കാസര്‍കോട്: കര്‍ണാടകയിലുള്ള കാസര്‍കോട് ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുള്ള ബസ് സൗകര്യം ജില്ലാഭരണകൂടം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു പറഞ്ഞു. പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ മെയ് 25ന് രാവിലെ പത്തിന് മുമ്പ് മഞ്ചേശ്വരം തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തണം. ഇവരെ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തുന്ന പ്രത്യേകം കെഎസ്ആര്‍ടിസി ബസുകളില്‍ അതത് വിദ്യാലയങ്ങളില്‍ എത്തിക്കും. പത്താംതരം പരീക്ഷ എഴുതേണ്ട 297 വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതില്‍ 33 കുട്ടികള്‍ സ്വന്തമായി എത്തി പരീക്ഷ എഴുതാമെന്ന് അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 264 പത്താംതരം വിദ്യാര്‍ഥികളും കര്‍ണാടകയിലുള്ള പ്ലസ്ടു വിദ്യാര്‍ത്ഥികളും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ പരീക്ഷയെഴുതുന്ന വിദ്യാലയത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതിയ്ക്കായി രജിസ്റ്റര്‍ ചെയ്യണം.
ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സബ്കളക്ടര്‍ പാസ് അനുവദിക്കും. പാസ് ലഭിക്കാന്‍ കാലതാമസം ഉണ്ടായാലും രജിസ്റ്റര്‍ ചെയ്ത രേഖയുമായി മെയ് 25 ന് രാവിലെ പത്തിന് മുമ്പ് തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്താംതരം വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ നിവാരണത്തിനും രജിസ്റ്റര്‍ ചെയ്യുന്നതിനും മഞ്ചേശ്വരം എഇഒ ദിനേശനെ നോഡല്‍ ഓഫീസറായി (94963 58767) നിയമിച്ചു.
പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സംശയ ദൂരീകരണത്തിനും രജിസ്റ്റര്‍ ചെയ്യുന്നതിനും ബേത്തൂര്‍പ്പാറ ഗവ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശശിയെ (9539412753). നോഡല്‍ ഓഫീസറായി നിയമിച്ചു. വി.എച്ച്.എസ്.ഇ പരീക്ഷ എഴുതേണ്ട ആരും കര്‍ണാടകയില്‍ കുടുങ്ങിയിട്ടില്ല. തലപ്പാടിയില്‍ നിന്ന് പ്രത്യേകമേര്പ്പെടുത്തുന്ന കെഎസ്ആര്‍ടിസി ബസിലായിരിക്കും ഇവരെ അതത് സ്കൂളിലെത്തിക്കുക. ഒരു ബസില്‍ 30 വിദ്യാര്‍ത്ഥികള്‍ എന്ന ക്രമത്തിലാണ്. കെഎസ്ആര്‍ടിസി ബസ് ക്രമീകരിക്കുക. ഇതിനായി എസ്ഡിആര്എഫില് നിന്ന് തുക വകയിരുത്തി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. സ്കൂളിലെത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളെ കോവിഡ് 19 ജാഗ്രത മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരീക്ഷ എഴുതിക്കുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുവര്‍ത്തിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ നല്കി. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: