന സമിതി അംഗമായിരുന്നു.
ഗ്വാളിയര്‍ വികാസ് സമിതിയുടെ ഗുരുസമ്മാന്, ഭിലായി നൃത്താഞ്ജലി സമിതിയുടെ നൃത്തവിലാസിനി, ബാംഗ്ളൂര്‍ ഓജസ് സമിതിയുടെ ഓജസ്വി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസക്കാരങ്ങളും തേടി എത്തിയിട്ടുണ്ട്. നിരവധി അന്താരാഷ്ട ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട,’ഉമ ഹിമവാന്റെ മകള്‍’ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുകയും ചെയ്തു.
ഗ്വാളിയര്‍ രാജാ മാന്‍സിംഗ് തോമര്‍ മ്യൂസിക് ആന്റ് ആര്‍ട്സ് സര്‍വകലാശാലയിലെ അസിസ്റ്റന്റ്് പ്രൊഫസറും (ഭരതനാട്യം) വകുപ്പ് മേധാവിയും പരീക്ഷാ കണ്‍ട്രോളറുമാണ്.
ജന്മഭൂമി ദല്‍ഹി ബ്യൂറോ ചീഫ് എസ്. സന്ദീപ്, രാം നാഥ് (ഫെഡറല്‍ ബാങ്ക് ) എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: