അനാദികാലം മുതല്‍ മണ്ണിന്റെ ഉപ്പായി മാറുന്ന ചില മഹത് വ്യക്തിത്വങ്ങളുണ്ട്. ഭൗതിക ശരീരം ഉപേക്ഷിക്കുമ്പോഴാണ് ഇവരെ ലോകം കൂടുതല്‍ അറിയുക. ആകാശത്തില്‍ നക്ഷത്രങ്ങള്‍ എന്നപോലെ ഭാരതീയ നഭോമണ്ഡലത്തെ പ്രകാശമാക്കുന്ന ധാരാളം മഹാത്മാക്കള്‍ നമുക്കുണ്ട്. അവരുടെ ശ്രേണിയിലേക്ക് പൂജനീയ അജയപ്രാണ മാതാജിയും അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 14ന് ഭഗവത് പാദങ്ങളില്‍ വിലയം പ്രാ
പിച്ച മാതാജി ആദ്ധ്യാത്മിക മണ്ഡലത്തിന് സ്നേഹ സമ്പന്നയായ ആദ്ധ്യാത്മിക ഗുരുവായിരുന്നു. ശ്രീശാരദാ മഠത്തിന്റെയും ശ്രീരാമകൃഷ്ണ ശാരദാമിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ്വ് പകര്‍ന്ന വ്യക്തിത്വമാണ്. പ്രസിഡന്റ് പദവിയിലിരുന്നു വിവിധ മേഖലകളില്‍ ആര്‍ഷ സംസ്കാരം പകര്‍ന്ന് നല്കാന് ഈ ജന്മത്തിന് കഴിഞ്ഞു.
ആധുനിക യുഗത്തിന്റെ സാങ്കേതിക വിപ്ലവത്തിന്റെ ലോകത്ത് മാതാജിയെ പോലെയുള്ളവരുടെ ജന്മങ്ങള് വളരെ പ്രസക്തമാണ്. എന്നാല്‍ ചിലകോണുകളിലെങ്കിലും എല്ലാകാലത്തും ഈ ഗുരുപരമ്പരകളുടെ ചിന്താസാന്നിധ്യങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ ഉടലെടുക്കാം. യുക്തിയുടെയും ന്യായത്തിന്റെയും തര്‍ക്കത്തിന്റെയും അളവ് കോലില്‍ ഉള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. അതിനാല്‍ ഇതിനും വ്യക്തമായ ഉത്തരം നല്കാന് നമ്മുടെ ആര്‍ഷ സംസ്കാരത്തിന് ആകും. സമകാലിക ലോകത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ തന്നെ ഈ സംശയങ്ങളുടെ ഉത്തരങ്ങളുണ്ട്. സാങ്കേതിക ഭൗതിക സാഹചര്യങ്ങള്‍ അടങ്ങിയ കുടുംബങ്ങളില്‍ യൗവ്വനയുക്തരായ മക്കളും വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളും നാളത്തെ പ്രതീക്ഷകളാകുന്ന കുട്ടികളും അടങ്ങുന്നു. ഇവയില്‍ എല്ലാ ഘടകങ്ങളും ഒരു മാതൃകാകുടുംബത്തിന്റെ അനിവാര്യതകളാണ്. കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലും മാതാപിതാക്കളുടെ തലോടലുകളും ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ദൃഢതയും ഒരുകുടുംബത്തിന്റെ കെട്ടുറപ്പിന്റെ നല്ലമാതൃകകളാണ്.
ഇതിനെക്കാള്‍ പ്രധാനമാണ് ആത്മസാക്ഷാത്കാരം സിദ്ധിച്ച മഹാഗുരുക്കന്മാര്. തപസ്വികളായ അവരുടെ ജോലിതന്നെ ജീവിതത്തെ പഠിപ്പിക്കലാണ്. ശരീരതലത്തെ അതിക്രമിച്ച് മാനസികവും ബൗദ്ധികവും ആത്മീയവുമായ തലങ്ങളെ സാക്ഷാത്കരിച്ച് ജീവിതവും കുടുംബവും സാര്‍ത്ഥകവും കൃതാര്‍ത്ഥവുമാക്കാന്‍ മഹാത്മാക്കള്‍ വഹിക്കുന്ന പങ്ക് വാക്കുകള്‍ക്ക് അതീതമാണ്. മനുഷ്യനെ ദേവനായി പരിവര്‍ത്തനപ്പെടുത്തുകയാണ് അവര്‍. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണമെങ്കില്‍ ജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ടിന്റെ പക്വതയിലേക്ക് എത്തണം. നമ്മുടെ സ്വഭാവത്തിലേക്ക് ആത്മജ്ഞാനം പകര്‍ന്ന് നല്‍കുകയാണ് ഇവര്‍ അതുകൊണ്ട് തന്നെ അജയ പ്രാണാമാതാജി പറഞ്ഞ രണ്ട് മൂന്ന് ഉപദേശങ്ങള്‍ എക്കാലത്തും പ്രസക്തമാണ് നാം ഏവരും പ്രാര്‍ത്ഥിക്കുന്നവരാണ്.സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടിയാകരുത് നമ്മുടെ പ്രാര്‍ത്ഥന.
ഇക്കാര്യം വിശദമാക്കാന്‍ ഒരു കഥയും വിസ്തരിക്കുന്നു. ഹിമാലയത്തിലെ ഒരു ഗുഹയില്‍ ചെറുപ്പക്കാരനായ ഒരു സംന്യാസി ഉണ്ടായിരുന്നുവത്രെ. ഭക്ഷണത്തിന് ഭിക്ഷ സ്വീകരിക്കാന്‍ ഏറെ താഴേക്ക് അദ്ദേഹത്തിന് ഇറങ്ങിവരേണ്ടിയിരുന്നു. എന്നാല്‍ ഒരു കുതിരയുണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നതിനാല്‍ അദ്ദേഹം ഇക്കാര്യം പ്രാര്‍ത്ഥിച്ചു. ഉടന്‍തന്നെ ഇവിടേക്ക് വന്ന പട്ടാളക്കാരന് പിറന്ന് വീണ ഒരു കുതിരക്കുട്ടിയെ അദ്ദേഹത്തിന് കൈമാറി. കുതിരയുടെ സംരക്ഷണം അങ്ങനെ സംന്യാസിയുടെ ചുമലിലായി. ചുരുക്കത്തില്‍ കുട്ടിക്കുതിര സംന്യാസിക്ക് ഒരു ബാധ്യതയായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് മാതാജി ഈ കഥപറയാറുണ്ടായിരുന്നു. ഇത് ചിലരുടെയെങ്കിലും അവസ്ഥയുമായി സാമ്യമുണ്ടായിരുന്നു. ഈശ്വരന് നേരിട്ട് വന്ന് സഹായിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ വേഷപ്രച്ഛന്നനായിവന്ന് ഭക്തരെ അനുഗ്രഹിക്കാനാണ് ഭഗവാന് ഇഷ്ടമെന്ന് മാതാജി പറയുന്നു. ഇത് തിരിച്ചറിയാന്‍ ഹൃദയവിശാലതയും ആത്മാര്‍ത്ഥതയും നമുക്ക് വേണം
മനുഷ്യജീവിതത്തില്‍ മഹത്തായ കാര്യങ്ങള്‍ നേടണം എങ്കില്‍ അപാരമായ ക്ഷമയും അസാമാന്യ ധൈര്യവും അത്യധികം പരിശ്രമവും കൂടിയേ തീരൂ . വിവേകാനന്ദസ്വാമിജിയുടെ വാക്കുകള്‍ മാതാജി പലപ്പോഴും ഉദ്ധരിക്കാറുണ്ട്. വില്ലിലിരിക്കുന്ന അമ്പില്‍ നമുക്കാണ് നിയന്ത്രണം. അതുപോലെ നമ്മുടെ ഭാവിമെച്ചപ്പെടുത്താനും നശിപ്പിക്കാനും നമുക്ക് കഴിയും. അതുകൊണ്ട് ഒരോ ചുവടുവെയ്പ്പും കരുതലോടെവേണം. ഇന്ന് മാതാജിയുടെ ഓര്‍മ്മകള്‍ പങ്ക് വെയ്ക്കുന്ന സമാരാധനയുടെ ദിനമാണ്. കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകള്‍ വിവിധ ഇടങ്ങളില്‍ നടക്കും. തൈക്കാട്ടെ ആശ്രമത്തില്‍ ഹോമവും യതിപൂജയും നടക്കും.
വിവേകാനന്ദസ്വാമിയുടെ വാക്കുകള്‍ നെഞ്ചിലേറ്റി ശ്രീരാമകൃഷ്ണ ദേവന്റെയും ശാരദാദേവിയുടെയും ജീവിത ആദര്‍ശങ്ങള്‍ മുന്‍നിര്‍ത്തി ലോക നന്മയ്ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച മാതാജിയുടെ കാല്പാടുകള് നമുക്കും പിന്തുടരാം.
വിശ്വദേവപ്രാണ മാതാജി
(മാവേലിക്കര ശാരദാമഠം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: