മലപ്പുറം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത് കൊറോണ ബാധിച്ചല്ലെന്നും ചികിത്സാപിഴവ് മൂലമാണെന്നും ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്.
ആരോഗ്യവകുപ്പും സംസ്ഥാന സര്‍ക്കാരും തെറ്റിദ്ധാരണ പരത്തുകയാണ്. ഏപ്രില്‍ 21നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ കുട്ടി വെന്റിലേറ്ററിലായിരുന്നു. 24ന് മരണം സംഭവിച്ചു. ജന്മനാ ഹൃദ്രോഗിയായ കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കിയിരുന്നു. എന്നാല്‍ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത് 28 മണിക്കൂറിന് ശേഷമാണ്.
പിറ്റേദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് വേണ്ടിയാണ് മരണം സ്ഥിരീകരിക്കുന്നത് നീട്ടിവെച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരണശേഷം ലഭിച്ച കൊറോണ ഫലം നെഗറ്റീവായതില്‍ ദുരൂഹതയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ ശ്രവ പരിശോധനഫലം പോസിറ്റീവാണോ നെഗറ്റീവാണോയെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ചികിത്സാ പിഴവ് മറച്ചുവെയ്ക്കാന്‍ കൊറോണ മരണമായി ചിത്രീകരിച്ചതാണോയെന്ന് സംശയമുണ്ട്. കുട്ടിയുടെ മരണശേഷം ബന്ധുക്കളായ 33 പേരെ ഐസൊലേഷനില്‍ ആക്കിയിരുന്നു. കുട്ടിക്ക് കൊറോണ ഉണ്ടായിരുന്നെങ്കില്‍ അടുത്തിടപഴകിയ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല.
ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ ആരോഗ്യവകുപ്പും സര്‍ക്കാരും തയ്യാറാകണം. ഈ വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും കുട്ടിയുടെ മാതാപിതാക്കളായ അഷ്റഫ്, ആഷിഫ, പിതൃസഹോദരന് ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: