തിരുവനന്തപുരം: മരണംവരെ വായന വളര്‍ത്തും. മരണശേഷം ഈ ദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനമുറിയിലേക്ക്. തലമുറകള്‍ക്ക് മാതൃകയാക്കാവുന്ന ഒരു അധ്യാപകന്റെ തീരുമാനമാണിത്. തിരുവനന്തപുരം പേട്ട ‘ദിവ്യ’യില്‍ കെ. കുമാരദാസ് (53) അധ്യാപനത്തിനൊപ്പം സാമൂഹ്യ സേവനവും കടമയാക്കിയ വ്യക്തി. പത്ത് വര്‍ഷമായി പാല്‍ക്കുളങ്ങര സര്‍ക്കാര്‍ യുപി സ്കൂളില്‍ സംസ്കൃതം അധ്യാപകനായിരുന്നു. അഞ്ച് മാസമായി നേമം യുപി സ്കൂളിലാണ് ജോലി.
കുട്ടികള്‍ക്ക് ദേവഭാഷയ്ക്കൊപ്പം നന്മയുടെ നല്ലപാഠം കൂടി പകര്‍ന്നു നല്കുന്ന മാതൃകാ അധ്യാപകനാണ് ദാസന് മാഷ്. അനാഥാലയങ്ങള്‍, യാചക പുനരധിവാസ കേന്ദ്രം, നിരാലംബരുടെയും രോഗികളുടെയും വീട്ടുമുറ്റം എന്നിവിടങ്ങളിലൊക്കെ ദാസന് മാഷ് പഠിപ്പിച്ച ആ നന്മ പലപ്പോഴും അന്നമായി കടന്നുചെന്നു.
ക്ലാസ് മുറികളില്‍ ഗ്രന്ഥപ്പുര ഒരുക്കാന്‍ വേറിട്ട വഴി തെരഞ്ഞെടുത്ത അധ്യാപകന് കൂടിയാണ് കുമാരദാസ്. മഹാകവി അക്കിത്തം, ലളിതാംബിക അന്തര്‍ജനം, സുഗതകുമാരി തുടങ്ങി പ്രഗത്ഭരായ നൂറുകണക്കിന് എഴുത്തുകാരുടെ വസതിയിലേക്ക് അദ്ദേഹം യാത്ര ചെയ്യും. അവരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക്. പാല്‍ക്കുളങ്ങര സ്കൂളില്‍ ഇങ്ങനെ 750 പുസ്തകങ്ങള്‍ എത്തിച്ചു കുമാരദാസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നേമം സ്കൂളിലെ ക്ലാസ് ലൈബ്രറികളിലും 250 പുസ്തകങ്ങള്‍ അദ്ദേഹം ശേഖരിച്ചു നല്കി.
ഈ ലോക്ഡൗണ്‍ കാലത്തും വീട്ടിലിരിക്കാന്‍ ഒരുക്കമല്ല കുമാരദാസ്. പുസ്തകങ്ങള്‍ തേടി, വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച്, രോഗികള്‍ക്ക് മരുന്നുമായി യാത്രയിലാണ്. സേവനം തപസ്യയാക്കിയ ഒരധ്യാപകന്റെ നിശബ്ദ പോരാട്ടം. തന്റെ ജീവിതം തലമുറയ്ക്ക് പാഠപുസ്തകമാക്കുകയാണ് കുമാരദാസ്. മരണത്തോടെ മണ്ണില്‍ അലിഞ്ഞു ചേരുന്ന പാഴ്വസ്തുവാകരുത് ദേഹമെന്നതാണ് ഈ അധ്യാപകന്റെ പക്ഷം.
2016 ല്‍ മരണശേഷം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഏറ്റെടുത്തു കൊള്ളാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ നല്ല തീരുമാനത്തിന് ഒപ്പം നില്ക്കുക മാത്രമല്ല, തന്റെ മൃതദേഹവും പഠനത്തിന് വിട്ടുനല്‍കാന്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടു ഭാര്യ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചീഫ് അക്കൗണ്ടന്റ് ശൈലജ എസ്. നായര്‍. ജീവിതം അറിവു പകരാനും ജീവിതശേഷം അറിവിന് പാത്രമാകാനും ഉറപ്പിച്ചവര്‍.
ശിവാകൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: