കൊച്ചി: ജില്ലയില്‍ പുതിയ അഞ്ചു പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മെയ് 19ന് മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലെത്തിയ അങ്കമാലി തുറവൂര്‍ സ്വദേശിയായ 36 കാരനാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 23ന് സാമ്പിള്‍ പരിശോധനക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വിവിധ ജില്ലകളില്‍ നിന്നുള്ള 22 പേരടങ്ങിയ സംഘത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് ബസിലാണ് കേരളത്തിലെത്തിയത്. ലക്ഷദ്വീപ്, മധ്യപ്രദേശ്, ബംഗാള്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള നാലുപേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മെയ് 21നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ജില്ലയിലെ ആശുപത്രികളില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 16 ആണ്.
ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കൊറോണ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 30 വയസുള്ള യുവതി രോഗമുക്തയായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രി വിട്ടു. മെയ് 8നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
പുതിയതായി 11 പേരെ ഇന്നലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. എട്ടു പേര് കളമശേരി മെഡിക്കല്‍ കോളേജിലും മൂന്നു പേര് സ്വകാര്യ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 62 ആണ്. കളമശേരി മെഡിക്കല്‍ കോളേജ്-32, കരുവേലിപ്പടി താലൂക്ക് ആശുപത്രി-ആറ്, പോര്‍ട്ട് ട്രസ്റ്റ് ആശുപത്രി -മൂന്ന്, സ്വകാര്യ ആശുപത്രികള്‍-21 എന്നിങ്ങനെയാണ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം.
എറണാകുളം-എട്ട്, പാലക്കാട്, കൊല്ലം, ഉത്തര്‍പ്രദേശ്, തൃശൂര്‍, ലക്ഷദ്വീപ്, മധ്യപ്രദേശ്, ബംഗാള്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം ഒരാള്‍ വീതം, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ സംസ്ഥാനം/ജില്ല തിരിച്ചുള്ള കണക്ക്. 533 പേരെ കൂടി ജില്ലയില്‍ ഇന്നലെ പുതിയതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 262 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 7431 ആയി. ഇതില്‍ 156 പേര് ഹൈറിസ്ക്ക് വിഭാഗത്തിലും, 7275 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 16 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജ്-ഏഴ്, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-ഒമ്പത് എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം. തിങ്കളാഴ്ച കൊച്ചി തുറമുഖത്തെത്തിയ മൂന്നു കപ്പലുകളിലെ 66 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
ജില്ലയില്‍ നിന്ന് 60 സാമ്പിളുകള്‍ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചു. 98 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇനി 105 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. പുതുക്കിയ മാനദണ്ഡപ്രകാരമുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്നേറ്റെഡ് മൊബൈല്‍ കളക്ഷന്‍ ടീം (ഡിഎംസിറ്റി) കൊറോണ കെയര്‍ സെന്ററുകളില്‍ നിന്ന് ഇന്നലെ 30 സാമ്പിളുകള്‍ കൂടി ശേഖരിച്ചു.
ജില്ലയിലെ 21 കൊറോണ കെയര്‍ സെന്ററുകളിലായി 785 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 111 പേര് പണം നല്കി ഉപയോഗിക്കാവുന്ന കൊറോണ കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: