ഒരു കാര്യത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന്, ആ കാര്യം ഉണ്ടെന്ന് സമ്മതിക്കുകയും അത് ഇല്ലാതാക്കാനുള്ള സംഗതികള്‍ സ്വരുക്കൂട്ടുകയും ചെയ്യുക. രണ്ടാമത്തേത്, അങ്ങനെയൊരു കാര്യമേ ഇല്ലെന്ന് കട്ടായം പറയുക. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് മേല്‍ സൂചിപ്പിച്ചതിലെ രണ്ടാമത്തെ സംഗതിയാണ്. അതിന്റെ തിണ്ണമിടുക്കില്‍ കേരളം ഒന്നാം നമ്പര്‍ ആണെന്ന് ആശ്വസിച്ച് കൊടിവീശുകയാണ്. സില്‍ബന്തികളും ഒത്താശക്കാരും അതേറ്റ് പിടിച്ച് ഘോര ഘോരം വാചാലരാവുന്നു. എന്നാല്‍ സംഭവഗതികള്‍ അങ്ങനെയൊന്നുമല്ല.
ഇവിടെ കൊറോണ കേസുകള്‍ ഇല്ലെന്ന വീമ്പുപറച്ചിലിന്റെ അപ്പുറത്ത് യാഥാര്‍ഥ്യങ്ങള്‍ തിരതല്ലുകയാണ്. കേരളത്തില്‍ വേണ്ട തരത്തിലുള്ള പരിശോധനയോ സ്ക്രീനിങ്ങോ നടക്കുന്നില്ല. ‘ ഞാനും എന്റെ പെണ്ണും സ്വര്‍ണപ്പണിക്കാരനും’ എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കേരളത്തില്‍ ഉള്ളവര്‍ക്ക് കൊറോണയുമില്ല, പ്രശ്നവുമില്ല, കരുതലുള്ള സര്‍ക്കാരാണ് ഇവിടെയെന്ന് അഹങ്കരിച്ചു നടക്കുകയായിരുന്നു. അങ്ങനെ കൊട്ടിപ്പാടി നടന്നപ്പോള്‍ ഇതിന്റെ ഭീകരതയെക്കുറിച്ച് ധാരണയുണ്ടായില്ല. കൊറോണ കേസുകള്‍ പരിമിതമായ സംസ്ഥാനമെന്ന ഖ്യാതി കിട്ടാന്‍ മരണസംഖ്യയിലും കൃത്രിമം കാട്ടി. അതൊക്കെ മറ്റു സംസ്ഥാനങ്ങളുടെ തലയില്‍ വച്ചുകെട്ടി. ഇതര സംസ്ഥാനങ്ങള്‍ നേരാംവണ്ണം ടെസ്റ്റുനടത്തി യഥാര്‍ഥ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ ടെസ്റ്റ് നടത്താതെ കേരളം നമ്പര്‍ വണ്‍ ആണെന്ന് മേനിനടിച്ചു.
ഇപ്പോള്‍ സമൂഹ വ്യാപന ഭീഷണി സജീവമായിരിക്കുകയാണ്. പാലക്കാട്ട് അതിന്റെ സൂചന കണ്ടുതുടങ്ങിയെന്ന് മന്ത്രി ബാലന് സമ്മതിക്കുകയും ചെയ്തിതിരിക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ ദിനംപ്രതി അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ സ്രവപരിശോധന നടത്തുമ്പോള്‍ ഇവിടെ ആയിരത്തിനടുത്തു പോലും നടക്കുന്നില്ല. അതുതന്നെ ഒരാളില്‍ നിന്ന് മൂന്ന് സ്രവങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കാണ്. മതിയായ പരിശോധന നടത്താതെ കൊറോണ കേസുകള്‍ ഇല്ലെന്ന നിലപാടുമായി മുന്നോട്ടു പോയാല്‍ സ്ഥിതിഗതികള്‍ തികഞ്ഞ ഗുരുതരാവസ്ഥയിലെത്തും. ടെസ്റ്റുകളുടെ എണ്ണം വലിയ തോതില്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സര്‍ക്കാരിന് കത്തു കൊടുത്തത് ഇത്തരുണത്തില്‍ ആപത് ശങ്കയുണ്ടാക്കുന്നു. എത്ര നിരുത്തരവാദപരമായാണ് ഇവിടെ ടെസ്റ്റ് നടത്തുന്നതെന്നതിന്റെ നേര്‍സാക്ഷ്യമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു പത്രലേഖകനുണ്ടായ അനുഭവം. പനിയും തൊണ്ടവേദനയുമായി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിയ അയാളെ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടന്ന് പനിയും മറ്റും നോക്കിയശേഷം അത്യാവശ്യം മരുന്നും നല്കി അയക്കാനായി ശ്രമം. നിര്‍ബന്ധിച്ചപ്പോള്‍ തൊട്ടടുത്തുള്ള കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ സ്രവമുള്‍പ്പെടെ എടുക്കാനോ മറ്റോ തയാറായില്ല. വിദേശത്തു നിന്നു വന്നവരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അലസമായി അവിടെയൊക്കെ നില്‍ക്കുകയാണെന്ന് ഓര്‍ക്കണം. ഒരു തരത്തിലുമുള്ള ജാഗ്രതയും ഇല്ലാതെയുള്ള സമീപനമായിരുന്നു അവിടെ. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേനത്തില്‍ പങ്കെടുക്കുന്ന ലേഖകന്‍ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടേണ്ടി വന്നു. അതിനു ശേഷമാണ് സ്രവം എടുത്തത്. കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് തല്ക്കാലം പാരസെറ്റ്മോളും മറ്റും നല്കി ലാഘവബുദ്ധിയോടെ പറഞ്ഞു വിടുന്ന സ്ഥിതിയാണ്. ആരോഗ്യമുള്ളവര്‍ക്ക് ഒരു പക്ഷേ, വേഗം മാറിയേക്കാം. എന്നാല്‍ മറ്റുള്ളവര്‍ വഴി സാമൂഹിക വ്യാപനത്തിന് ഇടവെക്കുകയാണുണ്ടാവുക. കൊറോണ കേസുകളുടെ സംഖ്യ കുറച്ചു കാണിക്കാനുള്ള ഈ തന്ത്രം കേരളത്തിനു മുകളില്‍ ഒരു തീമഴയാവും എന്ന ആശങ്ക പൊതുസമൂഹത്തിനുണ്ട്.
കേരളത്തിനു പുറത്തുനിന്ന് മലയാളികള്‍ വന്നു തുടങ്ങിയതോടെ കോവിഡ്ഗ്രാഫ് ഉയര്‍ന്നു തുടങ്ങിയെങ്കില്‍ സര്‍ക്കാരിന്റെ ലജ്ജാകരമായ ഉദാസീന നിലപാടാണ് കാരണമെന്ന് സുവ്യക്തമാണ്. ഈ മഹാമാരിക്കു മുമ്പില്‍ പൊങ്ങച്ചവും പിആര്‍ഡി മിനുക്കുപണിയും പോരാ. വോട്ടു തട്ടല്‍ തന്ത്രവും മതിയാവില്ല. ശാസ്ത്രീയമായ നടപടികള്‍ കാലപരിധിക്കുള്ളില്‍ കാര്യക്ഷമമായി നടത്തിയേ തീരൂ. ഗുജറാത്ത്,മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ റെയില്‍വെ തയാറായപ്പോള്‍ അതു വേണ്ടെന്നു വെച്ച സര്‍ക്കാര്‍ എന്തടിസ്ഥാനത്തിലായിരുന്നു ആരു വന്നാലും കേരളം തയാര്‍ എന്ന് തുള്ളിച്ചാടിയത്? വേണ്ടത്ര തയാറെടുപ്പ് നടത്താതിരിക്കുകയും പൊങ്ങച്ചം വന്‍തോതിലാവുകയും ചെയ്തപ്പോള്‍ എല്ലാം പിടിച്ചാല്‍ കിട്ടാതായി എന്ന അനുഭവമാണ് ഇപ്പോഴുള്ളത്. എല്ലാം തികഞ്ഞവനെന്ന ധാര്‍ഷ്ട്യത്തിന്റെ മുട്ടുവിറയ്ക്കുന്നത് ഇപ്പോള്‍ കാണാനാവുന്നുണ്ട്. കാര്യക്ഷമതയുള്ള സര്‍ക്കാര്‍, കരുത്താണ് കാട്ടേണ്ടത്. സാന്ത്വനത്തിന്റെ കരങ്ങളാണ് നീട്ടേണ്ടത്.രാഷ്ട്രീയ വാചാടോപങ്ങളില്‍ കാലക്ഷേപം കഴിക്കരുത്. ഉപായങ്ങള്‍ മൊത്തം തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് തിരിച്ചറിയണം. കണ്ണു കൊണ്ടു കാണാത്ത ശത്രുവിനെ കണ്ണു തുറന്ന് എതിരിടുന്നതിലാണ് മിടുക്ക്. അല്ലാതുള്ള എന്തും ചുഴിയില്‍ പെട്ടു പോകാനിടവരുത്തും; തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: