തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് സന്നദ്ധ സേനയിലെ പ്രവര്‍ത്തകരെ പോലീസിനോടൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ അധികവും.ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഡിജിപി ഇറക്കിയ ഉത്തരവ്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസുകാരും വൈറസ് ബാധിച്ച് ക്വാറന്റീനിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് ഡിജിപി ഉത്തരവ് നല്‍കിയിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തര ഘട്ടങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാനാണ് സന്നദ്ധ സേനരൂപീകരിച്ചത്. ഇതിലേയ്ക്കായി പ്രത്യേക വെബ്സൈറ്റും തയ്യാറാക്കി അതില്‍ രജിസ്റ്റര്‍ ചെയ്യാനാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐക്കാരെ രജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് വെബ്സൈറ്റ് വിവരം മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പലപ്പോഴും വെബ്സൈറ്റ് ബ്ലോക്ക് ആയതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തര്‍ അല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും സാധിച്ചില്ല.
പോലീസ് വോളന്റിയര്‍മാര്‍ എന്നാണ് നിയോഗിക്കപ്പെടുന്നവരെ അറിയപ്പെടുക. പോലീസ് വോളന്റിയേഴ്സ് എന്ന് മഞ്ഞ അക്ഷരത്തിലെഴുതിയ നീല നിറത്തില്‍ മൂന്നിഞ്ച് വീതിയുള്ള തുണിയില്‍ നിര്‍മിച്ച ആം ബാന്‍ഡ് ഇവര്‍ക്ക് നല്‍കും. രണ്ടു പേരടങ്ങുന്ന പോലീസ് സംഘത്തില്‍ ഒരാളായി ഈ വോളന്റിയര്‍ ഉണ്ടാകും. ബൈക്ക് പട്രോള്‍ നടത്തുന്ന പോലീസുകാര്ക്കൊപ്പവും ഇവരെ നിയോഗിക്കും. . ഇവരുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കും. പോലീസിനോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവും വോളന്റിയര്‍മാര്‍ക്ക് നല്‍കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവില്‍ പറയുന്നു.
പോലീസിന്റെ രഹസ്യ സ്വഭാവം ഇല്ലാതാകുന്നതാണ് ഈ തീരൂമാനം. വയര്‍ലെസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ആം ബാന്‍ഡ് യൂണിഫോമും ദുരുപയോഗം ചെയ്യും. പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും ഭരണം പോയാലും സ്റ്റേഷന് ഭരണം തങ്ങളുടെ വരുതിയിലാക്കാനും പാര്‍ട്ടി ലക്ഷ്യമിടുന്നു. സേനയില്‍ നിന്നും സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ എത്തിച്ച് പോലീസുകാര്‍ക്കെതിരെ വേണ്ട നടപടി സ്വീകരിക്കാനും ഇതിലൂടെ സാധിക്കും.
സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പശ്ചാത്തലം എന്തെന്ന് പോലീസിന് അറിയില്ല.സന്നദ്ധ സേനയിലെ പാര്ട്ടിക്കാര് നടത്തിയ നിരവധി കുറ്റ ക്യത്യങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: