മാവുങ്കാല്‍: ലോകം മഹാമാരിയില്‍ വിറച്ചു നില്‍ക്കുമ്പോഴും കോട്ടപ്പാറ വാഴക്കോട് പ്രദേശത്തെ കുട്ടികളും അമ്മമാരും അവരുടെ കലാപ്രകടനങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ കൂടി കാഴ്ചവെച്ചതോടെ ഒരു നാട് തന്നെ ഇന്ന് ഉത്സവാന്തരീക്ഷത്തില്‍ മുഴുകിയിരിക്കുകയാണ്. വാഴക്കോട് വിവേകാനന്ദ ബാലഗോകുലം പ്രതിഭ 2020 എന്ന പേരിലാണ് വാട്സ്ആപ്പ് കൂട്ടായ്മയില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.
വാഴക്കോട് പ്രദേശത്തെ അയോധ്യ, കാശി, മധുര, ദ്വാരക, വൈശാലി എന്നി അഞ്ച് ഘടകമായി തിരിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടികള്‍ മുതല്‍ 100 വയസ്സുള്ള അപ്പൂപ്പന്മാര് വരെ പരിപാടിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഏപ്രില്‍ 28 നാണ് പ്രതിഭ 2020 തുടക്കം കുറിച്ചത്.
ബാലഗോകുലത്തിന്റെ പ്രാര്‍ത്ഥന മത്സരത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാട്ടു മത്സരം, കഥപറയല്‍, ഏക അഭിനയം, മിമിക്രി, ചിത്രരചന, സിനിമാഗാനം, ഗണഗീതം, ഭജന, ഭക്തിഗാനങ്ങള്‍, ഭഗവത്ഗീത പാരായണം, യോഗ, സംഘ പ്രാര്‍ത്ഥന, നാടന്‍ പാട്ട്, നാട്ടീ പാട്ട്, നൃത്തങ്ങള്‍, പ്രസംഗം കരകൗശല അലങ്കാര വസ്തു നിര്‍മാണം, ലളിതഗാനം, ടിവി വാര്‍ത്താ അവതരണം, സന്ധ്യാനാമം, ഗൃഹാന്തരീക്ഷം വ്യവസ്ഥകള്‍ അമൃതവചനം, ചെറുനാടകം ദേശഭക്തിഗാനങ്ങള്‍ തുടങ്ങി 37 ഓളം മത്സരങ്ങളിലായി 200 ഓളം പേര് പങ്കെടുത്തു.
ഓരോ ദിവസവും നടക്കേണ്ട മത്സരങ്ങള്‍ തലേന്ന് രാത്രി തന്നെ പരിപാടികളുടെ വിവരണം നല്‍കും. അതാത് ദിവസം നിശ്ചിത സമയത്തിനുളില്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ഗ്രൂപ്പില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേര്‍തിരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ വിജയികളാക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് അതാതു ദിവസം തന്നെ സമ്മാനങ്ങള്‍ നല്കി.
ഗോകുലം പ്രതിഭയായി മധുര ഘടയിലെ എം.വി നിരഞ്ജനം, തിലകമായി കെ. ശ്രേയ തെരഞ്ഞെടുത്തു. സമാപന യോഗത്തില്‍ ബാലഗോകുലം ജില്ലാ കാര്യദര്‍ശി പി.മധു പ്രഭാഷണം നടത്തി. വൃന്ദ അദ്ധ്യക്ഷത വഹിച്ചു. സംയോജകന്‍ ശിവപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്ഷയ് സ്വാഗതവും അഞ്ജന നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: