തിരുവല്ല: കന്യാസ്ത്രീമഠത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ദിവ്യാ പി ജോണിന്റെ മൃതദേഹത്തിൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ട തെളിവുകൾ നശിപ്പിക്കപ്പെട്ടത് അന്വേഷണത്തെ ബാധിക്കുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള പുഷ്പഗിരി മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ചത് തെളിവുകൾ നശിപ്പിക്കാനാണെന്ന ആരോപണം നിലനിൽക്കെയാണ് ശാസ്ത്രീയ തെളിവുകളുടെ അഭാവം അന്വേഷണത്തെ ബാധിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിലേക്ക് മെയ് 7ന് ഉച്ചകഴിഞ്ഞ് മാറ്റുന്നതിന് മുമ്പ് മൃതദേഹം പൂർണമായും പ്രഷർവാഷ് ചെയ്തിരുന്നതായാണ് സൂചന. എതോടെ ആന്തരിക അവയവ പരിശോധനയിലടക്കം അട്ടിമറി നടന്നതായി സൂചനയുണ്ട്. പീഡനം നടന്നിട്ടുണ്ടൊയെന്ന് സ്ഥിരീകരിക്കുന്ന വേജേനൽ ടെസ്റ്റ് അടക്കം ഇതോടെ നശിപ്പിക്കപ്പെട്ടു. 12 മണിയോടെ ആശുപത്രിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് 6മണിയോടെയാണ് കോട്ടയം മെഡിക്കൽ കൊളേജിലേക്ക് മോർച്ചറിയിലേക്ക് മാറ്റുന്നത്.
അതായത് 4 മണിവരെ മൃതദേഹം പുഷ്പഗിരിയിലായിരുന്നു. മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ എന്തിനാണ് ഇത്രയും സമയം ഇതിനായി വേണ്ടിവന്നതെന്നും സംശയം ഉളവാക്കുന്നു. മരണ സമയത്തിലടക്കം കൃത്യത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല. ലോക്കൽ പോലീസിന്റെ അന്വേഷണ പിഴവിനെ തുടർന്ന് ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസിനെ അട്ടിമറിക്കാൻ പോകുന്ന പ്രധാന ഘടകമാണ് ശാസ്ത്രീയ തെളിവുകൾ.
ദൂരൂഹസാഹചര്യം തുടക്കംമുതൽ നിലനിന്നിട്ടും പോസ്റ്റു മാർട്ടം പിറ്റേന്ന് മാറ്റിയതിലും സംശയം ജനിപ്പിക്കുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശമുണ്ടെങ്കിൽ രാത്രി വൈകിയും നടപടിക്രമങ്ങൾ തുടരാം. എന്നാൽ വിഷയത്തിൽ ഇതൊന്നും നടന്നിട്ടില്ല.
ആദ്യ മണിക്കൂറുകൾ നിർണ്ണായകം
മരണശേഷമുള്ള ആദ്യ മൂന്ന് മണിക്കൂറുകൾ ശാസ്ത്രീയ തെളിവുകളിൽ നിർണ്ണായകമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. രക്തം, മുടി, നഖങ്ങൾ,രഹസ്യഭാഗങ്ങൾ, ഉമിനീർ, ശരീരസ്രവങ്ങൾ തുടങ്ങി പ്രധാന പരിശോധനകളെ ഈ കാലതാമസം കാര്യമായി ബാധിക്കും. പലകേസുകളിലും ഈ പരിശോധനകളിലാണ് നിർണ്ണായകമായ വസ്തുതകൾ പുറത്ത് വരുന്നത്. എന്നാൽ കേസിൽ ഇതും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: