‘നിങ്ങള്‍ ഈ ഭൂമിയില്‍ വന്നതിന് അടയാളമെന്തെങ്കിലും അവശേഷിപ്പിച്ചു പോകുക.’ സ്വാമി വിവേകാനന്ദന്റെ ഈ വാക്കുകള്‍ അന്വര്‍ഥമാക്കിയാണ് പ്രവ്രാജിക അജയപ്രാണ മാതാ ഈ ലോകത്തു നിന്നും യാത്രയായത്. ശ്രീശാരദാ മഠങ്ങളിലും ശ്രീരാമകൃഷ്ണ ശാരദാമിഷനിലും സമാദരണീയയായിരുന്ന ആ ആത്മീയ തേജസ്സ് ലോകമൊന്നാകെ മഹത്തായ ആധ്യാത്മിക സമ്പത്ത് പകര്‍ന്നു നല്‍കിയാണ് വിടവാങ്ങിയത്. തൃശൂരിലെ ആശ്രമവിദ്യാലയത്തില്‍ അധ്യാപികയായെത്തിയ മാതാജിയുടെ കര്‍മരംഗം ശ്രീശാരദാമഠങ്ങളുടെയും ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെയും ആഗോള ഉപാധ്യക്ഷ തലത്തിലേക്ക് ഉയരുകയായിരുന്നു.
1973 ലാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള ആദേശമനുസരിച്ച് മാതാജിയുടെ പരിശ്രമത്താല്‍ തിരുവനന്തപുരത്ത് തൈക്കാടുള്ള ശ്രീശാരദാ മിഷന് സ്ഥാപിതമായത്. അക്കാലത്ത് മാതാജി നടത്തിയ പ്രഭാഷണങ്ങളും ആധ്യാത്മിക പഠനങ്ങളും ശ്രവിക്കാന്‍ ഒരു കൂട്ടം അമ്മമാര്‍ പതിവായി അവിടെ കൂടിയിരുന്നു. ക്രമേണ അവിടെ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. 1982 ല്‍ ശാരദാമഠത്തിന്റെ കൊല്‍ക്കത്തയിലുള്ള ആസ്ഥാനത്തു നിന്ന് ശാരദാ മഠം തുടങ്ങാനായി വിദേശത്തേക്ക് അയച്ചു. ആസ്ട്രേലിയയിലെ സിഡ്നിയിലേക്കായിരുന്നു നിയോഗിച്ചത്. അവിടെ മുപ്പതു വര്‍ഷത്തെ സേവനത്തിലൂടെ വിപുലമായൊരു ശിഷ്യസമ്പത്ത് ഉണ്ടാക്കാന്‍ മാതാജിക്ക് കഴിഞ്ഞു. വിശ്രമ ജീവിതം നയിക്കാന്‍ ഇവിടെ തിരിച്ചെത്തിയ ശേഷം മാതാജിയുടെ ജന്മദിനത്തില് സ്നേഹാദരങ്ങളര്പ്പിക്കാന് ഈ ശിഷ്യഗണങ്ങള്‍ എത്താറുണ്ട്.
കേരളത്തില്‍ എത്തിയ ശേഷം തൃശൂര്‍ ശാരദാശ്രമത്തിന്റെ അധ്യക്ഷയായി നിയോഗിച്ചെങ്കിലും താമസിച്ചിരുന്നത് ഏറെയും തിരുവനന്തപുരത്ത് തൈക്കാടുള്ള ശാരദാമിഷനിലാണ്. മാതാജിയുടെ ആരോഗ്യാവസ്ഥയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് തിരുവനന്തപുരത്തേത്. അനന്തപുരിയിലെ ആശ്രമ ഭക്തര്‍ക്ക് അത് അനുഗ്രഹമായി. മന്ത്രദീക്ഷനല്കുവാന് അധികാരമുള്ള രണ്ടുമൂന്നു പേരില്‍ കേരളത്തില്‍ നിന്നുള്ള ഏക സംന്യാസിനിയായിരുന്നു മാതാജി. സുന്ദരമായ ശെലിയില്‍ ആവിഷ്കരിച്ചവയായിരുന്നു മാതാജിയുടെ പ്രസംഗങ്ങള്‍. ഉണര്‍വും ആത്മജ്ഞാനവും ആത്മവിശ്വാസവും പകരുന്നു സാഹിത്യ സൃഷ്ടികളും മാതാജി സംഭാവന ചെയ്തു.
സംശയങ്ങള്‍ക്കും സമസ്യകള്‍ക്കും ഉത്തരം നല്കി താങ്ങും തണലുമായി വര്‍ത്തിച്ച മാതാജിയുടെ വിയോഗം ആശ്രമഭക്തര്ക്ക് താങ്ങാവുന്നതിലേറെയായിരുന്നു. ‘സന്തോഷമായിരുന്നാല്‍ ലോകത്തിനും നമ്മള് സന്തോഷം പ്രദാനം ചെയ്യുന്നു’വെന്നായിരുന്നു മാതാജി ഉദ്ബോധിപ്പിച്ചിരുന്നത്. ആധ്യാത്മിക മൂല്യങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താനുള്ള ‘ടിപ്സു’കളായിരുന്നു മാതാജിയുടെ പ്രഭാഷണങ്ങള്‍. ആ മൊഴി മുത്തുകളുടെ സമാഹരണമാണ് 2018 ല്‍ പ്രസിദ്ധീകരിച്ച ‘ആത്മജ്ഞാനത്തിലേക്കുള്ള പ്രയാണം’ എന്ന പുസ്തകം.
കഴിഞ്ഞ മെയ് 11നാണ് അനാരോഗ്യത്തെ തുടര്‍ന്ന് ശാസ്തമംഗലം രാമകൃഷ്ണാശുപത്രിയില് മാതാജിയെ പ്രവേശിപ്പിച്ചത്. അടുത്തദിവസം താന്‍ യാത്രയാകുമെന്ന് മെയ് 13 ന് മാതാജി ശിഷ്യരോട് പറയുകയുണ്ടായി. അത് യാഥാര്‍ഥ്യമായി. 14 ന് ഉച്ചയ്ക്ക് മാതാജി മഹാസമാധിയായി. ലോകസേവനത്തിനായി സമര്‍പ്പിച്ച ആദര്‍ശ പൂര്‍ണമായ ആ ജീവിതം ധന്യം! ധന്യം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: