കാറല്‍ മാര്‍ക്സിന്റെ കൊച്ചുമകന് ജീന്‍ ലോംഗ്വെറ്റിന് വിനായക ദാമോദര്‍ സവര്‍ക്കര്‍ എന്നാല്‍ ഇരുപത്തിയേഴാം വയസ്സില്‍, ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനു തയാറാകുന്ന സാര്‍വ്വദേശീയ ക്ഷുഭിത യൗവ്വനത്തിന്റെ എണ്ണം പറഞ്ഞ മുന്നണിപ്പോരാളികളിലൊരാളായിരുന്നു. തടവുപുള്ളിയാക്കി ഇല്ലാതാക്കാന്‍ ബ്രിട്ടീഷ് ഇന്ത്യയിലേക്ക് ഇംഗ്ലീഷ് ഭരണംകൂടം കയറ്റി വിട്ട കപ്പലില്‍ നിന്ന് കടലിലേക്ക് എടുത്തുചാടി വെടിയുണ്ടകളില്‍ നിന്ന് നീന്തിയകന്ന് ഫ്രഞ്ചുകരയില്‍ അഭയം തേടിയ വീര സവര്‍ക്കറെ അനധികൃതമായി ബ്രിട്ടീഷ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് നടപടിക്കെതിരെ ഫ്രാന്‍സിലെ ഹേഗ് അന്തരാഷ്ട്ര നിയമക്കോടതിയോടൊപ്പമുള്ള പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്ബിട്രേഷനില്, കേസ് നടത്തിയപ്പോള്‍ സവര്‍ക്കറുടെ അഭിഭാഷകനായി ഹാജരായത് കാറല്‍ മാര്‍ക്സിന്റെ കൊച്ചുമകന്! അദ്ദേഹത്തെ അതിന് നിയോഗിച്ചത് യൂറോപ്പ് കേന്ദ്രീകരിച്ച് അന്ന് സജീവമായിരുന്ന ഇടതുപക്ഷ-കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയുടെ സജീവ നേതൃത്വവും അവരോടൊപ്പം നിന്ന മാധ്യമ സമൂഹവും! നീതി നിഷേധിക്കപ്പെട്ട, തങ്ങളിലൊരുവനായ, സവര്‍ക്കറിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത് തങ്ങളുടെ ചുമതലയായി അവര്‍ കണക്കാക്കി. അതിനു മുമ്പ് റഷ്യന്‍ വിപ്ലവനായകന് ലെനിന് സവര്‍ക്കറുടെ താമസസ്ഥലത്തെത്തി പലതവണ അദ്ദേഹത്തെ കണ്ടതും കൂട്ടി വായിക്കൂക. അതോടൊപ്പം 1907ല്‍ ജര്‍മനിയില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ സവര്‍ക്കറെ ക്ഷണിച്ചതും അദ്ദേഹത്തിന്റെ പ്രതിനിധിയായി മാഡം കാമാ പങ്കെടുത്തതും അവിടെ ഭാരതത്തിന് സ്വയംഭരണമെന്ന ആവശ്യം ഉയര്‍ത്തിയതും സവര്‍ക്കര്‍ രൂപം നല്കിയ ദേശീയ പതാക ഉയര്‍ത്തിയതും എല്ലാം കണക്കിലെടുക്കുമ്പോളാണ് അക്കാലത്ത് ആഗോള തലത്തില്‍ സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെ പട്ടികയില്‍ സവര്‍ക്കറുടെ സ്ഥാനം വ്യക്തമാകുന്നത്. ആ ചരിത്ര സത്യങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞവരായിരുന്നതുകൊണ്ടാകണം പഴയ തലമുറകളിലെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന എം.എന്‍. റോയ്, എസ്.എ. ഡാങ്കേ, ഹിരണ്‍ മുഖര്‍ജി, ഇഎം ശങ്കരന് നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സവര്‍ക്കറെന്ന വിപ്ലവകാരിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തത്.
സവര്‍ക്കറുടെ നൂറ്റി പതിനേഴാമത് ജന്മദിനമാണ് നാളെ. ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സവര്‍ക്കറെ വ്യക്തിപരമായും അദ്ദേഹം ഉയര്‍ത്തിയ കാഴ്ചപ്പാടുകളെ ആശയപരമായും തകര്‍ത്തടുക്കേണ്ടത് ഹിന്ദുവിരുദ്ധ വര്ഗീയതയടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും കൊടി പിടിക്കുന്നവരുടെ അനിവാര്യമായ രണതന്ത്രമായി മാറിയതിന്റെ കാരണവും ഇപ്പോള്‍ മറ നീക്കി പുറത്തുവരുന്നു. ശക്തി സംഭരിച്ച് ശാന്തിയുടെ വഴി തേടാനാണ് സവര്‍ക്കര്‍ ഭാരതത്തോട് ആവശ്യപ്പെട്ടത്. ശക്തിയില്ലാത്തിടത്ത് പരാശ്രയം രീതിയായി മാറുമെന്നും പരാശ്രയം സ്വാതന്ത്യത്തിന്റെ ശവപ്പറമ്പായി മാറുമെന്നും സവര്‍ക്കര്‍ തിരിച്ചറിഞ്ഞു. ഭാരതത്തിന്റെ ശക്തി ചോര്‍ന്നവഴി ജാതി വ്യവസ്ഥ വരുത്തിവെച്ച ഭിന്നതയാണെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ണ്ണവ്യവസ്ഥയ്ക്ക് അടിസ്ഥാന പ്രമാണം പ്രദാനം ചെയ്യുന്ന വിശ്വാസ സംഹിതയെ പൊളിച്ചടുക്കുവാനാണദ്ദേഹം പടവാളുയര്‍ത്തിയത്. ഭാരതത്തിലെ അധഃസ്ഥിത വിഭാഗത്തോട് ചേര്‍ന്നു നിന്നപ്പോഴും മൗലികമായ പൊളിച്ചടുക്കലിന്റെ വഴി സ്വീകരിക്കുവാന്‍ മടികാണിച്ചതുകൊണ്ടായിരുന്നു മഹാത്മജിയെ ഡോ. ഭീംറാവ് അംബേദ്കര്‍ ‘മിസ്റ്റര്‍ ഗാന്ധി’ എന്നുമാത്രം വിളിച്ചത്. അതേ അംബദ്കര്‍ ജാതിവിരുദ്ധമുന്നേറ്റത്തിന്റെ അണയാത്ത തീജ്വാലയായിരുന്ന സവര്‍ക്കറേ സ്വന്തം ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി.
ജാതി നിയമങ്ങളെ തകര്‍ത്തെറിഞ്ഞ് എല്ലാ ഭാരതീയനും ആയുധമെടുത്ത് പോരാടാന്‍ സവര്‍ക്കര്‍ ആവശ്യപ്പെട്ടതോടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനോടുള്ള യഥാര്‍ത്ഥ വെല്ലുവിളി ഉയരുന്നത്. ആ വെല്ലുവിളി ഉയര്‍ത്തിയ ഇരുപത്തിയേഴുകാരന്റെ ക്ഷുഭിതയൗവ്വനത്തെ മുളയിലെ നുള്ളുവാനാണ് അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം ഇരട്ട ജീവപര്യന്തം വിധിച്ച് ആന്‍ഡമാനിലെ തടവറയിലേക്ക് തള്ളിവിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സാഹചര്യം പ്രദാനം ചെയ്ത അവസരങ്ങളെ മുതലെടുത്തുകൊണ്ട് പരമാവധി ആളുകളോട് ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്തു. അങ്ങനെ ലഭിക്കുന്ന പട്ടാള പരിശീലനത്തെയും പോരാട്ട അനുഭവങ്ങളെയും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുമ്പോള്‍ത്തന്നെ ബ്രിട്ടീഷ് കിരീടത്തോടും ഭരണകൂടത്തോടും യൂണിയന് ജാക്കിനോടും പ്രതിബദ്ധത പുലര്‍ത്തുന്ന പ്രതിജ്ഞ, ചടങ്ങായി കണക്കാക്കി മറന്നേക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഭാരതാംബയോടായിരിക്കണം ആത്യന്തിക പ്രതിബദ്ധത എന്നനും സവര്‍ക്കര്‍ നിര്‍ദേശിച്ചിരുന്നു. ഭാരതത്തിന്റെ മോചനത്തിനു വേണ്ടിവന്നേക്കാവുന്ന പോരാട്ടങ്ങള്‍ക്ക് സൈന്യത്തിനുള്ളിലെ സംഖ്യാബലം കരുത്തേകുമെന്ന കണക്കു കൂട്ടലിലാണ് സവര്‍ക്കര്‍ അങ്ങനെയൊരു തന്ത്രം മെനഞ്ഞത്. ഡോ. അംബേദ്കറും രഷ് ബിഹാരീ ബോസും നേതാജീ സുഭാഷ് ചന്ദ്ര ബോസും അടക്കമുള്ളവര്‍ വീര സവര്‍ക്കറുടെ ഈ രണതന്ത്രത്തെ അംഗീകരിച്ചവരാണ്.
1950ല്‍ ചൈന ടിബറ്റിലേക്ക് കടന്നാക്രമിച്ചപ്പോഴേ ചീനപ്പടയുടെ അടുത്ത ഊഴം ഭാരതമായിരിക്കുമെന്ന സൂചന സവര്‍ക്കര്‍ നല്കി. നെഹ്രു പഞ്ചശീല തത്ത്വവുമായി ചൈനയെ സമീപിച്ചപ്പോള്‍ 1954ല്‍ തന്നെ, (1962ല്‍ കമ്യൂണിസ്റ്റ ചൈന ഭാരതത്തെ കടന്നാക്രമിക്കുന്നതിന് 8 വര്‍ഷങ്ങള്‍ക്കു മുമ്പ്) സവര്‍ക്കര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി: ‘ടിബറ്റിനോടുള്ള പ്രവര്‍ത്തിക്കുശേഷവും ചൈനയോടുള്ള അമിത വിധേയത്വം ആ രാജ്യത്തിന്റെ വിശപ്പ് വര്‍ദ്ധിപ്പിക്കും. ഇന്ത്യയുടെ ദുര്‍ബ്ബലമായ സമീപനത്തിന്റെ തണലില്‍ ഇന്ത്യന്‍ ഭൂമി വിഴുങ്ങാനുള്ള ധൈര്യം ചൈനയ്ക്കുണ്ടായാലും എനിക്ക് അതിശയം തോന്നുകയില്ല’. ഭാരതത്തിന്റെ ദേശസുരക്ഷയുടെ കാര്യത്തില്‍ ആഗോള ബന്ധങ്ങളിലെ കൗശല പൂര്‍വ്വമായ ഇടപെടലുകളും പ്രധാന ഘടകമായിരുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ പോലും അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നയതന്ത്ര ബന്ധങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതെന്നും അല്ലാതെ ബൈബിളിന്റെ അടിസ്ഥാനത്തിലല്ലെന്നും അമേരിക്കന്‍ മാദ്ധ്യമങ്ങളോട് വെട്ടിത്തുറന്ന് പറഞ്ഞ ചരിത്രം സവര്‍ക്കര്‍ക്കുണ്ട്. ഭാരതത്തോട് നല്ല ബന്ധത്തിനു തയാറാകുന്നത് അവരുടെ ഭാവിക്കും നല്ലതാകുമെന്നും സൂചനയും സവര്‍ക്കര്‍ നല്‍കിയിരുന്നു. അതുപോലെ യന്ത്രവത്കരണത്തിന്റെ സാദ്ധ്യതകളുള്‍പ്പടെ പ്രയോജനപ്പെടുത്തി സാമ്പത്തിക ഭദ്രതകൊണ്ട് ശക്തമായാലേ രാഷ്ട്രത്തിന് നിലനില്‍പ്പുള്ളൂവെന്ന ഉള്‍ക്കാഴ്ചയും സവര്‍ക്കറുടെ പ്രത്യേകതയായിരുന്നു. അങ്ങനെ സമഗ്രമായ കാഴ്ചപ്പാടിന്റെ പ്രയോഗവത്കരണത്തിലൂടെ ഭാരതം ശക്തി സംഭരിക്കണമെന്നും അങ്ങനെ ഉയരുന്ന രാഷ്ട്ര ശക്തിയുടെ ബലത്തില്‍ ശാന്തിയുടെ അന്തരീക്ഷത്തിലേക്ക് ലോകത്തെ നയിക്കണമെന്നും സവര്‍ക്കര്‍ പറഞ്ഞതിനെ ഫലപ്രദമായി പ്രാവര്‍ത്തികമാക്കുന്ന പ്രക്രിയ മോദിയുടെ ഭാരതം തുടങ്ങിക്കഴിഞ്ഞു.
മരണത്തെ വെല്ലുവിളിച്ച സ്വതന്ത്ര വീര വിനായക ദാമോദര്‍ സവര്‍ക്കരോടോപ്പം ഭാരതാംബയ്ക്കു വേണ്ടി സ്വയം സമര്‍പ്പിച്ച വീരബലിദാനികളുടെ ബലികുടീരങ്ങളില്‍ നിന്നുയരുന്ന പ്രകാശധാരയില്‍ ആത്മനിര്‍ഭര ഭാരതം വീണ്ടും തിളങ്ങും, ലോകത്തിന് വെളിച്ചമായി, വഴികാട്ടിയായി.
(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍)
9497450866
പ്രതികരിക്കാൻ ഇവിടെ എഴുതുക: