ചണ്ഡിഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. ചണ്ഡിഗഡിലെ ആശുപത്രിയില്‍ ഇന്നലെ രാവിലെ 6.30 നായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്് ചികിത്സയിലായിരുന്നു.
ഇന്ത്യക്ക് മുന്ന് തവണ ഒളിമ്പിക്സ് സ്വര്‍ണം നേടിക്കൊടുത്ത താരമാണ്. ഒളിമ്പിക്സ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന് റെക്കോഡും ഇപ്പോഴും ബല്‍ബീറിന് സ്വന്തമാണ്.
രണ്ട് വര്‍ഷമായി ശ്വാസകോശ സംബന്ധമായി അസുഖത്തിന് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മെയ് എട്ടിനാണ് അദ്ദേഹത്തെ ഇവിടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ആശുപത്രിയില്‍ വച്ച്് രണ്ട് തവണ ഹൃദയാഘാതവും തലച്ചോറില്‍ രക്തസ്രാവവുമുണ്ടായി. ഇന്നലെ രാവിലെ 6.30 ന് അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബല്‍ബീര്‍ സിങ് അംഗമായ ഇന്ത്യന്‍ ടീം ലണ്ടന്‍ (1948), ഹെല്‍സിങ്കി (1952), മെല്‍ബണ്‍ (1956) ഒളിമ്പിക്സുകളിലാണ് സ്വര്‍ണം നേടിയത്. ഹെല്‍സിങ്കി ഒളിമ്പിക്സ് ഫൈനലില്‍ നെതര്‍ലന്‍ഡിനെതിരെ അഞ്ചു ഗോളുകള്‍ നേടിയാണ് ബെല്‍ബീര്‍ റെക്കോഡിട്ടത്. ഒളിമ്പിക്സ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇന്നും ബല്‍ബീര്‍ സിങ്ങിന്റെ പേരില്‍ തന്നെയാണ്. മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ബല്‍ബീര്‍ പരിശീലകനായി. ബല്‍ബീറിന്റെ ശിക്ഷണത്തില്‍ കളിച്ച ഇന്ത്യന്‍ ടീം 1971 ലെ ലോകകപ്പില്‍ വെങ്കലം നേടി. 1975 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ മാനേജരായിരുന്നു അദ്ദേഹം.
ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഇന്റര്‍ നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി തെരഞ്ഞെടുത്ത പതിനാറ് ഇതിഹാസ താരങ്ങളില്‍ ഒരാളായിരുന്നു ബല്‍ബീര്‍. 1957 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. പന്നീട് ധ്യാന്‍ചന്ദ് പുരസ്കാരവും നേടി.
പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ബല്‍ബീറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബല്‍ബീറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകിട്ട് സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: