വേവറിയാന്‍ കലത്തിന്റെ ആടിയിലുള്ള അരിവരെ ഞെക്കി നോക്കണോ? തിളച്ചു പൊങ്ങിയും മുങ്ങിയുമായുള്ള ഏതെങ്കിലും ഒന്നോ രണ്ടോ വറ്റ്. അതില്‍ വിരല്‍ അമര്‍ത്തിയാല്‍ തന്നെ അറിയാം എല്ലാത്തിന്റെയും വേവ്. പിണറായി വിജയന് സര്‍ക്കാറിനെ വിലയിരുത്താന്‍ ഏറ്റവും ഒടുവിലത്തെ ചില തീരുമാനങ്ങള്‍ മാത്രം. മറിച്ച് മുഖ്യമന്ത്രി അവതരിപ്പിക്കാന്‍ പോകുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ജാതകമൊന്നും നോക്കേണ്ടതില്ല. എന്തായിരുന്നു നാലുവര്‍ഷം മുമ്പത്തെ ആരെയും ആകര്‍ഷിച്ച മുദ്രാവാക്യം? ”എല്‍ഡിഎഫ് വരും എല്ലാം ശരിയാകും” ജനങ്ങള്‍ അത് വിശ്വസിച്ചത് അന്നത്തെ സര്‍ക്കാര്‍ ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവിധം അധഃപതിച്ചതുകൊണ്ടാണ്. സരിതയും സോളാറുമെല്ലാം മറന്ന ജനങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്തതായിരുന്നു ബാര്‍ കോഴ. ആയിരക്കണക്കിന് കോടി രൂപയുടെ ബാര്‍ കോഴ. ബാര്‍ കോഴപ്പണത്തിന്റെ വലുപ്പം നോക്കാന്‍ മന്ത്രിവസതികളില്‍ നോട്ടെണ്ണല്‍ യന്ത്രംവരെ ഉണ്ടെന്ന ആക്ഷേപം. കോഴയുടെ പേരില്‍ രണ്ട് പ്രമുഖ മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടിവന്നു. ഇതെല്ലാം കണ്ടും കേട്ടും അന്ധാളിച്ചുനിന്ന ജനങ്ങള്‍ക്കാണ് എല്‍ഡിഎഫ് വരട്ടെ എല്ലാം ശരിയാകും” എന്ന ഉറപ്പ് നല്‍കിയത്.
ബാര്‍ കോഴ വിവാദത്തിന്റെ അനന്തരഫലം വിദേശമദ്യശാലകള്‍ക്ക് പൂട്ടുവീഴലായിരുന്നു. അതിന്റെ മുന്നില്‍ നിന്നായിരുന്നു എല്‍ഡിഎഫിന്റെ ഇപ്പം ശരിയാക്കാമെന്ന മുദ്രാവാക്യം. ഘട്ടംഘട്ടമായി മദ്യവര്‍ജ്ജനം ഉറപ്പുനല്‍കിയ എല്‍ഡിഎഫ് അധികാരമേറ്റ ഉടന്‍ ആദ്യഘട്ടമായി കുറേ ബാറുകളില്‍ മദ്യവില്‍പ്പന അനുവദിച്ചു. അധികം വൈകാതെ രണ്ടാം ഘട്ടത്തില്‍ എല്ലാ ബാറുകള്‍ക്കും വില്പ്പനാവകാശം. മൂന്നാംഘട്ടം പുതിയ സ്ഥലങ്ങളില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്കി മദ്യവില്‍പ്പനയുടെ മഹാവിപ്ലവ ഗാനം പാടി. ഈണവും താളവും തെറ്റിക്കാന്‍ കോവിഡ് വരേണ്ടിവന്നു. കോവിഡിനും ലോക്ഡൗണിനും ഇടയില്‍ തന്നെ മദ്യവില്പന തുടരാനും കോഴ മേഖല വിപുലപ്പെടുത്താനും സര്‍ക്കാര്‍ നീക്കം വേറിട്ടതുതന്നെ.
എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ 552-ാം ഇനമായാണ് മദ്യനയത്തെക്കുറിച്ച് പറയുന്നത്. ‘മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീ അഡിക്്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും. മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സ്കൂളുകളില്‍ മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആയി ഉയര്‍ത്തും. പ്രകടന പത്രിക ഇന്ന് ചോദ്യചിഹ്നമായി.
വിദേശമദ്യ വില്‍പ്പന അത് വളരെ ഉദാരമായി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യാസക്തികൂടിയ മലയാളികളെ പരമാവധി ചൂഷണം ചെയ്യുക ലക്ഷ്യം. സര്‍ക്കാര്‍ മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് പുറമെ ബാറുകളിലും കുപ്പിവില്പന അനുവദിക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് പരമാവധി ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷാരോപണം. പറയുന്നത് യുഡിഎഫ് നേതാക്കളായതിനാല്‍ അത് ഏശാന്‍ പോകുന്നില്ല. ബാറുടമകളില്‍ നിന്നും കോഴവാങ്ങി കൊഴുത്തനേതാക്കളുടെ ആക്ഷേപത്തെ പരിഹാസത്തോടെ മാത്രമേ ജനം കാണുകയുള്ളൂ. അത് തന്നെയാണ് ഇന്നത്തെ ഭരണക്കാരുടെ അഴിമതി കൊയ്ത്തിന് വളമാകുന്നത്. വില്പനാവകാശം സ്വകാര്യമേഖലയ്ക്ക് വ്യാപകമാക്കുക മാത്രമല്ല, മദ്യവിലയില്‍ വന്‍ വര്‍ധനവും വരുത്തിയിരിക്കുകയാണ്. ഇത് ഒന്നുമാത്രം പോരെ ഈ സര്‍ക്കാര്‍ പറഞ്ഞതൊന്ന് നടപ്പാക്കുന്നത് മറ്റൊന്ന് എന്ന് ബോധ്യമാകാന്‍.
അഞ്ചാം വാര്ഷികാരംഭം അറിയിച്ചുള്ളഌമുഖ്യമന്ത്രിയുടെ ലേഖനത്തില്‍ പറയുന്നത് ”നമ്മളൊന്ന് നാം ഒന്നാമത്’ എന്നാണ്. ശരിയാണ് പല തെറ്റായ പ്രവണതകളിലും കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നാണ്. തിന്മയില് ഈ സര്‍ക്കാര്‍ ഒന്നാമതുമാണ്. നരേന്ദ്രമോദി സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ അവര്‍ ഒന്നാണ്. നിയമസഭയില്‍ പ്രമേയം പാസാക്കിയത് തന്നെ തെളിവ്. പൗരത്വഭേദഗതി നിയമത്തിനെതിരെയും ഇവര്‍ ഒന്നാണ്. ഇടതുസര്‍ക്കാരിന്റെ ജനവഞ്ചനകള്ക്കെല്ലാം പ്രതിപക്ഷവും ഒത്താശചെയ്യുമ്പോള്‍ നാം ഒന്നാണെന്ന് ധൈര്യപൂര്‍വം പിണറായിക്ക് അവകാശപ്പെടാം. ജിഷ മുതല്‍ ഉത്രവരെയുള്ള കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതാണ് ക്രമസമാധാനപാലന വിജയമായി അവകാശപ്പെടുന്നത്. ജിഷയുടെ ഘാതകനായി പിടിക്കപ്പെട്ടത് ഒരു പരദേശിയായതിനാല് രക്ഷപ്പെട്ടു. പ്രതി സ്വദേശി തന്നെയാണോ എന്ന സംശയം ആ സമയത്തുണ്ടായിരുന്നു. പിടിക്കപ്പെട്ടത് യഥാര്‍ഥ പ്രതിയല്ലെന്ന് പറയാന്‍ പ്രതിപക്ഷത്തിന് ധൈര്യം നല്‍കാത്തത് യഥാര്‍ഥ പ്രതിയെക്കുറിച്ച് അവര്‍ക്കും ചില സൂചന കിട്ടിയതുകൊണ്ടാകാം. ഈ കേസില്‍ നമ്മളൊന്നാണെന്ന് ഇരുവരും തെളിയിച്ചു. ജിഷയ്ക്കും ഉത്രയ്ക്കും ഇടയില്‍ ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. നീതിലഭിക്കാത്ത ആത്മാക്കള്‍ക്ക് അവരെക്കുറിച്ച് ഓര്‍ക്കാനും പറയാനും ആരുമില്ലല്ലോ എന്നോര്‍ത്ത് നെടുവീര്‍പ്പിടാം.
ഇടതുമുന്നണി സര്‍ക്കാറും ദുരന്തമായാണ് എത്തിയത്. അത് പല വേഷത്തിലും രൂപത്തിലും ജനങ്ങളെ പ്രതികൂലമായി ബാധിച്ചുകൊണ്ടേയിരിക്കുന്നു. ഓഖി, ഒന്നാം പ്രളയം, രണ്ടാം പ്രളയം. കഷ്ടനഷ്ടങ്ങള്‍ വന്നവര്‍ നിരവധി. കുറേപ്പേര്‍ക്ക് ആശ്വാസം കിട്ടി. നിശ്വാസത്തിനുപോലും കെല്‍പ്പില്ലാതെ അധിലധികം പേര്. പണ്ട് സുനാമി ഫണ്ട് വെട്ടിച്ചവരാണ് ഇന്നത്തെ പ്രതിപക്ഷം. കടലില്ലാത്ത കോട്ടയത്തും ഇടുക്കിയിലും വരെ സുനാമി ഫണ്ട് ചെലവാക്കിയ വന്വന്മാരാണവര്. അവരിന്ന് പ്രളയ ഫണ്ടിനെക്കുറിച്ച് വാചാലമാകുമ്പോള്‍ ഏശാന്‍ പോകുന്നില്ല. അഴിമതി വിരുദ്ധതയാണ് എല്‍ഡിഎഫ് മുഖമുദ്രയെന്ന് അവകാശപ്പെടും. യുഡിഎഫില്‍ നിന്നും ഒട്ടും ഭിന്നമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍. ഈ സര്‍ക്കാറില്‍ നിന്ന് മന്ത്രിമാര്‍ രാജിവച്ചല്ലൊ. 4 വര്‍ഷത്തെ പട്ടികയില്‍ പിണറായിയ്ക്ക് അതുകൂടി ചേര്‍ക്കാമായിരുന്നില്ലെ? ഒന്നാമത്തെ സംഭവമാണ് മന്ത്രിസഭ ബഹിഷ്കരിക്കുന്ന മന്ത്രിമാരുടെ നടപടി. അതും പട്ടികയില്‍ ചേര്‍ക്കാവുന്നതാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ സമീപനവും സഹായവുമാണ്ഇടതു സര്‍ക്കാരിന് മുട്ടുനിവര്ത്താന് കെല്‍പ്പുണ്ടാക്കിയത്. എന്നിട്ടോ കേന്ദ്രത്തിനെതിരെ കുന്തമെറിയാനാണ് ആവേശം. ദാരിദ്ര്യനിര്‍മാര്‍ജനം പാര്‍പ്പിട സജ്ജീകരണം, ശുചീകരണം, കൃഷി വിപുലീകരണം, വ്യവസായ വികസനം, അടിസ്ഥാന വികസനം, ഐടി മേഖല, തുടങ്ങി ഇപ്പോള്‍ അവകാശപ്പെടുന്ന പുരോഗതിക്കെല്ലാം കാരണം കേന്ദ്രത്തിന്റെ ഉദാരസമീപനമാണ്. അതിന് നന്ദിപറഞ്ഞില്ലെങ്കിലും വേണ്ട, നിന്ദിക്കാതിരിക്കാമല്ലോ. അതല്ലെ മാന്യതയും മര്യാദയും. കോവിഡിനെ നേരിടുന്നതില്‍ ഒന്നാമതെന്ന് അവകാശപ്പെട്ടോളൂ. അതില്‍ മറ്റുപലരുമുണ്ട്. ഇന്ത്യ ഒന്നാകെ അതൊറ്റക്കൊട്ടായി പ്രയത്നിക്കുന്നു എന്നത് വിസ്മരിക്കാതിരിക്കാന്‍ സാധിക്കേണ്ടതല്ലെ. അതൊന്നുമില്ലാതെ വെറുമൊരു ‘എട്ടുകാലി’യാകുന്നത് ഭൂഷണമേ ആകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: