പീരുമേട്: വണ്ടിപ്പെരിയാറിലെ തോട് നവീകരണത്തില്‍ തടസമായി സ്വകാര്യ വ്യക്തി നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍. പെരിയാര്‍ നദിയിലേക്ക് ചെല്ലുന്ന പ്രധാന കൈത്തോടിനകത്ത് നിര്‍മ്മിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍ ആണ് പ്രശ്നമാകുന്നത്.
വണ്ടിപ്പെരിയാര്‍ ജില്ലാ ബാങ്ക് ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ നിന്ന് മുഴുവന്‍ കക്കൂസ് മാലിന്യങ്ങള്‍ ചെല്ലുന്നത് ഈ സെപ്റ്റിക് ടാങ്കിലേക്കാണ്. ഈ കെട്ടിടത്തിന്റെ ഉടമക്ക് പുറകില്‍ സ്ഥലം ഉണ്ടായിട്ടുപോലും തോട്ടിലേക്ക് അനധികൃതമായി ഇറക്കി മൂന്ന് സെപ്റ്റിക് ടാങ്കുകള്‍ ആണ് പണിതിരിക്കുന്നത്.
ഇതില്‍ രണ്ടെണ്ണം പൂര്‍ണമായും നിറഞ്ഞു. മൂന്നാമത്തേതില്‍ നിന്നും മലിന ജലം തോട്ടിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധം ദുര്‍ഗന്ധം വമിക്കുകയും ഇതുമൂലം പണികള്‍ നിര്‍ത്തേണ്ട അവസ്ഥയുമാണ്.
ഇത്തരത്തില്‍ വീടുകളിലെ മാലിന്യങ്ങളും അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളും അടക്കം എല്ലാം കൈത്തോട്ടില്‍ ആണ് ഒഴുക്കിവിടുന്നത്. അധികൃതരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനമാണിതിന് കാരണം. ചായക്കടകളിലേയും അറവുശാലകളിലേയും മാലിന്യങ്ങള്‍ ഈ തോട്ടിലാണ് നിക്ഷേപിക്കുന്നത്. പല സ്ഥാപനങ്ങളും ലൈസന്‍സ് പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
താട് വൃത്തിയാക്കാന്‍ ആരംഭിച്ചതോടെ അനധികൃത കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ചു മാറ്റുന്ന നടപടിയിലേക്ക് ആണ് ഗ്രാമപഞ്ചായത്ത് നീങ്ങുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മഴക്കാലത്ത് വെള്ളം കയറി ഇവിടെ ഗതാഗതം തടസപെടുന്നത് നിത്യസംഭവമാണ്. ഇതിന് പരിഹാരമായി കഴിഞ്ഞ വര്‍ഷം റോഡ് ഉയരം കൂട്ടി പണിതിട്ടും വെള്ളം കയറിയിരുന്നു. തോടിന്റെ വീതി കുറഞ്ഞതാണ് കാരണം. പല വിടുകളുടെയും ഒരു ഭാഗം തോട്ടിലാണ്. മുഖം നോക്കാതെയുള്ള നടപടി മാത്രമേ പരിഹാരമുള്ളെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: