തലയോലപറമ്പ്: അഭയം ചരിറ്റബിള്‍ ട്രസ്റ്റിന്റെ അരിവില്‍പ്പന വിവാദത്തിന് പിന്നാലെ പാര്‍ട്ടി അച്ചടക്ക നടപടിയുടെ പേരിലും വിവാദം കൊഴുക്കുന്നു. വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ 37 കോടി രൂപയുടെ സാമ്പത്തിക ക്രമകേടുമായി ബന്ധപ്പെട്ട സിപിഎം ചില പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ പാര്‍ട്ടി നേതൃത്ത്വം ഇരട്ട നീതിയാണ് കാണിക്കുന്നതെന്ന ആരോപണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരാണ് രംഗത്ത് എത്തിയത്.
സഹകരണ നിയമം 65 വകുപ്പ് അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ വന്‍ തുകയുടെ ക്രമക്കേടുകള്‍ പുറത്തു വരുന്നത്. സിപിഎം വെള്ളൂര്‍ ലോക്കല്‍ കമ്മറ്റിയുടെ പരിധിയില്‍ പ്രര്‍ത്തിക്കുന്ന ബാങ്കിന്റെ ഭരണം മൂന്നു പതിറ്റാണ്ടിലധികമായി ഇടതുമുന്നണിയുടെ കൈകളിലായിരുന്നു. ഓഡിറ്റിംങ് റിപ്പോര്‍ട്ടില്‍ സിപിഎമ്മിന്റെ പ്രദേശത്തെ മുഴുവന്‍ നേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ നേതൃത്ത്വം മുഖം മിനിക്കല്‍ നടപടിയുമായി രംഗത്ത് വന്നു. ചില നേതാക്കളെ അച്ചടക്ക നടപടിയുടെ പേരില്‍ തരം താഴ്ത്തിയപ്പോള്‍ മറ്റു ചിലരെ പുറത്താക്കി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരേ കുറ്റം ആരോപിക്കപ്പെട്ടവരില്‍ ചിലരെ തരം താഴത്തുകയും മറ്റു ചിലരെ പുറത്താക്കുകയും ചെയ്തതിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ട് തിരിച്ചടവില്‍ മുടക്കം വരുത്തിയവര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ പേരിലും ആഷേപമുയര്ന്നിട്ടുണ്ട്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ലോക്കല്‍ കമ്മറ്റി അംഗവുമായ റ്റി.എം. വേണുഗോപാല്‍, മറ്റൊരു ലോക്കല്‍ കമ്മറ്റിയംഗം ജിമ്മി, മുന്‍ ബ്രാഞ്ച് സെക്രട്ടറി മോഹനന്, വ്യാപാരി വ്യസായി സമിതി മുന്‍ യൂണീറ്റ് സെക്രട്ടറി ഇ.എം. ഇസ്മായില്‍ എന്നിവരേയാണ് സസ്പെന്റ് ചെയ്തത്. എന്നാല്‍ ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് വെളിയില്‍ താമസിക്കുന്ന ഏരിയാ കമ്മറ്റിയംഗവും കുലശേഖരമംഗലം ലോക്കല്‍ സെക്രട്ടറിയും ഈ ബാങ്കില്‍ നിന്നും നിയമ വിരുദ്ധമായി വായ്പ കരസ്ഥമാക്കുകയും തിരിച്ചടവ് മുടക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ ഏരിയാ കമ്മറ്റിയില്‍ നടപടി ആവശ്യമുയര്‍ന്നപ്പോള്‍ ഏരിയ സെക്രട്ടറി വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കുകയാണ് ചെയ്തത്.
ഒരു വിഭാഗം പ്രവര്‍ത്തകരെ വിശദീകരണം പോലും ചോദിക്കാതെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമ്പോള്‍ മറ്റു ചിലരെ അനധികൃതമായി സംരക്ഷിക്കുന്ന നിലപാടാണ് ഏരിയ, ജില്ലാ നേതൃത്വം സ്വീകരിച്ചത്. ചിലര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ പാര്‍ട്ടി പിന്‍വലിച്ചതായി വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഈ കാര്യങ്ങള്‍ കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയാണ്. സിപിഎം സംസ്ഥാന തലത്തില്‍ ത്രിതല പഞ്ചായത്തുതെരഞ്ഞെടുപ്പിന് തയ്യറെടുക്കുമ്പോള്‍ അച്ചടക്ക നടപടിയുടെ പേരിലും അഭയത്തിന്റെ അരിവില്പനയുടെ പേരിലും തലയോലപ്പറമ്പ് ഏരിയായില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: