ശ്രീകൃഷ്ണപുരം: സിപിഎമ്മിനെ വിശ്വസിച്ചു വരുന്നവരെ പാര്‍ട്ടി സംരക്ഷിക്കും, എല്ലാ സഹായവും നല്‍കും, പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും ഇതാണ് പാര്‍ട്ടി നയമെന്ന് പരസ്യമായി വ്യക്തമാക്കി പി.കെ. ശശി എംഎല്‍എ. തങ്ങള്‍ എല്ലാവരും ഈ നയമാണ് പിന്തുടരുന്നതെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ച പഞ്ചായത്ത് അംഗം കെ.പി. രാധകൃഷ്ണനും കുടുംബവും ഉള്‍പ്പടെ 50 ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
ഇവര്‍ക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. ഇവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് എംഎല്‍എ പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയം വ്യക്തമാക്കിയത്. മറ്റുപാര്‍ട്ടികളില്‍ നിന്നും വന്നവരെ ഭീഷണിപ്പെടുത്തി നിര്‍ത്തുന്ന സമീപനമാണ് പി.കെ. ശശി എംഎല്‍എയുടെ വാക്കുകളിലൂടെ വ്യക്തമായിരിക്കുന്നത്.
കരിമ്പുഴ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ കിഴക്കേപ്പുര കോളനിയിലേക്കുള്ള പൊതുവഴി വേലികെട്ടി അടച്ച വാര്‍ഡ് മെമ്പര്‍ കൂടിയായ രാധകൃഷ്ണനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ലീഗ് വിട്ട് ഭരണകക്ഷിയായ സിപിഎമ്മില്‍ അഭയം തേടിയത്.
ഇവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. പ്രാദേശിക സിപിഎം നേതാക്കളും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ആളുകള്‍ കൂടാന്‍പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് എംഎല്‍എയും സംഘവും സിപിഎമ്മില്‍ ചേര്‍ന്നവരെ സന്ദര്‍ശിച്ചത്. നിരോധനാജ്ഞ നില നില്ക്കുന്ന ജില്ലയില്‍ ഇത്തരത്തില്‍ സ്വീകരണ യോഗങ്ങളും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതും നിയമ ലംഘനം മാത്രമല്ല ജനപ്രതിനിധിയായ എംഎല്‍എ തന്നെ ഇതിന് നേതൃത്വം നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: