കാസര്‍കോട്: ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധി കണക്കിലെടുത്ത് കേരളത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി അനുവദിച്ച പലിശരഹിത വായ്പ ബോധപൂര്‍വം വൈകിപ്പിക്കുന്ന ജില്ലയിലെ ചില ബാങ്കുകളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
പല കാരണങ്ങളുമുണ്ടാക്കി കുടുംബശ്രീ വായ്പാ അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുകയാണ്. വായ്പ ലഭിക്കാന്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പുവെക്കണമെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ജില്ലയിലെ ചില ബാങ്കുകള്‍ 1000 രൂപയുടെ മുദ്രപത്രം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ്.
200 രൂപയുടെ മുദ്രപത്രം വാങ്ങി ബാങ്കില്‍ എത്തുന്നവരെ ഇതുപോരെന്നും ആയിരം രൂപയുടെ മുദ്രപത്രം വേണമെന്നും പറഞ്ഞ് തിരിച്ചയക്കുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവരോട് ബാങ്കിലെ നിയമം ഇതാണെന്നും അംഗീകരിച്ചില്ലെങ്കില്‍ വായ്പ കിട്ടില്ലെന്നുമാണ് ഭീഷണി. വായ്പയെടുക്കുന്ന കുടുംബശ്രീകളിലെ എല്ലാ അംഗങ്ങളും ബാങ്കിലെത്തണമെന്ന നിര്‍ബന്ധവും അപേക്ഷകരെ വലയ്ക്കുന്നു.
110 കോടി രൂപയാണ് കുടുംബശ്രീ വായ്പക്കായി കാസര്‍കോട് ജില്ലക്ക് അനുവദിച്ചത്. ജില്ലയില്‍ ആകെയുള്ള കുടുംബശ്രീകളുടെ എണ്ണം 10931 ആണ്. 175043 കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്. 9396 കുടുംബശ്രീകളാണ് വായ്പ ആവശ്യപ്പെട്ടത്. 109843 പേര് വായ്പക്ക് അപേക്ഷ നല്കി. ഇതുവരെ നല്കിയ വായ്പ 4.87 കോടിയാണ്. 442 കുടുംബശ്രീകള്‍ക്ക് മാത്രമാണ് വായ്പ ലഭിച്ചത്. മുന്‍ഗണനാക്രമം അനുസരിച്ച് 5000 മുതല്‍ 20,000 രൂപ വരെ വായ്പ മൂന്ന് വര്‍ഷത്തേക്ക് പലിശയില്ലാതെ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: