അസംഗനായ ആത്മാവിനെക്കുറിച്ച് പറയുന്നു.
ശ്ലോകം 190
സ്വയം പരിച്ഛേദമുപേത്യ ബുദ്ധേഃ
താദാത്മ്യ ദോഷേണ പരം മൃഷാത്മനഃ
സര്വ്വാത്മകഃ സന്നപി വീക്ഷതേ സ്വയം
സ്വതഃ പൃഥക്ത്വേന മൃദോ ഘടാനിവ
എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്നത് സര്‍വ്വാത്മകനായ ഒരേയൊരു ആത്മാവാണ്. സത് സ്വരൂപനായ ആത്മാവ് അസത്തായ ബുദ്ധിയുമായുള്ള താദാത്മ്യം മൂലം അല്പനായിത്തീരുന്നു. മണ്ണില്‍ നിന്ന് വേറിട്ട് മണ്‍പാത്രങ്ങളെ കാണുന്നത് പോലെ മറ്റുള്ളതില്‍ നിന്ന് താന്‍ ഭി ന്നനാണെന്ന് കരുതും.
ആത്മാവ് സത് സ്വരൂപവും അദ്വിതീയവും അഖണ്ഡവും പരിപൂര്‍ണ്ണവുമാണ്. എന്നാല്‍ അസത്ത് ആയ ഉപാധികളുമായി ചേരുമ്പോള്‍ അവയുടെ പരിമിതികള്‍ തന്റേത് എന്ന് തെറ്റിദ്ധരിക്കുന്നു.ഇത് വല്ലാത്തൊരു ഭ്രാന്തിയാണ്.
ഞാന്‍ ഈ ശരീരമാണെന്ന് കരുതുമ്പോള്‍ ശരീരവുമായി ബന്ധപ്പെട്ട എല്ലാ സുഖദുഃഖങ്ങളും തന്റെയാണ് എന്ന് കരുതും. ഉപാധികളുമായി ചേര്‍ന്നിരിക്കുമ്പോള്‍ ആത്മതത്വം ജീവന് എന്ന പേരിലറിയപ്പെടുന്നു. ബുദ്ധിയാകുന്ന ഉപാധിയോട് ചേര്‍ന്നിരിക്കുമ്പോള്‍ അത് തന്നെയാണ് ഞാന്‍ വിചാരിക്കും. ഇത് വ്യാമോഹമാണ്. മറ്റൊന്നായി തോന്നിപ്പിക്കുന്ന മിഥ്യയാണ്. താന്‍ പരമാത്മാവില്‍ നിന്ന് വേറിട്ട ഒന്നാണെന്ന് കരുതിയാല്‍ അത് അബദ്ധമായി. മണ്ണില്‍ നിന്ന് മാറി മണ്‍പാത്രങ്ങള്‍ നിലനില്പില്ല. മണ്ണ് പാത്രങ്ങളാകുമ്പോള്‍ അവയുടെ പേരും രൂപവും മാത്രമേ മാറുന്നുള്ളൂ. മണ്ണ് മാത്രമാണ് സത്യം. അതുപോലെ ആത്മാവ് മാത്രമേ സത്യമായിട്ടുള്ളൂ. മറ്റൊന്നും അതില്‍ നിന്ന് വേറിട്ട് ഇല്ല. ശരീരം, മനസ്സ്, ബുദ്ധി മുതലായവ എന്റെ ഉപാധികള്‍ മാത്രമാണ്. അവയൊന്നും ഞാനല്ല. ഉപാധികളെ മാറ്റിയാല്‍ ആത്മസ്വരൂപമായ ഞാന്‍ മാത്രം അവശേഷിക്കും.മണ്‍പാത്രങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പും പല പേരിലും ആകൃതിയിലും നിലനില്‍ക്കുമ്പോഴും അവ ഉടഞ്ഞുപോയാലും മണ്ണ് മാത്രമാകും അവശേഷിക്കുക.
ശ്ലോകം 191
ഉപാധിസംബന്ധവശാത് പരാത്മാപ്യു
പാധിധര്മ്മാനനുഭാതി തദ്ഗുണഃ
അയോ വികാരാനവികാരി വഹ്നിവത്
സദൈകരൂപോളപി പരഃ സ്വഭാവാത്
ഉപാധികളുമായി ബന്ധപ്പെടുമ്പോഴാണ് പരമാത്മാവ് അവയുടെ ഗുണങ്ങള്‍ക്കനുസരിച്ച് ഉപാധിധര്മ്മങ്ങളെ തന്റെതായി പ്രകടിപ്പിക്കുന്നത്. അഗ്നി പൊതുവെ അവികാരിയാണെങ്കിലും തീയില്‍ ചുട്ട് പഴുത്ത് കിടക്കുന്ന ഇരുമ്പു കഷ്ണത്തിന്റെ ആകൃതിയില്‍ അത് പ്രകടമാകും. അതുപോലെയാണ് ആത്മാവിന്റെ കാര്യവും ഉപാധികളുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ അവയുടെ ധര്മ്മങ്ങള്ക്കനുസരിച്ച് പെരുമാറും. ദേഹത്തിനോട് ചേരുമ്പോള്‍ ദേഹ ധര്‍മ്മങ്ങള്‍ സ്വീകരിക്കും.
നല്ലൊരു ഉദാഹരണത്തിലൂടെ ഉപാധികളുമായി ചേരുമ്പോള്‍ ആത്മാവിന് എന്ത് സംഭവിക്കുന്നുവെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആത്മാവിനെ പോലെ അവികാരിയാണ് അഗ്നി. അത് പ്രത്യേക ആകൃതിയില്ല .അത് നീണ്ടതോ ഉരുണ്ടതോ പരന്നതോ തൂക്കമുള്ളതോ അല്ല. എന്നാല്‍ ഒരു ഇരുമ്പ്കഷ്ണം തീയിലിട്ട് പഴുപ്പിച്ചാല്‍ അഗ്നിയ്ക്ക് അതിന്റെ രൂപവും തൂക്കവുമൊക്കെ ഉണ്ടാകും .ഇതൊന്നും അഗ്നിയുടേതല്ല എന്നാല്‍ ഉപാധിയായ ഇരുമ്പ് കഷ്ണത്തിന്റേതാണ്.
ആത്മാവ് ഉപാധികളോട് ചേരുമ്പോള്‍ ഇതുപോലെയാണ് അവയുടെ ധര്‍മ്മങ്ങള്‍ ആത്മാവില്‍ ആരോപിക്കപ്പെടുന്നത്. അത് സത് സ്വരൂപമായി എല്ലായ്പ്പാഴും നിലനില്ക്കുന്നു. അതിനെ യാതൊന്നും ബാധിക്കുന്നില്ല. ഉപാധി ഭാവങ്ങള്‍ അതിന് ഉണ്ടെന്ന് തോന്നിക്കും. നീലകണ്ണടയിലൂടെ നോക്കുമ്പോള്‍ എല്ലാം നീല നിറമായി തോന്നും പോലെയാണ്.
നിറമുള്ള തുണിയില്‍ വച്ച സ്ഫടികത്തിന് ആ നിറം തോന്നുന്ന പോലെയെന്ന് ഇതിനെ പറയാറുണ്ട്. ഉപാധിയായ തുണി നീക്കിയാല്‍ സ്ഫടികം അതിന്റെ യഥാര്‍ത്ഥ അവസ്ഥയെ കാട്ടിത്തരും. അതിനാല്‍ ആത്മാവ് ഉപാധികളാല്‍ ബാധിക്കപ്പെടാത്തതാണ് എന്നറിയണം. ആത്മാവ് അസംഗനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: